ലേഖനം: ഒരു ശിശിര കാലം കടന്ന്… (ധ്യാനത്തിനപ്പുറം – 2)

ആ കാത്തിരിപ്പ് മനോഹരമാണ്. അവനോടൊത്ത് വഴികൾ തീരും വരെ നടക്കാനവൾ വെമ്പി. അപ്പോൾ പറയുവാനായി അവൾ ഏറെ കരുതി വെച്ചിരുന്നു. ആ കാത്തിരിപ്പിനെ എത്രയോ പേർ ഓർത്തോർത്ത് പാടിയിരിക്കുന്നു…

മഞ്ഞ പൂവുകൾ വീണു കിടക്കുന്ന വഴിത്താരയിലൂടെ അവൾ ഏറെ ദൂരം നടന്നു. പിന്നീട്, അകലെയായി കാണുന്ന വലിയ മരച്ചുവടിനരികെ പഴമയുടെ കൊത്തുപണികൾ നിറഞ്ഞ കൽബഞ്ചിലവൾ കാത്തിരുന്നു.അവളറിഞ്ഞിരുന്നു; മഴ വീഴും മുൻപ്, താഴ്വരയാകെ ഇരുൾ നിറയും മുൻപ് അവൻ എത്തുമെന്ന്.

ആ കാത്തിരിപ്പ് മനോഹരമാണ്. അവനോടൊത്ത് വഴികൾ തീരും വരെ നടക്കാനവൾ വെമ്പി. അപ്പോൾ പറയുവാനായി അവൾ ഏറെ കരുതി വെച്ചിരുന്നു. ആ കാത്തിരിപ്പിനെ എത്രയോ പേർ ഓർത്തോർത്ത് പാടിയിരിക്കുന്നു.എത്രയോ കാൻവാസുകളിൽ ചായങ്ങളാൽ ചിലരത് ചാലിച്ചിട്ടിരിക്കുന്നു. എന്നിരുന്നാലും ഓരോ തവണയും അവളുടെ കാത്തിരിപ്പിന് നവ്യതയേറി കൊണ്ടിരുന്നു.

യേശു ഭൂമിയിൽ അവതരിച്ചപ്പോൾ ഒരു ക്രൂശു മരണം മാത്രമായിരുന്നില്ല ലക്ഷ്യമിട്ടത്. എത്രയോ ഹൃദയങ്ങളെ യേശു കവർന്നു , എത്രയോ പേർ അവന്റെ ആശ്ലേഷത്തിനായി കാത്തു. എല്ലാവരോടും തിരികെ വരാമെന്ന് പറഞ്ഞിട്ട് പോയിട്ടും, കാലങ്ങളായി അവൾ കാത്തിരിപ്പ് തുടരുന്നു. പ്രാണനാഥന്റെ പേരു കേൾക്കുമ്പോഴേ വിവശയായി പോകുന്നു.ഒരു വാക്കിനായി, ഒരു നോട്ടത്തിനായി അവൾ വെമ്പൽ കൊള്ളുന്നു. കണ്ണിൻ മുൻപിൽ തെളിയുന്നതൊന്നും അവളെ ഉന്മത്തയാക്കുന്നില്ല, കാതിലേക്കു വീഴുന്നതൊന്നും അവളുടെ ശ്രദ്ധ കവരുന്നില്ല. ആ തിരിച്ചു വരവിനായി, ഒരു മന്ദഹാസത്തിനായി വർഷങ്ങൾ പോയതറിയാതെ അവൾ കേഴുക മാത്രം ചെയ്യുന്നു.

എന്നാൽ ഇതാണോ വാസ്തവം? ഇത് കല്ലു വെച്ച നുണയല്ലേ? പഴങ്കഥയിൽ മാത്രം കേട്ടു മടുത്ത ഏതോ താഴ്വരയും പിന്നെ പൗരാണീകതയിൽ നിമഗ്നമായ കൽബഞ്ചും…..നോക്കുക ഏതെങ്കിലും താഴ്വരയിൽ അവൾ വിഷാദവതിയായി നിൽക്കുന്നുണ്ടോ? ഏതോ പക്ഷികളെ നോക്കി, എന്റെ പ്രാണനാഥനെ നീ കണ്ടുവോ എന്നവൾ ചോദിക്കുന്നത് എവിടെയെങ്കിലും മാറ്റൊലി കൊള്ളുന്നുവോ…അതെ, അവൾ ആകെ മാറിയിരിക്കുന്നു. അവളെ ചുറ്റി വീശുന്ന ലഹരി നിറഞ്ഞ മാരുതനാലവൾ എവിടേക്കോ വശീകരിക്കപ്പെടുന്നു . മറ്റേതോ താഴ്വരയിൽ മേഘങ്ങൾക്കും വൃക്ഷങ്ങൾക്കും ഒപ്പം അവൾ മതി മറന്നാടുന്നത് കാണുന്നില്ലേ…! പ്രാണനാഥൻ നല്കിയതെല്ലാം അവൾ മറവിക്ക് വിറ്റുകളഞ്ഞുവല്ലോ.

