ലേഖനം:അല്പം കൂടി വിവേകം കുറെ കൂടി മാന്യത | ഷാജി ആലുവിള

വിവേകവും മാന്യതയും തമ്മിൽ അഭേദ്യമായ ബന്ധം എന്നും ഉണ്ട്. ഒരു വ്യക്തി വിവേകത്തിലൂടെ (തിരിച്ചറിവ്) ആണ് വിവേകി ആയി തീരുന്നത്. കാര്യകാര്യവിവേചനവും, ആത്മാനാത്മവിചാരവും ആണ് വിവേകം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തിലും വ്യക്തിപരമായ ജീവിതത്തിലും മാന്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം ആണ് മാന്യൻ. അവർ വാക്കുകൾക്ക് വില കല്പിക്കയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യും. താൽക്കാലിക നേട്ടത്തിനും പിടിച്ചുനിൽപ്പിനും അവസരം നോക്കി വാക്കുമാറുന്ന അവസരവാദികളും എവിടെയും ഉണ്ട്. തൽക്കാലിക നിലനിൽപ്പ് അതിലൊക്കെ കണ്ടു എന്നു വന്നാലും കാലാന്തരത്തിൽ അതു കൈപ്പായ് ഭവിക്കും.
വിവേകികൾ വരും കാലങ്ങളെ ദീർഘവീക്ഷണത്തിൽ കാണുകയും സ്വയപര്യാപ്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യും. എന്നാൽ സ്വന്ത വിവേകത്തിൽ ഊന്നാതെ ദൈവീക പദ്ധതിക്കായി കാത്തിരിക്കുന്നതാണ് ഉചിതം എന്ന്‌ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. അതാണ് ഒരു ഭക്തന് യോഗ്യവും. സ്വന്തമായ നേട്ടത്തിൽ ആരും കൈകടത്താതിരിമകേണ്ടതിന് വാഗ്‌ദാനങ്ങൾ കൊണ്ട് പരീക്ഷണങ്ങൾ നടത്തി പ്രതികരണം മനസിലാക്കുന്ന കൗശല ബുദ്ധിമാന്മാരായ സ്വാർത്ഥതാല്പര്യക്കാരായ വിവേകികൾ ലോക്കത്തെവിടെയും ഉണ്ട്. വിവേകികൾ വിനയം ഉള്ളവരും താഴ്മ ധരിക്കുന്നവരും ആയിരിക്കും. വിവേകബുദ്ധി ദീർഘക്ഷമ വരുത്തുവാൻ ഇട യായി തീരും. ക്ഷമിക്കുക, മറക്കുക, പൊറുക്കുക എന്നീ സ്വഭാവങ്ങൾ മനുഷ്യരെ തമ്മിൽ സ്നേഹ ബന്ധത്തിലേക്കു ചേർത്തു നിർത്തുന്ന ഘടകങ്ങൾ ആണ്. ആ സ്വഭാവങ്ങളും വിവേകത്തിൽ ഉൾപ്പെടുത്താം.
