എൻറീച്ച്മെന്റ് ബൈബിൾ ക്വിസ്സിന് ആവേശോജ്വലമായ സമാപനം

ഷാർജ: മാർച്ച് 9നു ആരംഭിച്ച്‌ ഏപ്രിൽ13 വരെ നീണ്ടു നിന്ന ക്രൈസ്തവ എഴുത്തുപുര എൻറീച്ച്മെന്റ് ബൈബിൾ ക്വിസ്റ്റിന് ഷാർജ വർഷിപ് സെന്ററിൽ ആവേശോജ്വലമായ സമാപനം. വിവിധ എമിറേറ്റ്സുകളിലെ പ്രാഥമീക മത്സരങ്ങളിൽ നിന്നും യോഗ്യത ലഭിച്ച 5 ടീമുകൾ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടിയിരുന്നു.

അതിനുപുറമെ ഏപ്രിൽ 13നു നടന്ന സെമിഫൈനലിൽ നിന്ന് ഒരു ടീമും, ശേഷിച്ച ടീമുകളിൽ നിന്നും നറുക്കെടുപ്പിലൂടെ സർപ്രൈസ് എൻട്രി നേടിയ ഒരു ടീമും ഫൈനലിലേക്ക് പ്രേവേശനം നേടുകയുണ്ടായി. വിവിധ എമിറേറ്റുകളിൽ നിന്നായി കടന്നുവന്ന ശക്തരായ 7 ടീമുകൾ മെഗാ ഫൈനലിൽ ആവേശകരമായ പ്രകടനം കാഴ്ച്ചവെക്കുകയുണ്ടായി. രണ്ടു റൗണ്ടുകളിൽ ആയി രസകരവും വൈജ്ഞാനികവും ജിജ്ഞാസ ഉളവാക്കത്തക്കതുമായ തരത്തിൽ ഉള്ള ചോദ്യങ്ങൾ ആയിരുന്നു മത്സരാർത്ഥികൾക്കായി ഫൈനൽ റൗണ്ടിൽ പ്രശസ്ത ബൈബിൾ ക്വിസ് മാസ്റ്ററും ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡന്റുമായ പാസ്റ്റർ പി.ബി. ബ്ലെസ്സൺ കരുതിവെച്ചിരുന്നത്.

ഉദ്യോഗജനകം ആയ ആദ്യറൗണ്ടിന് ശേഷം നടന്ന എലിമിനേഷന് അനന്തരം 4 ടീമുകൾ മത്സരത്തിന്റെ അവസാന ലാപ്പിലേക്കു പ്രേവേശനം നേടി. ഒന്നാം സ്‌ഥാനക്കാർക്കായി ഉം അൽ ഖുവൈൻ ചർച് ഓഫ് ഗോഡ് പാസ്റ്റർ ജോൺ കോശി സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നേടിയത് വർഷിപ് സെന്റർ ഐപിസി സഭയെ പ്രതിനിധീകരിച്ചു മൽസരിച്ച ടീം സി ആയിരുന്നു. ബ്രദർ മനോജ്‌ ഉമ്മൻ, ബ്രദർ റെജി തോമസ്, സിസ്റ്റർ ഓമന റെജി എന്നിവർ അടങ്ങുന്ന ടീമിന് പാസ്റ്റർ ജോൺ കോശി നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്കിന് പുറമെ ഒന്നാം സ്‌ഥാനക്കാർക്കായി ഉള്ള ട്രോഫി ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റും ഷാർജ വർഷിപ് സെന്റർ ചെയർമാനും ആയ റവ. ഡോ. വിത്സൺ ജോസഫ് നൽകി .

