ലേഖനം:ദൈവത്തിന്റെ തീ | ജോബ് വര്ഗീസ് ജോസ്

” ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിലെത്തിയപ്പോള്‍, അമാലേക്യര്‍ സിക്ലാഗും, തെക്കേ ദേശവും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച്, അതിനെ തീ വച്ച് ചുട്ടുകളഞ്ഞിരുന്നു. ” – ( 1 ശമുവേല്‍ 30:1 )

കഴിഞ്ഞ ദിവസം കർണാടക – തമിഴ്നാട് അതിർത്തിയിലെ ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നു പോകുമ്പോൾ വിദൂരതയോളം കാടും , മലകളും കാട്ടുതീയിൽ കത്തികരിഞ്ഞു കിടക്കുന്ന ദാരുണമായ കാഴ്ച്ച കണ്ടു . സാമൂഹ്യ വിരുദ്ധർ ആരോ അലക്ഷ്യമായി കൈകാര്യം ചെയ്ത തീനാളങ്ങളിൽ നിന്നാണ് ഇത്രയും വലിയ ഒരു ദുരന്തം ഉടലെടുത്തത് എന്ന് നാം പത്രമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചറിഞ്ഞതാണ് . എത്രയെത്ര ജന്തുക്കൾ , എത്രയെത്ര അമൂല്യമായ സസ്യലതാതികൾ ഒക്കെ ആ കാട്ടുതീയിൽ വെന്തുരുകി ചാമ്പലായി ! ആ യാത്രയിൽ മുഴുവൻ ചിന്തിച്ചത് തീയെ കുറിച്ചാണ് , കാട്ടുതീ എന്ന വിഷയത്തെക്കുറിച്ച് .

പ്രധാനമായും മൂന്ന് തരം കാട്ടു തീ ഉണ്ട് .
ഒന്ന് , സ്വാഭാവിക കാട്ടു തീ .. രണ്ട് , ഫയർ ലൈൻ എന്ന സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയെടുക്കുന്ന കാട്ടുതീ , മൂന്ന് , സാമൂഹ്യ വിരുദ്ധരോ , മറ്റു ഛിദ്ര ശക്തികളോ അലക്ഷ്യമായി വലിച്ചെറിയുന്ന തീയിൽ നിന്ന് പടർന്നു പിടിക്കുന്ന കാട്ടു തീ ..

കൊടും വേനലിൽ , രണ്ട് മരച്ചില്ലകൾ തമ്മിൽ ഉരഞ്ഞു ഉണ്ടാകുന്ന തീപ്പൊരി പോലും കാട്ടു തീയ്ക്കു കാരണമാകുന്ന അവസ്ഥകൾ വരാറുണ്ട് . ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ് . മഞ്ഞും, മഴയും , വെയിലും എന്ന പോലെ പ്രകൃത്യാ രൂപപ്പെടുന്ന തീ …. പലപ്പോഴും , വേനൽ മഴയ്ക്ക് മുന്നോടിയായി ഇപ്രകാരം തീ ഉണ്ടാവുക പതിവാണ് . അതിന്റെ ഫലം എന്ന് പറയുന്നത് , അടിക്കാടുകൾ ദ്രവിച്ചു ഉണങ്ങിയ ചപ്പു ചവറുകളും, മുൾപ്പടർപ്പുകളും കത്തി ചാരമായി മാറി ആ ഭൂമണ്ഡലം വൃത്തിയായി മാറുന്ന ഒരു ശുദ്ധീകരണ ക്രിയ പോലെയാണ് ഈ പ്രവർത്തനം . മണ്ണിനടിയിൽ മുളപൊട്ടാനായി കാത്തു കിടക്കുന്ന പുതു നാമ്പുകൾക്കു വളർന്നു പടരാൻ വഴിയൊരുക്കുകയുമാവാം , മറ്റൊരർത്ഥത്തിൽ.പഴയത്, ജീവന്‍ നശിച്ചത് , തുടച്ച് മാറ്റി, പുതുജീവന് വഴിയൊരുക്കുന്ന പ്രതിഭാസം…!
ഒരിക്കലും, കഴിഞ്ഞുപോയ കാലത്തിന്റെ നാമാവശേഷമായ ജീര്‍ണ്ണതകള്‍ നമ്മുടെ മൂന്നോട്ടുള്ള യാത്രയ്ക്കും വളര്‍ച്ചയ്ക്കും തടസമാവാതിരിക്കട്ടെ. മറന്ന് കളയപ്പെടേണ്ടത്, ഉപേക്ഷിക്കപ്പെടേണ്ടത് എരിഞ്ഞടങ്ങി മണ്ണോട് ചേരട്ടെ…