കാലങ്ങൾ കടന്നുപോകുകയും ഓരോരോ സ്ഥാനപതികളായി അവരോഹിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ഥാനമോഹത്തിന്റെ ആക്രാന്തം മനുഷ്യരെ ഭ്രാന്തു പിടിപ്പിക്കയും, കൂടെ നിന്നവരെ വെട്ടി നിരത്തി ആർക്കെതിരെയും അപവാദങ്ങൾ പരത്തി, ആരെയും കൂടെ നിർത്തി അപരനെ അമർത്തിക്കളയുന്ന, കാലകാലങ്ങളായ ചതിയുടെ തന്ത്രം മാന്യതയിൽ നിന്നുള്ളതും അല്ല. ചൂണ്ടയിൽ കൊരുത്ത തീറ്റപോലെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു കള്ളകൊത്താൽ ഇഷ്ടമറിഞ്ഞിട്ടു കരുതൽ വല വിരിക്കുന്ന കുതന്ത്രമൊന്നും ദൈവത്തിനു നിരക്കുന്നതല്ല. ചൂണ്ടക്കരനായാലും വലക്കാരനായാലും ഓർത്തോണം പടച്ചവൻ പഠിച്ച പുള്ളിയാണന്നു. യോനയെ വിഴുങ്ങി ഓടിനടന്നതുപോലെ മറ്റൊരു കൂറ്റൻ മത്സ്യവും നമ്മെ വിഴുങ്ങി കൊണ്ട് ഓടും എന്നുള്ളത് ആരും മറക്കരുത്. മാന്യതയുടെ പ്രതീകമായി സമൂഹത്തിന്റെ സമ്മതപത്രവും ഭക്തിയുടെ വേഷവും ധരിച്ച, ആട്ടിൻ തോലണിഞ്ഞ കുറെ പേർ ആത്മീക ധാർമ്മികതയെ മൂല്യച്യുതിയിലേക്ക് തള്ളി വിടുന്നുണ്ട്. സ്ഥാന മനങ്ങളിൽ എത്തപ്പെട്ടാൽ അടിച്ചമർത്തലിന്റെ പ്രതീകമായി മാറും പല വ്യക്തികളും. നടന്നിട്ടില്ലാത്ത കാര്യങ്ങളുടെ മറവിൽ സംശയാസ്പദമായി നേതാക്കന്മാരെ കൂട്ടു പിടിച്ച് വക്രബുദ്ധി നടപ്പാക്കുന്ന ചില തരം താണ കളികൊണ്ടൊന്നും അങ്ങു നിത്യതയിൽ പോകില്ലെന്ന് ഓർക്കണം. അപഖ്യാതിയിലൂടെ വോട്ടു പിടിച്ചും, കുതികാൽ വെട്ടി തേരു തെളിച്ചും പോകുമ്പോൾ ഒന്നോർക്കണം അധികാരം നഷ്ടപ്പെട്ട ഒട്ട നവധിപ്പേർ ഒന്നും അല്ലാതെ പോയിട്ടുണ്ടന്നു.ശൗൽ രാജാവ്, ശിംശോൻ, ഹാമൻ, ഒറ്റു കാരനായ ഇസ്കരിയൊത്ത യൂദാ എന്നിവർ അതിനു ഉത്തമ ദൃഷ്ടാന്തങ്ങളാണ്. പാവപ്പെട്ടവന്റെ പേരിൽ കുറെ പ്രോജക്ടുമായി പുറംലോകത്തേക്ക് പരക്കം പാച്ചിലായി മറ്റു ചിലർ. കിട്ടുന്ന നേട്ടങ്ങൾ തലമുറയ്ക്കായി ചരിതിച്ചു വെച്ചിട്ട് അൽപ്പം നീക്കി ബാക്കി കോരന്റെ കുമ്പിളിൽ കഞ്ഞിയായി വിളമ്പും. ഓർക്കുക ഇന്നുള്ള ആത്മീയ അന്തരീക്ഷം മാറി മറിയും. പ്രവർത്തന സ്വാതിന്ത്ര്യവും മങ്ങും. ഒത്തൊരുമയോടും കൂട്ടായ ചിന്തയോടും പരസ്‌പര