ലേഖനം:അദ്ധ്വാന വർഗ്ഗത്തിന്റെ ഭാരം ലഘൂകരിക്കുന്ന ക്രിസ്തു!! | പാസ്റ്റർ കെ ജോൺ

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. മത്താ.11:28

ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്തതും, ഇനിയും കേൾക്കുവാൻ സാധ്യതയില്ലാത്തതും എന്നാൽ എന്നും എല്ലാവരും കേൾക്കുവാൻ ആഗ്രഹിക്കുന്നതുമായ ആഗോളവ്യാപകമായ സാന്ത്വന ശബ്ദം. മനുഷ്യോല്പത്തി മുതൽ ഒരു നേതൃത്വത്തിനും നൽകുവാൻ കഴിയാത്ത ഈ ശബ്ദത്തിന്റെ ദൃഢതയും, സുതാര്യതയും അവർണ്ണനീയമാണ്. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തേയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു എന്ന പരമാധികാരിയുടെ അലംഘനീയമായ ശബ്ദമാണ് ആ അധരങ്ങളിൽ നിന്നും പുറപ്പെട്ടത്. എന്നാൽ സാത്താന്യ മണ്ഡലങ്ങളോട് യുദ്ധം ചെയ്തുകൊണ്ട് നിൽക്കുന്ന സൈന്യാധിപന്റെ ആജ്ഞാസ്വരം മാത്രമല്ല, പീഡിപ്പിക്കപ്പെടുന്ന സാമാന്യ ജനത്തിന് അനുഭവിക്കുവാൻ കഴിയുന്ന ആശ്വാസദായകന്റെ സാന്നിദ്ധ്യവും സമീപത്തുണ്ട് എന്നു ഉറപ്പു തരുന്നതാണ് ഈ കർതൃ ശബ്ദം.

ഒരു ദിവ്യധ്വനി
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ. മാനവകുലത്തെ മുഴുവനും ഉൾപ്പെടുത്തിയ സംബോധന. ഇതിലെ പ്രഥമഭാഗം ദൈവത്താൽ നല്കപ്പെട്ടതായിരുന്നു. യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻ തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ കാപ്പാനും അവിടെ ആക്കി (ഉല്പ.2:15). അദ്ധ്വാനിക്കുവാൻ കൽപന നൽകി എങ്കിലും മാനവൻ ചുമക്കേണ്ട ഭാരം സൃഷ്ടിതാവിന്റെ പദ്ധതിയിൽ പെട്ടതായിരുന്നില്ല. പക്ഷെ, അനുസരണക്കേടിൽ അമർന്നുപോയ ആദി മനുഷ്യന്റെ മേൽ ക്രമേണ അവനു സ്വയം നീക്കുവാൻ കഴിയാത്ത ഭാരങ്ങൾ വന്നു കയറി. അങ്ങനെ അവൻ കയറ്റിവച്ച ഭാരം വിവിധമാണ്.

ഏദൻതോട്ടത്തിൽ സ്ത്രീക്കു ലഭിച്ചത് കഷ്ടവും ഗർഭധാരണവും (ഉല്പ.3:16). ശപിക്കപ്പെട്ട ഭൂമിയിൽ നിന്നുള്ള തിരസകരണം മുള്ളിന്റേയും പറക്കാരയുടെയും രൂപത്തിൽ പുരുഷന്റെമേൽ ഭാരമായി. കൂടാതെ അഹോവൃത്തി കഴിക്കേണ്ടതിനുള്ള കഠിനാധ്വാനം ഉപജീവന ചിന്ത എന്ന നിലയിലും (ഉല്പ.3:17).

ഇത് സാത്താന്റെ പരീക്ഷയിൽ അകപ്പെട്ടതു നിമിത്തം മനുഷ്യന്റെ മേൽ വന്നതെങ്കിൽ പ്രവാചകശ്രേഷഠൻ വിളിച്ചോതുന്ന അകൃത്യഭാരം എന്ന ചുമട് ദൈവത്തെ ഉപേക്ഷിച്ചു അത്യുന്നതനെ നിരസിച്ചതു നിമിത്തം വന്നു കയറിയതാണ്. അയ്യോ പാപമുള്ള ജാതി, അകൃത്യഭാരം ചുമക്കുന്ന ജനം. ദുഷ്പ്രവൃത്തിക്കാരുടെ സന്തതി വഷളായി നടക്കുന്ന മക്കൾ. അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു (യെശ.1:4).

ലോകത്താലും പിശാചിനാലും ഭാരം ചുമക്കേണ്ടി വന്ന മനുഷ്യന്റെ മേൽ സമൂഹവും കയറ്റിവച്ചു ഒരു വലിയ ഭാരം. മേല്പറഞ്ഞ ചുമടുകൾ മാറ്റിക്കളയുവാൻ എന്ന വ്യാജേന വിവിധ മതസംഹിതകൾ കെട്ടിവച്ച ആചാരാനുഷ്ഠാനങ്ങളായി മാത്രം മാറിയ പ്രമാണങ്ങൾ . യേശു പറഞ്ഞത് ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം. എടുക്കാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു. നിങ്ങൾ ഒരു വിരൽ കൊണ്ടു പോലും ആ ചുമടുകളെ തൊടുന്നില്ല (ലുക്കോ.11:46).