post watermark60x60

ടീം അംഗങ്ങൾ ആയ മൂന്നു സഹോദരങ്ങൾക്കും ചർച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസിയറും ഷാർജ വർഷിപ് സെന്റർ സെക്രെട്ടറിയും ആയ റവ ഡോ. കെ.ഓ. മാത്യു വ്യക്തിഗത മെഡലുകൾക്കു പുറമെ ക്രൈസ്തവ എഴുത്തുപുര സാക്ഷ്യപത്രവും റാഫാ റേഡിയോ നൽകിയ സർട്ടിഫിക്കറ്റുകളും നൽകി. ബ്രദർ ജോൺ, ബ്രദർ സാം സഖറിയ, ബ്രദർ നിക്സൺ (ടീം എ, ഐ. പി. സി. അബുദാബി), ബ്രദർ ലിജു കോശി, സിസ്റ്റർ സെർവിന് ലിജു, സിസ്റ്റർ ലിസ മെൽബിൻ (ടീം ബി, ഐ.പി.സി. ഫിലദെൽഫിയ ദുബായ് ), സിസ്റ്റർ മേരി ബാബു, സിസ്റ്റർ ബ്ലെസി ജെയ്സൺ, സിസ്റ്റർ സിജി സം (ടീം ഇ, ഐ. പി. സി. ഫിലദെൽഫിയ ദുബായ്) എന്നിവർ യഥാക്രമം രണ്ട് (INR 50,000,ട്രോഫി, സാക്ഷ്യപത്രങ്ങൾ) മൂന്ന് (INR 25,000, ട്രോഫി, സാക്ഷ്യപത്രങ്ങൾ) നാല് (ട്രോഫി, സാക്ഷ്യപത്രങ്ങൾ) സ്‌ഥാനങ്ങൾ നേടി. ക്രൈസ്തവ എഴുത്തുപുര മാനേജ്‌മന്റ് ടീം പ്രതിനിധികൾ ആയ ജോൺസൻ വെടികാട്ടിൽ (പ്രസിഡണ്ട്), ഡാർവിൻ വിൽസൺ (വൈസ് പ്രസിഡണ്ട്), ഷൈജു മാത്യു (വൈസ് പ്രസിഡണ്ട്) എന്നിവർക്കു പുറമെ സിസ്റ്റർ മേഴ്‌സി വിൽ‌സൺ, പാസ്റ്റർ റോയ് ജോർജ്, പാസ്റ്റർ സാജൻ, പാസ്റ്റർ റൂബിൾ ജോസഫ്, പാസ്റ്റർ ടിപ്സൺ തിരുവല്ല എന്നിവർ വിജയികളെ ആദരിച്ചു.

പ്രതികൂല കാലാവസ്‌ഥ മുൻ നിർത്തി ഗവണ്മെന്റ് റെഡ് അലെർട് നൽകിയ അവസ്‌ഥ സംജാതം ആയിട്ടും യോഗ്യത നേടിയ ടീമുകളെ എല്ലാം അണിനിരത്തി പരിപാടി വിജയം ആക്കി തീർക്കാൻ കഴിഞ്ഞത് പ്രോഗ്രാമിന്റെ മാറ്റ് കൂട്ടുന്നു. ഏകദേശം ആറായിരത്തോളം ഓൺലൈൻ വ്യൂവേഴ്‌സിൽ നിന്നും പ്രേക്ഷകർക്കുള്ള മത്സരത്തിൽ സിസ്റ്റർ ഗ്ലോറി (ദുബായ്), സിസ്റ്റർ സൂസൻ (അയർലണ്ട്), ജോയൽ (ദുബായ്), സിസ്റ്റർ ജെസ്സി അനീഷ് (സൗദി) എന്നിവർ വിജയികൾ ആയി.
പി.വൈ.പി.എ യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റും ഷാർജ ഐ.പി.സി ഗോസ്പൽ സെന്റർ ചർച് സീനിയർ പാസ്റ്ററും ആയ പാസ്റ്റർ സൈമൺ ചാക്കോ ഉൽഘാടനം ചെയ്ത എൻറീച്ച്മെന്റ് ബൈബിൾക്വിസ് ചർച് ഓഫ് ഗോഡ് യു എ ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഓ.മാത്യു വിന്റെ അനുഗ്രഹ പ്രാർത്ഥനയോടും, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ. ഡോ. വിത്സൺ ജോസഫിന്റെ ആശീർവാദത്തോടും സമാപിച്ചു. ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ സഹകാരികൾക്കും അഭ്യുദയകാംക്ഷികൾക്കും ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്‌റ്റർ നന്ദി അറിയിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like