ബഹുമാനത്തോടും,ദൈവ ഭക്തിയോടും കർത്തൃ വേലയിൽ നിലനിന്നില്ലങ്കിൽ ശത്രുവിനു ജയിക്കുവാൻ അധികം നാഴിക വേണം എന്നില്ല. വളരെ വിനയത്തോടും, അതിലേറെ മാന്യതയോടും വോട്ടു തേടി, ഭ്രമണപഥത്തിൽ എത്തിയ ഭരണകർത്താക്കൾ 2023 ൽ ഇന്ത്യയിൽ നടത്താൻ പോകുന്ന മത രാഷ്ട്ര സംവിധാനം നാം അറിഞ്ഞിരിക്കയാണ്. അതു സംഭവിച്ചാൽ പീഡനപരമ്പര ഒന്നിന് പുറകെ ഒന്നായി നാം മുഖാ മുഖം ചെയ്യേണ്ടിവരും. ക്രിസ്തീയ മിഷനറിമാർ പാടം വഴി ഓടും എന്നാണ് ഒരു ഒൺ ലൈൻ ചാനൽ വാർത്ത പുറത്തുവിട്ടത്. 2049 വരെ ഈ സർകാർ ഇന്ത്യ ഭരിക്കുമെന്നും മതേതരത്വം മാറ്റി മത സൗഹാർദ്ദം നിലവിൽ വരുമെന്നും, വിദേശത്തു നിന്നുള്ള ധനസഹായം ക്രിസ്തീയ പ്രവർത്തനങ്ങൾക്ക് നിർത്തലാക്കുമെന്നും ഉപദേശി മാരുടെ മേൽ കർശന നിയന്ത്രണം വരുത്തുമെന്നും ആ വാർത്തയിൽ പറയുന്നു. അതിനാൽ ഉണരുക സഭയെ ഉണരുക വക്രത മാറ്റികളഞ്ഞു പ്രിയരേ കുറെ മാന്യതേയടു പ്രവർത്തിക്കുക. 2020 ൽ വലിയ ഉണർവ്വ് ഇന്ത്യയിൽ ഉണ്ടാകും എന്നുള്ള പ്രവചന വാക്കുകൾ കാത്തു സൂക്ഷിച്ചു പ്രാർത്ഥിക്കുന്നവരാണ് നമ്മൾ. അതിനിടയിലുള്ള ഈ ആത്മീയ അരാജകത്വം ദൈവ പ്രവർത്തിക്കു തടസം ആകും എന്ന്‌ തിരിച്ചറിയുക. അതുപോലെ തന്നെ ആരാധനാലായങ്ങളിൽ മേലുള്ള നിയന്ത്രണം സർക്കാർ ഏറ്റെടുത്തു എന്നും വരാം. അന്ന് ഒരുവനെ ചവിട്ടി താഴ്ത്തി മുകളിൽ കയറിയ തന്ത്രമൊന്നും പണിപ്പോകില്ലന്നു നന്നായി ഓർത്തുവേണം പടയോട്ടത്തിനുള്ള പദ്ധതി തയ്യാറാക്കാൻ. ഒരുവനെ അപമാനിച്ചും കൂട്ടത്തിൽ ഒറ്റപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും നേടിയെടുക്കുന്ന യാതൊന്നും ശാശ്വതമായ ദൈവരാജ്യ പ്രക്രിയ അല്ല. കാലം തെളിയിക്കും ഇന്നത്തെ പകൽമാന്യത. അനുരഞ്ജനത്തിലൂടെ പരിഹരിക്കേണ്ട നിസാരകാര്യങ്ങളിൽ പോലും നിനക്ക് വേദനിച്ചാലും എനിക്ക് സുഖം മതി എന്നുള്ള മുർഘടമുഷ്ഠി എത്രത്തോളം മറ്റുള്ളവരെ വേദനിപ്പിക്കും എന്ന്‌ നാം ഓർക്കണം. വിവേകിയുടെ രീതിയും മാന്യതയുടെ പരിവേഷവും കാണിച്ച് മുന്നേറുവാൻ കുറച്ചു നാൾ ഇടയായേക്കാം. പക്ഷെ ശാശ്വതം ആയിരിക്കില്ല അങ്ങനെയുള്ള നേട്ടങ്ങൾ.
