“നിനക്ക് ഈ പണി പറ്റില്ല, പള്ളീലച്ഛൻ ആകാം” പോലീസുകാരന്റെ ഉപദേശം

ഇന്ന് 70 വയസ് പൂർത്തീകരിച്ച പാസ്റ്റർ ഭക്തവത്സലന്റെ ഒരനുഭവം

കേരള പോലീസിൽ സബ് ഇൻസെപ്ക്ടർ പോസ്റ്റിലേക്കുള്ള അവസരം വന്നപ്പോൾ ഞാനും ഒരു അപേക്ഷ അയച്ചു. 1970 കളിൽ ആണ് ഇതു നടക്കുന്നത്. അതിന് മുൻപ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകങ്ങളിൽ അഭിനയിക്കുകയും, ഗാനമേളകൾ നടത്തുകയും പാട്ടുകൾ എഴുതിയും , പാടിയും, കഥാപ്രസംഗം ചെയ്തും നടന്നിരുന്ന സമയം. കോളേജിൽ കയറിയപ്പോൾ ഒരു ടീമായി യാത്ര തുടങ്ങി, സിനിമ മേഖലയിൽ ബന്ധങ്ങൾ ഉണ്ടാക്കി. മനസിലെ വലിയ ആഗ്രഹം സിനിമ മേഖലയിൽ പ്രവർത്തിക്കുക എന്നതായിരുന്നു. ഒരു ജോലികൂടി വേണം എന്ന ആഗ്രഹം ഉണ്ടായപ്പോഴാണ് കേരള പോലീസിൽ അവസരം ഉണ്ടെന്ന് അറിഞ്ഞത്. അങ്ങനെ അഞ്ചു ഘട്ടങ്ങളായി നടന്ന നാല് ഇന്റർവ്യൂ പാസ്സായി. മനസ്സിൽ സന്തോഷം നിറഞ്ഞു തുള്ളിയ നിമിഷങ്ങൾ. അടുത്തത് വ്യക്തിത്വ പരിശോധന (പേഴ്സണാലിറ്റി ടെസ്റ്റ്‌ ) ആണ്. ഒടുവിൽ എന്റെ അവസരം വന്നു. മനസ്സിൽ ഉറപ്പിച്ചു ഞാൻ പോലിസ് ആകുമെന്ന്. നിച്ഛയ ദാർഢ്യത്തോടെ ഞാൻ ഇന്റർവ്യൂ മുറിയിൽ ചെന്നു. പോലിസ് അധികാരികൾ എന്റെ മുൻപിൽ ഇരിപ്പുണ്ട്. അതിലൊരാൾ പറഞ്ഞു, നിനക്ക് ഒരു വിഷയം നൽകും അത് ഇവിടെ അഭിനയിച്ചു കാണിക്കണം. അഭിനയ രംഗത്തു പ്രവർത്തി പരിചയമുള്ള എനിക്ക് അത് ഏറ്റെടുക്കുന്നതിൽ അത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പോലീസ് എത്ര നോക്കിയിട്ടും പിടികിട്ടാതിരുന്ന ഒരു കുറ്റവാളിയെ ഒടുവിൽ പിടിച്ച്‌ സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ നീ അവനെ ആദ്യമായി കാണുമ്പോൾ ഉണ്ടായ രംഗം അഭിനയിച്ചു കാണിക്കുക. ഇതായിരുന്നു എനിക്ക് അവർ നൽകിയ ധൗത്യം. അൽപ്പസമയത്തിനുള്ളിൽ അതിന് വേണ്ട സ്ക്രിപ്റ്റ് ഞാൻ മനസ്സിൽ കണ്ടു അഭിനയിച്ചു തുടങ്ങി. അഭിനയിക്കുന്നതിനിടയിൽ ഗൗരവമേറിയ എന്റെ മുഖത്ത് ചിരി വന്നു. ആദ്യ അവസരം എനിക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല. അടുത്ത ഒരവസരം കൂടി കിട്ടി. ഇതു നന്നായി ചെയ്താൽ മതി ബാക്കി എല്ലാ ടെസ്റ്റും നീ പാസ്സ് ആയിട്ടുണ്ട്. അതിലൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീണ്ടും ഞാൻ അഭിനയിച്ചു തുടങ്ങി. കുറ്റവാളിയുടെ അടുക്കലേക്കു ആക്രോശിക്കുന്ന വാക്കുകളുമായി പോയ ഞാൻ വീണ്ടും ചിരിച്ചു. അതും പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ അവസാനമായിട്ട് അവർ എനിക്ക് ഒരു അവസരം കൂടി നൽകി. അവസാനത്തെ തവണ ഞാൻ സ്ക്രിപ്റ്റ് മാറ്റി ധൈര്യം കൈകൊണ്ട് വീണ്ടും അഭിനയിച്ചു തുടങ്ങി. അതിന്റ ഒടുവിൽ വീണ്ടും ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. പെട്ടെന്ന് ഒരു പോലീസ് ഓഫീസർ എന്നോട് പറഞ്ഞു, “നിനക്ക് ഈ പണി പറ്റില്ല, നീ പള്ളിയിൽ അച്ഛൻ ആകാൻ നോക്ക്, അതാ നല്ലത്.

1949 ജൂൺ 6 ന് കുന്നംകുളത്തിനടുത്ത് ജനിച്ചു വളർത്തപ്പെട്ട എന്റെ ആഗ്രഹത്തെ ഹനിക്കുന്നതായിരുന്നു ആ ഉദ്യോഗസ്ഥന്റെ വാക്കുകൾ. ഒരു ജോലിയും സിനിമ ജീവിതവും ആയിരുന്നു എന്റെ മോഹങ്ങൾ. പാപമയമായ ജീവിതത്തിന്റെ ഉടമയായ എന്നിലേക്ക് ഒരു വെളിച്ചമായി 1971 ഏപ്രിൽ 14 ന് രാത്രി 2 മണിയ്ക്ക് യേശുവിന്റെ സാന്നിധ്യം നിറഞ്ഞു. അന്ന് മുതൽ എന്റെ ശബ്ദവും ആരോഗൃവും കർത്താവിനായി സമർപ്പിച്ചു. അന്ന് പോലീസ് ടെസ്റ്റിന് പാസ്സ് ആയിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരിക്കാം, അല്ലെങ്കിൽ എന്റെ ആഗ്രഹം പോലെ ഒരു സിനിമ പ്രവർത്തകൻ ആയിത്തീർന്നേക്കാം. എന്നാൽ ദൈവീക പദ്ധതി അതിലും ഉയർന്നതായിരുന്നു എന്ന് ഇപ്പോൾ മനസിലാക്കുന്നു. കഴിഞ്ഞ 70 വർഷത്തിൽ 48 വർഷവും കർത്താവിനായി പാടുവാനും, ജീവിക്കാനും സാധിച്ചത് ഒരു പദവിയായി ഞാൻ കാണുന്നു. നാളിതുവരെ കൂടെ നിന്ന എല്ലാവരോടും ഇത്രത്തോളം നിൽക്കാൻ കൃപ തന്ന കർത്താവിനോടും ഞാൻ എന്നും കടപ്പെട്ടവനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.