ലേഖനം: നിര്‍ണ്ണയപ്രകാരമുള്ള വേഗത

രു ചിത്രശലഭത്തിന്റെ ചാക്രീക ജീവിത വ്യവസ്ഥ വ്യത്യസ്തമാണ്. മുട്ടയില്‍ നിന്ന് ആദ്യമത് പുഴുവായി പുറത്തുവരുന്നു. വല്ലാത്തൊരു ആര്‍ത്തിയോടെ അത് ഇലകള്‍ തിന്നു തീര്‍ക്കുന്നു. പിന്നീടത് ഒരു സമാധിയെന്നപോലെ പ്യൂപ്പയായിമാറുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഈ പ്യൂപ്പപൊട്ടി, ഇളകി ശലഭം താഴേക്ക് പതിക്കുന്നു. ഇങ്ങനെ താഴേക്ക് വീഴുമ്പോള്‍ അതിന്റെ ചിറകുകളിലെ ജലാംശം ഉണങ്ങി പറന്നുയരുവാന്‍ തക്കവണ്ണം അത് കരുത്താര്‍ജ്ജിക്കുന്നു. തടര്‍ന്നാണ് വര്‍ണ്ണചിരകുകളുമായി വിതാനത്തേക്ക് ആ ശലഭം പറന്നുയരുന്നത്.
മുട്ടയില്‍ നിന്ന് ശലഭമായി അത് രൂപാന്തരപ്പെടുവാന്‍ എടുക്കുന്ന സമയത്തിന് കൃത്യമായ ഒരു വേഗതയുണ്ട്. ആ വേഗത കൂടുകയോ കുറയുകയോ ചെയ്താല്‍ അത് ശലഭമായി മാറ്റപ്പെടുകയില്ല. എന്നാല്‍ ഒരിക്കല്‍ ഒരു പ്യൂപ്പയില്‍ നിന്ന് ശലഭം പുറത്ത് വരാന്‍ പരിശ്രമിക്കുന്നതു കണ്ട് മനസ്സിലിഞ്ഞ ഒരു ബാലന്‍ ശലഭത്തെ സഹായിക്കുവാന്‍ തുനിഞ്ഞ കഥ നാം കേട്ടിട്ടുളളതാണ്. ആ ബാലന്‍ പ്യൂപ്പയുടം പുറം ചട്ട മെല്ലെ ഇളക്കികൊടുത്ത്, ശലഭത്തെ വേഗം പുറത്തിറക്കി. എന്നാല്‍ ചിറകു വിടരാതെ പറക്കുവാന്‍ കഴിയാതെ അത് ചത്തു പോകുകയാണുണ്ടായത്.
സ്വന്ത പരിശ്രമത്തിലൂടെ ആ പ്യൂപ്പയെ മെല്ലെ മല്ലെ പൊട്ടിച്ചെങ്കില്‍ മാത്രമെ ആ ശലഭത്തിന് പറക്കുവാനുളള ശേഷി കൈവരുമായിരുന്നുളു. ദര്‍ശനത്തിലും ഇതു പോലൊരു ക്രമം പാലിക്കപ്പെടുന്നുണ്ട്. ദര്‍ശനം ലഭിക്കുവോളം അതിനായി നാം കാത്തിരിക്കേണ്ടത് ആവശ്യമാണ്. ദര്‍ശനം പൂര്‍ണ്ണമായി ഏറ്റെടുത്തു കഴിയുമ്പോള്‍ വിവിധമാര്‍ഗ്ഗങ്ങളുടെ സഹായത്തോടെ നാം അതിനെ നടപ്പില്‍ വരുത്തുവാന്‍ തുടങ്ങും. ഒരിക്കല്‍ ദര്‍ശനത്തിന്റെ execution ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ സമാപ്തിക്കായി (result) അത് നമ്മെ വഹിച്ചുകൊണ്ട് പോകും. അപ്പോഴുളള വേഗത ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഒരേ ദര്‍ശനത്തിന്റെ ഭാഗമായി ഇരുന്നാല്‍ പോലും അത് നടപ്പില്‍ വരുത്തുമ്പോള്‍ ഉളള വേഗത ഒരേ ക്രമത്തിലായിരിക്കുകയില്ല.