സംസാരത്തിലും പെരുമാറ്റത്തിലും മാന്യതയും കുലീനത്വവും നടിക്കുകയും അതേ സമയം കൊടിയ ചതി കാണിക്കാൻ മടികാട്ടാതിരിക്കയും ചെയ്യുന്ന ആത്മീയതയിലെ വ്യക്തിത്വങ്ങൾ അറിഞ്ഞിരിക്കണം അസ്വസ്ഥതകളും അസമാധാനവും ആണ് കാത്തിരിക്കുന്നത് എന്ന്‌. എന്തിനാണീ കപടവേഷവും അഭിനയവും. ഇന്ന്, കൂടെ നിൽക്കുന്നവർ നാളെ കാലുവരി കൈകഴുകും എന്നു ഓർക്കണം. ഇന്ന് ഓശാന പാടുന്നവർ നാളെ കുരിശിൽ ചേർത്ത് ആണി അടിക്കും അതു മറക്കരുത്.
സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഇഴ ബന്ധം നെയ്‌തിരുന്ന ഹാബെൽ കായീൻ ബന്ധം സ്വാർത്ഥതയാൽ ഇഴ പൊട്ടി പോയതും കായിന്റെ മാന്യതയുടെ കപട വേഷം കൊണ്ടല്ലേ. ദൈവത്താൽ അനുഗ്രഹിക്കപ്പെടുവാൻ ഹാബലിന്റെ മുൻപിൽ സാധ്യതകൾ ഉണ്ടന്ന് കണ്ടറിഞ്ഞ കായീൻ വിവേകപൂർണമായ മാന്യത അഭിനയിച്ചു വയലിലേക്കു കൂട്ടി പോയി തകർത്തു കള ഞ്ഞതിലൂടെ താൻ ലക്ഷ്യപ്രാപ്തിയിൽ എത്തുകയും ചെയ്തു. ഇത് തന്നെയല്ലേ ഇന്നും നമ്മുടെ ഇടയിൽ നടക്കുന്നതും. യേശുവിനെ കുറ്റം ചുമത്തി ഹെരോദാവിന്റെ മുൻപിൽ നിർത്തിയപ്പോൾ, ഹെരോദാവ് യേശുവിനെ കണ്ടിട്ടു അത്യന്തം മാന്യതയും സന്തോഷവും അഭിനയിച്ചിട്ടു പുരോഹിതന്മാരോടും പരീശന്മാരോടും പടയാളികളോടും ചേർന്ന് യേശുവിനെ പരിഹസിക്കുകയും പീലാത്തോസിന്റെ അരികിലേക്ക് ന്യായവിധിക്കായി വിടുകയും ചെയ്തു. അതുവരെ അകന്നു നിന്നിരുന്ന പീലാത്തോസ്–ഹെരോദ ബന്ധം അടുത്തുറപ്പിക്കുവാൻ ഇത്‌ കാരണവും ആയി.
സത്യത്തെ സത്യം കൊണ്ടു വേണം വിലമതിക്കുക. അല്ലാതെ മറ്റൊന്നും കൊണ്ടാകരുത്. വാക്കുകൾ കൊണ്ട് ഇഴ നെയ്തു നിലനിൽപ്പിനു കള്ളം മിനഞ്ഞാൽ ഇഴ പൊട്ടി സത്യം സത്യമായി വേർതിരിയും. സൂര്യന് തന്നെ കാണാൻ തീകൊള്ളി വേണ്ട. സത്യം ലോകം മുഴുവനുടച്ചാലും സത്യം എന്നും സത്യം തന്നെ. സത്യത്തിന്റെ കാവൽക്കാരും വഴികട്ടികളും, സത്യസന്ധരുമായി കുറെക്കൂടി വിവേകത്തോടും, കുറെക്കൂടി മാന്യതയോടും നമുക്ക് മുന്നേറാം ദൈവരാജ്യത്തിന്റെ കെട്ടു പണിക്കായി….ഓർക്കുക, “ചതിക്കുന്നവരുടെ ഉള്ളിൽ വഞ്ചനയിൽ ചാലിച്ചെടുത്ത വിഷ സ്ഥാനവും, മുഖസ്തുതിയിൽ നാവും വാദനവും മുൻപിലും ആണ്, ഒപ്പം പകയുടെ സ്മിതിയും”.

-ADVERTISEMENT-

-ADVERTISEMENT-

You might also like