ലേഖനം:വ്യത്യസ്തനാക്കുന്ന അഭിഷേകം | ജെസ്റ്റിൻ കോശി, ബാംഗ്ലൂർ

ഏലിയാവിന്റെ കൂടെ അഭിഷേകത്തിന്റെ ഇരട്ടി പങ്കിനായി യാത്രപുറപ്പെട്ട എലീശ.
‘നിന്ദ ഉരുണ്ടു മാറിയ’ അനുഭവത്തെ ഓർപ്പിച്ചുണർത്തുന്ന ഗിൽഗാലിൽ നിന്ന് യാത്ര പുറപ്പെട്ട്, ‘ദൈവത്തിന്റെ ഭവനമായ’ ബെഥേലിൽ എത്തി, അവിടെ നിന്നും തന്റെ ജനം അതിജീവിച്ച ‘പോരാട്ടത്തെ’ ഓർപ്പിച്ചുണർത്തുന്ന യെരിഹോവിന്റെ അനുഭവത്തിലൂടെ കടന്ന്, യാത്രാമദ്ധ്യേ എതിരായ് നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രവാചക ശിഷ്യന്മാരെയും എതിരിട്ട്, ‘വിശ്വാസത്തിന്റെ ശോധന’ യായ യോർദ്ദാനിൽ എത്തി നില്ക്കുന്ന ഏലിയാവും എലീശയും.
ഏലിയാവ് തന്റെ പുതപ്പെടുത്ത് വെള്ളത്തെ അടിച്ച് ഉണങ്ങിയ നിലത്തുകൂടി ഇരുവരും അക്കരെ കടന്നു. അവിടെ വച്ച് അഭിഷേകത്തിന്റെ ഇരട്ടി പങ്കു ആവശ്യപ്പെടുന്ന എലീശ. പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത് എന്ന് ഏലിയാവിന് പോലും തോന്നിയ നിമിഷങ്ങൾ. ഏലിയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.
യോർദ്ദാൻ കടക്കുവാൻ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. എന്നാൽ യോർദ്ദാനരികെ ഇപ്പോൾ എലീശ ഒറ്റയ്ക്കാണ്. ഇവിടെയാണ് ആ അഭിഷേകത്തിന്റെ ശക്തി വെളിപ്പെടേണ്ടത്. ഈ അഭിഷേകം നമ്മുടെ മേൽ ഉണ്ടെങ്കിൽ ഒറ്റയ്ക്ക് നില്ക്കേണ്ടി വന്നാലും നാം പതറിപ്പോകില്ല. ബലഹീനതയിൽ തികഞ്ഞവരുന്ന ദൈവശക്തി. എതിരായ് നിന്ന പ്രവാചക ശിഷ്യൻമാർ പോലും എതിരേറ്റു ചെന്ന് സാഷ്ടാംഗം വീഴത്തക്ക വിധത്തിൽ വ്യാപരിക്കുന്ന അഭിഷേകത്തിൻെറ ശക്തി !!!
ഒറ്റയ്ക്ക് നില്ക്കേണ്ടി വന്നാലും ലക്ഷ്യത്തിൽ നിന്ന് മാറാതിരിക്കുക. വിളിച്ച ദൈവം വിശ്വസ്തൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.