വേഗം ഫലം കാണുവാനായി നാം ദര്‍ശനത്തെ മുന്നോട്ട് തളളുവാന്‍ തുടങ്ങിയാല്‍ വിപരീതഫലമാവും ഉണ്ടാവുക. ഒരു വ്യക്തിക്ക് ദൈവീക ദര്‍ശനം ലഭ്യമാകുന്നത് ദൈവത്തില്‍ നിന്നാണ്. ദര്‍ശനത്തെ ഒരു software ആയി കണ്ടാല്‍ അതിന്റെ ഓരോ ഭാഗങ്ങളും (components) തയ്യാറാക്കിയത് ദൈവം തന്നെയാണ്. ഒരു വ്യക്തിയിലേക്ക് അത് install ആയിക്കഴിയുമ്പോള്‍ അതിന്റെ ഓരോ പ്രവര്‍ത്തനങ്ങളും ദൈവത്തിന്റെ സങ്കല്പത്തിന് അനുസരിച്ചായിരിക്കും; അത് എത്ര സമയം കൊണ്ടാണ് പൂര്‍ത്തിയാകേണ്ടത് എന്നത് അടക്കം അതിലേക്ക് നാം നമ്മുടെ അമിതമായ ഉത്കണ്ഠ കൊണ്ട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ആ software ഉപയോഗശൂന്യമായിപ്പോവുകയേ ഉളളൂ.
ദൈവീക ദര്‍ശനവുമായി മുന്നോട്ടുപോകുന്ന ഏതൊരു വ്യക്തിയും ഒഴിവാക്കേണ്ട പ്രധാന ഘടകമാണ് ദര്‍ശനത്തോടുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന ഉത്കണ്ഠകള്‍. ദൈവം ദര്‍ശനം നല്‍കുമ്പോള്‍ തന്നെ അതിലെ ഓരോ ഘട്ടങ്ങളിലും നാം എത്തിച്ചേരുന്ന സമയം മുന്‍നിയമിക്കപ്പെട്ടതാണ്. അതേ വേഗതയില്‍ നാം സഞ്ചരിക്കണമെന്നാണ് ദൈവവും ആഗ്രഹിക്കുന്നത്.
ഒരു സഭ തുടങ്ങുവാനുളള ദര്‍ശനവുമായി അഭിഷിക്തന്‍ ഒരു സ്ഥലത്തെത്തുകയും അതിനുവേണ്ടതായ പ്രാരംഭനടപടികള്‍ ആരംഭിക്കുകയും ചെയ്തു എന്നു കരുതുക. വാടക കെട്ടിടത്തില്‍ ആരംഭിച്ച സഭ, സ്വന്തമായ കെട്ടിടത്തിലേക്ക് മാറുന്ന ദിവസം ദൈവം രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആ സഭയിലേക്ക് ആളുകള്‍ എങ്ങനെ കടന്നുവരണമെന്ന ദൈവീകമായ കൃത്യതയും ആ ദൈവദാസന് ലഭിച്ച ദര്‍ശനത്തില്‍ നക്ഷിപ്തമാണ്. അതിനെ മറികടന്ന്, മറ്റ് സഭകളെ താരതമ്യം ചെയ്ത് അപകര്‍ഷതയും ആകാംഷയും നിറഞ്ഞ് അദ്ദേഹം ആളുകൂടുവാനും സ്ഥലം വാങ്ങി പുതിയ സഭാമന്ദിരം പണിയുവാനും തിടുക്കം കാട്ടിയാല്‍ എന്തായിരിക്കും ഫലമെന്ന് നമ്മുടെ ചുറ്റുപാടുമുളള ചില സഭകളെ നീരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.