ദൈവീക പ്രമാണം നേരിട്ട് ഏറ്റുവാങ്ങിയ ഒരു ജനത്തിന്റെ ഭാരം ഇവ്വിധമെങ്കിൽ നിഷ്പ്രയോജന ഭാരം ചുമക്കുന്ന മറ്റു ലോക ജനതയുടെ സ്ഥിതി എത്രയോ ഖേദകരം.

വിശിഷ്ട വ്യവസ്ഥ
സാമൂഹ്യ ഉച്ചനീചത്വമോ, വർണ്ണവ്യതിയാനമോ, കുലമഹിമയോ ഗണ്യമാക്കാതെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഏവരും അനുഭവിക്കുന്ന വലിയ ഭാരം സമ്പത്തുകൊണ്ടോ, അറിവുകൊണ്ടോ, കഴിവുകൾ കൊണ്ടോ സ്വയം ഇറക്കിവച്ചു ആശ്വാസം കണ്ടെത്തുവാൻ കഴിയാതിരിക്കുമ്പോൾ ഇതാ പ്രപഞ്ചം ദർശിച്ച ഏറ്റവും വലിയ ആശ്വാസ ദായകന്റെ അതുല്യ ശബ്ദം. എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരോടും ഏക നിബന്ധനയിൽ ഈ നായകനു നൽകുവാനുള്ള ആഹ്വാനം സൗജന്യമായ ആശ്വാസമാണ്. ആ വിശിഷ്ട നിബന്ധനയോ എന്റെ അടുക്കൽ വരുവിൻ എന്ന സ്നേഹ ശബ്ദവും. ഇതേ വാക്കു തന്നെയാണ് കടൽ തീരത്തുവച്ചു അനുഗമിക്കുവാനുള്ള ആഹ്വാനമായി ശീമോൻ സഹോദരന്മാരും, ഇടിമക്കളും ശ്രവിച്ചത് (മത്താ.4:19,21). അനുഗമിക്കുന്നവർക്കു ആശ്വാസം. അതാണ് ഈ വിളിയുടെ ശ്രേഷ്ഠത. ലോകനേതാക്കൾ തങ്ങളെ അനുഗമിക്കുന്നവരെ കൊണ്ട് അദ്ധ്വാനിപ്പിക്കുമ്പോൾ അദ്ധ്വാനിക്കുന്നവരെ വിളിച്ചു ആശ്വാസം നൽകുന്ന ഒരേ ഒരു നേതാവ് യേശു മാത്രം.

പാപം ചെയ്തുകൊണ്ട് സാത്താനാൽ അടിച്ചേല്പിക്കപ്പെട്ട ഭാരമുള്ള ചുമടുവാഹികളുമായി ദൈവസന്നിധിയിൽ നിന്ന് അന്യപ്പെട്ട് അകന്നുപോയ മാനവകുലം. ആശ്വാസത്തിന്റേയും ആനന്ദത്തിന്റെയും അനുഭവത്തിൽ നിന്ന് ദൂരസ്ഥരായി പോയ ആദാമ്യവർഗ്ഗം. എന്നേക്കുമനുവദിച്ച ജീവന്റെ അനുഭവത്തിൽ നിന്ന് മരണത്തിന്റെ കരാളഹസ്തത്തിലമർന്നു സൃഷ്ടിതാവിന്റെ സാമീപ്യം നഷ്ടപ്പെട്ട ദൈവസൃഷ്ടി. അവർക്കു നഷ്ടപ്പെട്ടുപോയത് തിരികെ നൽകുവാൻ ഇറങ്ങിവന്ന രക്ഷകന്റെ ശബ്ദം എന്റെ അടുക്കൽ വരിക. അടുക്കൽ വരുന്നവർക്ക് മാത്രമേ നഷ്ടപ്പെട്ടത് തിരികെ ലഭിക്കുകയുള്ളു.

എന്റെ അടുക്കൽ വന്നാൽ ലഭിക്കും എന്ന് ഉറപ്പോടെ പറയുവാൻ കഴിയുന്ന ഒരുവൻ മാത്രം. ഇന്നലെയുണ്ടായിരുന്നവർക്കു പ്രയോജനപ്പെട്ടതും, ഇന്നുള്ളവർക്കും, നാളെ ജനിപ്പാനിരിക്കുവർക്കും ഉപകാരപ്രദമായ ഉറപ്പേറിയ ആഹ്വാനം നൽകുവാൻ കഴിവുള്ള ഉന്നതന്റെ വിളി. ഇന്നലെയും ഇന്നും എന്നേക്കും അനന്യനായവന്റെ മാറാത്ത ശബ്ദം. എന്റെ അടുക്കൽ വരുക. ഞാൻ, എന്റെ എന്ന് യാതൊരു പരസഹായവും കൂടാതെ എന്തും സ്വന്തമായി ചെയ്തു പൂർത്തീകരിക്കുവാൻ കഴിവുള്ള ദൈവസുതൻ ആഗോളവ്യാപകമായി എക്കാലത്തുമുള്ള മാനവകുലത്തെ വിളിക്കുന്നു എന്റെ അടുക്കൽ വരുക.