അല്ലാത്തപക്ഷം , ആ ചെറു നാമ്പുകളുടെ വളർച്ചയ്ക്ക് , ആ ചപ്പു ചവറുകളും , മുൾപ്പടർപ്പുകളും ഒരു തടസ്സമായി മാറും . വളർന്നു വരുന്ന വിത്തുകളെ ഞെരിച്ചു കളയുന്ന മുൾപ്പടർപ്പുകളെക്കുറിച്ച് , വിതക്കാരന്റെ ഉപമയിൽ വായിച്ചറിഞ്ഞിട്ടുള്ളവരാണ് നാം അധികം പേരും .

സ്വാഭാവിക കാട്ടുതീ’ എന്ന പ്രക്രിയയുടെ മറ്റൊരു ഗുണം ആയി കണക്കാക്കപ്പെടുന്നത് എന്തെന്നാല്‍, തേക്ക് പോലുള്ള വൻ മരങ്ങളുടെ കായ്കൾക്ക് ചില പ്രത്യേകതകൾ കണ്ടു വരാറുണ്ട് . കട്ടിയുള്ള പുറം തോടിനുള്ളിലാണ് ഈ കായ്കളുടെ പ്രധാന ഭാഗം സ്ഥിതിചെയ്യുന്നത് .. തേക്ക് പോലുള്ള വൃക്ഷങ്ങളുടെ പ്രത്യേകത തന്നെ , ആ കടുപ്പവും , ഉറപ്പും ,ബലവും തന്നെയാണല്ലോ . സ്വാഭാവികമായും , ഈ പുറം തോട് നശിച്ചിട്ടല്ലാതെ, ഇത്തരം കായ്കൾക്കും , പുതു മുകുളങ്ങൾ വിരിയിക്കുവാൻ സാധ്യമല്ല. സ്വാഭാവികമായ തീ ഇത്തരം കായ്കളുടെ പുറം തോടുകൾ കത്തിച്ചു കളഞ്ഞ്, ഇവയെ മുളപൊട്ടുമാറാക്കുന്നു . സത്യത്തിൽ, പുതു ജീവനും , പച്ചപ്പും ആ മണ്ണിൽ പ്രദാനം ചെയ്യുക എന്നതാണ് ഈ സ്വാഭാവിക തീയുടെ ഉദ്ദേശ്യം .

ബലവും , തലയെടുപ്പും , കാഠിന്യവുമുള്ള, വടവൃക്ഷത്തിന്റെ വിത്ത് ‘ എന്ന മഹിമയുടെ പാരമ്പര്യത്തില്‍ അഹങ്കരിച്ച് നീയും ഞാനും ആ മണ്ണില്‍ കിടക്കുന്നേടത്തോളം, ഉള്ളിന്റെയുള്ളിലെ ആത്മമനുഷ്യന് വളര്‍ച്ചയില്ല.
വളരേണമെങ്കില്‍, പുതുജീവന്‍ പ്രാപിക്കേണമെങ്കില്‍, തലയെടുപ്പുള്ള ഒരു തലമുറയുടെ വളര്‍ച്ചയ്ക്കും അനുഗ്രഹത്തിനും കാരണമാകേണമെങ്കില്‍, അകത്ത് വളര്‍ച്ച കാത്ത് കഴിയുന്ന ആത്മമനുഷ്യന്‍ പുറത്ത് വന്നേ മതിയാകൂ, അങ്ങിനെ അവന് തലയുയര്‍ത്താന്‍ കഴിയേണമെങ്കില്‍ നിശ്ചയമായും,പുറമേയുള്ള ആ പാരമ്പര്യത്തിന്റെ കടുത്ത ചട്ടക്കൂട് തകര്‍ത്തെറിയപ്പെട്ടേ പറ്റൂ.. നിശ്ചയമായും ഒരു അഗ്നിശോധനയിലൂടെ നാം കടന്നുപോയേ പറ്റൂ…
ഈ തീ, നമ്മെ നശിപ്പിക്കാനുള്ളതല്ല, മറിച്ച് ഇത് നമ്മുടെ വളര്‍ച്ചയക്കുള്ളതാണ്…
ഇത് ശുദ്ധീകരണത്തിന്റെ തീയാണ്, ഇത് ശോധനയുടെ തീയാണ്…
അതേ, ഇത് ദൈവത്തിന്റെ തീയാണ്…
ആ തീയുടെ അഗ്നിശോധനയ്ക്ക് നിശ്ചയമായും ഒരു സമയമുണ്ട്, ശുദ്ധീകരണം പൂര്‍ത്തിയാകുന്നിടത്ത് അഗ്നിശോധനയും അവസാനിക്കുകയാണ്…
ഇനിയുള്ളത് ആത്മമാരി എന്ന വേനല്‍മഴയുടെ കാലമാണ്…
പുതുജീവനിലേക്ക് തലയുയര്‍ത്തുന്ന നമ്മുടെ ശിരസിനെ കുളിരണിയിക്കുന്നതും,അഭിഷേകം ചെയ്യുന്നതും, നനവിലും നന്മയിലും നിലനിറുത്തി നമ്മെ വളര്‍ത്തുന്നതും ആ മാരിയാണ്…