അവളുടെ കണ്ണുകളിൽ ഇപ്പോൾ നിറയുന്നത് മറ്റെന്തിനോ വേണ്ടി നുരയുന്ന പ്രതീക്ഷകളാണ്. ആ വദനത്തിൽ വിരഹ വേദന ലവലേശമില്ല. പ്രാണനാഥൻ പകർന്നു നൽകിയ, സൂക്ഷിക്കാനേൽപ്പിച്ച വെള്ളാരം കല്ലുകളെ ഏതോ മാളത്തിലേക്കവൾ എറിഞ്ഞു കളഞ്ഞിരിക്കുന്നു. പ്രാണനാഥന്റെ പുഞ്ചിരി തൂകുന്ന മുഖം പോലും അവൾ മറന്നു പോയിരിക്കുന്നുവല്ലോ.

എന്തേ വെയിൽ താഴുമ്പോൾ പ്രാണനാഥനെ കുറിച്ചുള്ള ഓർമ്മകളുമായി അലയുന്ന അവളെ കാണാത്തത്. പുഴവക്കിൽ അവളില്ലല്ലോ, മഴയേറ്റു നടക്കാൻ അവളില്ലല്ലോ. കുരുവികളോടും മാനത്തോടും കളി പറഞ്ഞുല്ലസിച്ച് മദിച്ചലയുമ്പോൾ, അവൻ പറഞ്ഞേൽപ്പിച്ചതെല്ലാം ചെയ്യുവാനവൾ മറന്നു പോയിരിക്കുന്നു.

പ്രാണനാഥന്റെ സ്വരമാണോ ഇപ്പോൾ അവളെ വിവശയാക്കുന്നത്. ആർദ്രത വറ്റിയ അവളിലെ സ്നേഹം വരണ്ടു പോയിരിക്കുന്നു. അവൻ അൽപം കൂടി താമസിച്ചു വരണേ എന്നവൾ വല്ലാതെ ആഗ്രഹിച്ചു പോകുന്നു. അവൻ വരാതിരുന്നെങ്കിലെന്ന് കൊതിക്കുവാനായി അവളെ എന്താണ് പ്രേരിപ്പിക്കുന്നത്? പരദേശിയാണെന്ന കാര്യം എന്തോ, മന:പൂർവ്വം മറക്കാനവൾ തീരുമാനിക്കുന്നു. ക്ഷണീകമെങ്കിലും മാളികയുടെ മാസ്മരീകത അവളെ തീ പിടിപ്പിക്കുന്നു. സായന്തന സൂര്യനെ കൈവിടാനവൾ മടിക്കുന്നു. പ്രാണനാഥനു മാത്രമായി അലങ്കരിച്ചിരുന്ന ആ മനസ്സിൽ പറവകൾ ചേക്കേറുന്നു, കുഴിമുയൽ കൂടുണ്ടാക്കുന്നു. നിറങ്ങളുണർത്തിയ ഭ്രാന്തൻ കാറ്റിലവൾ സ്വപ്നാടനക്കാരിയാവുന്നു.

എന്നാൽ യേശു കാത്തു നിൽക്കുന്നു. അവനറിയാം ഭ്രമത്തിന്റെ ഈ കാർമേഘം മാറുമെന്ന്. കണ്ടതൊന്നും കാഴ്ച്ചയല്ലന്നും കേട്ടതൊന്നും സംഗീതമായിരുന്നില്ലെന്ന് അവൾ തിരിച്ചറിവിന്റെ പടവുകൾ താണ്ടുമെന്ന് അവൻ ചിരിക്കുന്നു. ഒടുവിൽ മുനിഞ്ഞു കത്തുന്ന വിളക്കിലവൾ എണ്ണയൊഴിക്കുമെന്ന് യേശു അറിയുന്നു. പ്രണയത്തിന്റെ അതീവ തൃഷ്ണയോടെ താഴ്വരയിലൂടെ ആ ഒറ്റയടി പാത തേടി മഞ്ഞ പൂവുകളെ പെറ്റു കൂട്ടുന്ന ആ വലിയ മരച്ചുവട്ടിൽ അവളെത്തുമെന്ന് അവൻ അറിയുന്നു. മഞ്ഞ പൂവുകൾ വീണുകിടക്കുന്ന ആ കൽബഞ്ചിലിപ്പോൾ കാത്തിരിക്കുന്നത് അവനാണല്ലോ…..!

*************
(തുടരും…)

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.