സാന്ത്വനം സമീപസ്തർക്ക്
ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും എന്നത് ആഗോളവ്യാപകമായി സർവ്വ മാനവജാതിക്കും അവകാശമാക്കാനുള്ളതാണ്. അടുത്തു ചെല്ലുന്ന ഏവർക്കും അത് അസന്നിഗ്ദ്ധമായി ഉറപ്പു നൽകുന്നു.

മനുഷ്യനെ ആത്മാവ്, പ്രാണൻ, ദേഹം എന്നീ നിലയിലാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. പാപം നിമിത്തം മനുഷ്യന് ആത്മാവിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. കഠിനമായ അദ്ധ്വാനവും ജീവിതഭാരവും ശരീരത്തിന്റെ ആശ്വാസം എടുത്തു കളഞ്ഞു. അത് അവന്റെ മനസിന്റെയും ആശ്വാസം ഇല്ലാതാക്കി. അങ്ങനെ മനുഷ്യൻ എല്ലാവിധത്തിലും സ്വസ്ഥതയില്ലാത്തവനായി മാറ്റപ്പെട്ടു. എന്നാൽ മാനവകുലത്തിന്റെ പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു ക്രൂശിൽ പരമയാഗമായപ്പോൾ പാപഭാരത്തിനു പരിഹാരമായി. ആകാശത്തിലെ പറവകളേയും, വയലിലെ താമരയെയും കാണിച്ചു (മത്താ.6:26,28) അവയെ പോറ്റുന്നവൻ തന്റെ കൈകളുടെ സൃഷ്ടിയായ മനുഷ്യനോടുള്ള കരുതലിനെ ഓർപ്പിച്ചു ശരീരത്തിനും ആശ്വാസം വാഗ്ദാനം അരുളി. ആകയാൽ എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ വിചാരപ്പെടരുത് (മത്താ.6:31) എന്ന് പറഞ്ഞു മനസ്സിനും സമാധാനം നൽകിയപ്പോൾ ആശ്വാസ വാഗ്ദാനം പൂർണ്ണമായി.

എന്നാൽ നിരന്തരമായി ഇളകുന്ന സമുദ്രത്തിൽ കിടക്കുന്ന പടകു ജലപ്പരപ്പിൽ ചാഞ്ചാടുന്നതുപോലെ സമാധാനമില്ലാത്ത ഈ ലോകത്തിലായിരിക്കുന്ന ദൈവജനത്തിനും താത്കാലികമായ അസ്വസ്ഥതകൾ ജീവിതത്തിൽ അനുഭവപ്പെടും. പക്ഷേ, സമർത്ഥനായ ഒരു അമരക്കാരൻ തന്റെ പടകിനെ മുന്നോട്ടു നയിക്കുന്നതുപോലെ അരുമനാഥൻ തന്റെ ജനത്തെ സ്വസ്ഥമായി മുന്നോട്ടു നയിക്കും എന്ന ഉറപ്പ് ഈ കർതൃ ശബ്ദം നമുക്ക് നൽകുന്നു.

ഓളങ്ങളാൽ നിറഞ്ഞ സമുദ്രത്തിൽ നിന്ന് കരക്കുകയറ്റി വച്ചിരിക്കുന്ന പടകിന്റെ അവസ്ഥയാണ് തന്റെ അടുക്കൽ വരുന്നവർക്ക് ഈ ലോകം നൽകുന്ന ആശ്വാസത്തിന്റെ അടുത്ത അനുഭവം. ഇത് ആത്മീയായി സർവ്വശക്തനായ ദൈവവുമായുള്ള നിരപ്പും കൂടെയാണ്. യേശു ഈ ലോകത്തിലേക്ക് വന്നത് ഈ വലിയ നിരപ്പ് വരുത്തേണ്ടതിനായിട്ടാണ്. തന്റെ അടുക്കൽ വരുന്നവർക്ക് ആ വലിയ ദൈവീകസമാധാനം ദൈവപുത്രൻ വാഗ്ദാനം ചെയ്യുന്നു. സമീപസ്ഥരായി തീരുന്നവർക്കു ലഭ്യമാകുന്ന ആശ്വാസം ഈ ലോകത്തിലെ താത്കാലികാനുഭവത്തിനും അപ്പുറത്തായി നിത്യതയിൽ എന്നേക്കും ലഭിക്കുന്ന അനുഭവവും കൂടെയാണ് എന്നു വചനവും ഉറപ്പു നൽകുന്നു. ആകയാൽ ദൈവത്തിന്റെ ജനത്തിനു ഒരു ശബ്ബത്തനുഭവം ശേഷിപ്പിച്ചിരിക്കുന്നു (എബ്രാ.4:19)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.