ദൈവീക ദര്‍ശനത്തെ പ്രായോഗികമാക്കുന്ന ഓരോ അഭിഷിക്തനും ആ ദര്‍ശനത്തിന് ദൈവം നല്‍കിയ വേഗതയെക്കുറിച്ച് ബോധ്യമുളളവരായിരിക്കണം. ഏല്പിച്ച ദൗത്യം അവന്‍ പറഞ്ഞ സമയത്തിന് മുന്‍പ് സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് ദൈവത്തെ സഹായിക്കേണ്ട കാര്യമില്ല. ഏന്തെങ്കിലും വാരിവലിച്ച് ചെയ്യാതെ ഏല്പിച്ചത് വളരെ കൃത്യമായി, ഒരു സംശയത്തിനും ചോദ്യത്തിനും ഇടവരാതെ ചെയ്യുമ്പോളാണ് പ്രാഗത്ഭ്യം വെളിപ്പെടുന്നത്. മൂന്ന് മാര്‍ക്കിന്റെ, അരപ്പേജില്‍ ഉത്തരം എഴുതാനുളള ചോദ്യത്തിന് ഒരു പേജോ രണ്ടു പേജോ എഴുതിയല്ല കഴിവു കാണിക്കേണ്ടത്. ആവശ്യമുളള പോയിന്റുകള്‍ മാത്രം ഉള്‍പ്പെടുത്തി അരപ്പേജില്‍ തന്നെ ഉത്തരം എഴുതുമ്പോഴാണ് അത് മൂന്ന് മാര്‍ക്ക് മുഴുവനും ലഭിക്കുന്നതിന് കാരണമാവുന്നത്.
ഗ്രൂപ്പ് വിഷനിലും വ്യക്തിപരമായി വിഷനിലും നിര്‍ണ്ണയിക്കപ്പെട്ട വേഗതയുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും ഉത്ണ്ഠ അഭിഷിക്തരില്‍ സംഭവിക്കാറുണ്ട്. അതിനെക്കുറിച്ച് അവബോധം നേടിയവര്‍ അപ്പോള്‍ തന്നെ അതിനെ ഒഴിവാക്കാനുളള നടപടികളും കൈക്കൊണ്ടിരിക്കും. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതെന്ന് യേശുനാഥന്‍ പറഞ്ഞിട്ടുണ്ടല്ലോ. അത് നമ്മുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമല്ല ദര്‍ശനത്തിലും നാം പാലിക്കേണ്ട ഒരു തത്വമാണ്. പ്രാപിച്ച ദൈവീക ദര്‍ശനത്തെ വീണ്ടും വീണ്ടും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതോടെ അതിന് കൂടുതല്‍ വ്യക്തത ഉണ്ടാവുകയും തുടര്‍നടപടികള്‍ സുഗമമാവുകയും ചെയ്യും.
വ്യക്തിപരമായ വിഷന്‍ കൈകാര്യം ചെയ്യുന്നവര്‍ ഉത്കണ്ഠ മൂലം ദൈവഹിതമല്ലാതെ ഒരു പടവിലേക്ക് കയറുമ്പോള്‍ അതു മൂലമുളള പ്രയാസങ്ങള്‍ നേരിടുന്നത് ചുരുക്കം ചിര്‍ക്ക് മാത്രമായിരിക്കും. അതേ സമയം ഇതേ പ്രശ്‌നം ഗ്രൂപ്പ് വിഷനില്‍ സംഭവിക്കുകയാണെങ്കില്‍ ഒരാളുടെ ആകാഷയും അതുമൂലമുളള പ്രവൃത്തിയും ആ ഗ്രൂപ്പിനെ മുഴുവന്‍ ദോഷമായി ബാധിക്കും.