ഇനി നാം, ചിന്തിക്കുന്നത് ഫയര്‍ലൈന്‍ എന്ന രണ്ടാമത്തെ തീയെക്കുറിച്ചാണ്…
എന്താണ് ഫയര്‍ ലൈന്‍ ?
കാട്ടിനുള്ളില്‍ തീ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതലായി ഒരു നിശ്ചിത രേഖ പോലെ ഒരോ അതിരുകളായി പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ , അതിന് അധികാരപ്പെട്ടവര്‍ തന്നെ മുന്നമേ കത്തിച്ച് ശൂന്യമാക്കുന്ന ഒരു സുരക്ഷാ ക്രമീകരണമാണ് ഫയര്‍ലൈന്‍.
ഇത് മനുഷ്യന്റെ തീയാണ് എന്ന് പറയാം…
അനര്‍ത്ഥം ഒഴിവാക്കാന്‍ വേണ്ടി മനുഷ്യന്‍ തന്നെ ഒരുക്കുന്ന ഒരു സുരക്ഷാ വലയം…
ആത്മീയ അര്‍ത്ഥത്തില്‍ ‘തീ എന്ന് പറഞ്ഞാല്‍ പോര, ..മറിച്ച് യാഗം എന്ന് പറയുന്നതാവും ശരി.
അധരരാഗമാകുന്ന സ്ത്രോത്ര യാഗവും, ശക്തമായ പ്രാര്‍ത്ഥന എന്ന സുരക്ഷാവലയവും ഇവിടെ നാം കണ്ടറിയുന്നു…
യാതൊരനര്‍ത്ഥവും ഭവിക്കാതെവണ്ണം ഒരു ഭക്തനേയും അവന്റെ തലമുറയേയും സംരക്ഷിക്കുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ കോട്ട…

മൂന്നാമത്തെ തീ എന്നത്,മുന്നമേ പറഞ്ഞത് പോലെ ചിദ്രശക്തികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന തീ…
ഇത് ശത്രുവിന്റെ തീയാണ്…
സര്‍വ്വനാശം വിതയ്ക്കുന്ന തീ…
നശിപ്പിക്കുന്ന തീ….
ആ തീയുടെ പിന്നിലുള്ള ഉദ്ധ്യേശം ശത്രുവായ പിശാചിന്റെ പദ്ധതികളാണ്…
പക്ഷെ വീണ്ടെടുക്കപ്പെട്ട ഒരു വിശുദ്ധനെ സംബന്ധിച്ചിടത്തോളം ആ തീയെ, അവന് ഭയക്കേണ്ടതില്ല…
ശത്രുവിന്റെ തീനാളങ്ങള്‍ക്ക് ഒരു ഭക്തനെ തൊടുവാന്‍ പോലും സാദ്ധ്യമല്ല. വേദപുസ്തകത്തില്‍ എത്രയോ അനുഭവങ്ങളും,ചരിത്രങ്ങളും നാം കണ്ടിരിക്കുന്നു…., എത്രയോ സാക്ഷ്യങ്ങള്‍ നാം കേട്ടിരിക്കുന്നു…
ഇത് വായിക്കുന്ന നമ്മില്‍ പലരും പലവട്ടം ആ തീയില്‍ നിന്നുള്ള വിടുതല്‍ അനുഭവിച്ചറിഞ്ഞവരാണ്…

പക്ഷെ ഒരു ഭക്തനും, അവന്റെ ജീവിതത്തില്‍ തീയുടെ അനുഭവത്തിലൂടെ കടന്നു പോവേണ്ടി വന്നേക്കാം…, പക്ഷെ ആ തീ നമ്മെ ഉടച്ച് വാര്‍ക്കാനുള്ള തീയാണ്. ആ തീയില്‍ നിന്നാണ് ഒരു യഥാര്‍ത്ഥ ഭക്തന്റെ ജീവിതം ഉരുത്തിരിയുന്നത്. അവന്റെ അനുഗ്രഹത്തിന്റേയും നന്മകളുടേയും തുടക്കം, ആ തീയിലൂടെയുള്ള കടന്നുവരവിങ്കലാണ്….

രാജനഗരത്തില്‍ നിന്നും അകന്ന് മാറി
ആഖീശിനോട് ഇരന്ന് വാങ്ങിയ, നാട്ടിന്‍പുറത്തെ ഊരും,നിന്റെ മണ്ണും കത്തി നശിച്ചേക്കാം…സിക്ലാഗ് തീവച്ച് ചുട്ടെരിക്കപ്പെട്ടേക്കാം, കരയാന്‍ ബലമില്ലാതാകുവോളം നീയും നിന്റെ കൂട്ടാളികളും ഉറക്കെ കരയുന്നതെന്തിന് ? ( വചന സന്ദര്‍ഭം – 1 ശമുവേല്‍ 30:4 )
ആ തീയുടെ പിന്നില്‍ പോലും ശക്തമായ ദൈവീകോദ്ധ്യേശമുണ്ട്. ദൂരെ, ദൈവത്തിന്റെ വിശുദ്ധനഗരം, യെരുശലേമും,ഹെബ്രോനും,സീയോന്‍ കോട്ടയും തന്നെ, ഇനിയെന്നേക്കും നിന്റെ നാമത്തില്‍ അറിയപ്പെടാന്‍ കാത്തിരിക്കുന്നു…( വചന സന്ദര്‍ഭം – 1 ദിനവൃത്താന്തം 11:5 )

ദൈവത്തിന്റെ കണ്ണില്‍ നീ ,
ഇരന്ന് വാങ്ങിയ സിക്ലാഗിലെ മണ്ണില്‍
ഒതുങ്ങിക്കഴിയേണ്ടവനായിരുന്നില്ല.
ഒരുപക്ഷേ, അന്ന് സിക്ലാഗ് കത്തി നശിച്ചില്ലായിരുന്നുവെങ്കില്‍,നാളെ വിശുദ്ധനഗരത്തെ ചൂണ്ടി, ദാവീദിന്റെ പട്ടണം എന്ന് പേര് ചാര്‍ത്തി വിളിക്കാന്‍ കാരണമാകുമായിരുന്നോ …..?

തീയുടെ കാലം കഴിയുന്നു, ശോധനയുടെ നാളുകളും കഴിയുന്നു,
ഇനി വേനല്‍മഴയുടെ കാലമാണ്…
അഭിഷേകത്തിന്റെ കാലം..
യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്തുകൊണ്ടുള്ള തൈലം നിന്റെ ശിരസിനെ നനയ്ക്കുന്ന കുളിര്‍മയുടെ കാലം..
മാനത്തിന്റെ കാലം, ശ്രേഷ്ഠതയുടെ കാലം…, വരുവാനുള്ള ലോകരക്ഷകന്‍ നിന്നില്‍ നിന്ന് മുളപൊട്ടുവാനുള്ള കാലം.

വിളിച്ച് വേര്‍തിരിക്കപ്പെട്ട ഓരോ വിശുദ്ധന്റേയും ജീവിതത്തില്‍, ഇതുപോലെ അഗ്നിശോധനയിലൂടെ കടന്നുപോവേണ്ട നാളുകള്‍ നിശ്ചയമായും ഉണ്ടാവാം..

എരിഞ്ഞടങ്ങേണ്ട ചില മാലിന്യങ്ങളും,കാഠിന്യങ്ങളും ഓരോരുത്തരിലും കണ്ടേക്കാം..
പുറം ചട്ടകള്‍ തകരട്ടെ, പുതുജീവിതത്തിന്റെ വിത്തുകള്‍
മുളയ്ക്കട്ടെ…,
ഉള്ളിന്റെയുള്ളില്‍ നിന്നും ആത്മമനുഷ്യന്‍ ജീവിച്ച് തുടങ്ങട്ടെ…,
ലോകരക്ഷകന്‍ നമ്മില്‍ ഓരോരുത്തരിലും ജനിക്കട്ടെ,
ആമേന്‍ …ആമേന്‍…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.