യിസ്രായേല്‍ മക്കള്‍ മിസ്രയിം വിട്ട് യാത്ര തിരിക്കുമ്പോള്‍ അവിടെ നാം ആവര്‍ത്തിച്ചു കേള്‍ക്കുന്ന ഒന്നാണ് മരുഭൂമിയില്‍ ആരാധിക്കുവാന്‍ വേണ്ടി അവര്‍ പോകുന്നു എന്നത്. എന്നാല്‍ മരുഭൂമിയില്‍ വെച്ച് മോശെ, ദൈവത്തിന്റെ ക്ഷണപ്രകാരം പര്‍വ്വതത്തിലേക്ക് കയറിപോകുന്നതായി നാം കാണുന്നു. എങ്ങനെയാണ് യഹോവയാകുന്ന ദൈവത്തെ ആരാധിക്കേണ്ടത് എന്നും കൂടതെ മറ്റു നിയമങ്ങളും നല്‍കുവാനായിരുന്നു മോശെയെ ദൈവം പര്‍വ്വതത്തിലേക്ക് വിളിച്ചത്. എന്നാല്‍ മടങ്ങിവരുവാന്‍ മോശെ വൈകിയതോടെ ജനത്തില്‍ ചിലര്‍ ആരാധനയ്ക്കായി ഒരു കാളക്കുട്ടിയെ നിര്‍മ്മിക്കുന്നു. ഒടുവില്‍ എല്ലാവരും അത് മൂലമുണ്ടായ പാപത്തിലേക്ക് വഴുതിപ്പോയി. ഇവിടെ ചിലര്‍ക്കുണ്ടായ അമിതമായ ഉത്കണ്ഠയാണ് എല്ലാവരേയും വഴിതിരിച്ചു വിട്ടത്. ഒരു കൂട്ടം ആളുകള്‍ ഒരു കാഴ്ച്ചപ്പാടിനെ പിന്നനുഗമിക്കുമ്പോള്‍ അവരില്‍ ചിലര്‍ പെട്ടന്നുളള റിസള്‍ട്ടിനായി കാട്ടിയ പ്രവൃത്തികള്‍ ആ കൂട്ടത്തെ മുഴുവന്‍ ബാധിച്ചതായാണ് നാം ഇവിടെ കാണ്ടത്.
ദൈവം തരുന്ന ദര്‍ശനം നാം നമ്മുടെ അധ്വാനത്താല്‍ നേടിയതാണെന്നും അത് നമ്മുടെ സ്വകാര്യസ്വത്താണെന്നും ചിന്തിച്ച് സ്വാര്‍ത്ഥരാവുക മിക്കപ്പോഴും സാധാരണമാണ്. അത്തരം സ്വാര്‍ത്ഥതകളാണ് നമ്മെ വ്യര്‍ത്ഥമായ ആകുലതകളില്‍ കൊണ്ട് എത്തിക്കുന്നത്. നമ്മെ ഏല്‍പിച്ച ദൗത്യത്തെ നമ്മുടെ കരിയറായി കാണുമ്പോള്‍ അതിന്റെ വളര്‍ച്ച മറ്റുളളവരെക്കാള്‍ ഉയരത്തിലാവണമെന്നും നാം ആഗ്രഹിക്കും. അപ്പോള്‍ ദൈവം ഉദ്ദേശിച്ചിട്ടില്ലാത്ത പലതും ഭൗതീകമായ മണ്ഡലത്തില്‍ നിന്ന് നാം ചെയ്തു പോകും. ക്രമമായി നടക്കേണ്ട വളര്‍ച്ചയും വേഗതയും നമ്മുടെ താല്‍പര്യമനുസരിച്ചാകുമ്പോള്‍ അത് ദൈവീക ദൃഷ്ടിയില്‍ കുറ്റകരമായി മാറും. അങ്ങനെ നാം ദൈവീക ദര്‍ശനത്തെ അപമാനിക്കുന്നതിലേക്ക് നീങ്ങും. പലപ്പോഴും അമിതമായ ഒരു വേഗതയ്ക്കായി ഉത്കണ്ഠയും ആകുലതയും ഉണ്ടാകുമ്പോള്‍ ദൈവസന്നിധിയിലേക്ക് ഓടിച്ചെല്ലുന്നവരാണ് മുന്‍നിര്‍ണ്ണയിക്കപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.