ലേഖനം:പ്രാര്‍ത്ഥനയും ദൈവഹിതവും | ഷിജു ചാക്കോ

‘അടിയന്തര പ്രാര്‍ത്ഥനയ്ക്ക്” എന്ന തലക്കെട്ടോടെ വന്ന വാട്സ് ആപ്പ് സന്ദേശം വായിക്കുകയായിരുന്നു. “അപകടത്തില്‍പ്പെട്ട ഒരു സ്നേഹിനെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു”. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിച്ചുകൊണ്ട്‌ ആ സന്ദേശം പലരിലേക്ക് അയക്കുകയും കുറേനേരം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. എന്നാല്‍ അല്പസമയത്തിനു ശേഷം അദ്ദേഹം ലോകത്തോട്‌ വിടപറഞ്ഞു എന്ന ദുഃഖകരമായ വാര്‍ത്തയായിരുന്നു ലഭിച്ചത്.

ഈ സംഭവത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്നാമത് ഇത്ര പ്രാര്‍ത്ഥിച്ചിട്ടും ദൈവം മറുപടി തരാഞ്ഞത് എന്താണ്, ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലേ? എന്നീ ചോദ്യങ്ങളാണ്. മറ്റൊന്ന് ഇതായിരുന്നു ദൈവഹിതം, അദ്ദേഹത്തിന്‍റെ ആയുസ്സ് ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് സമാധാനിക്കാം. ഈ രണ്ടു വ്യാഖ്യാനങ്ങളിലേയും ശരിതെറ്റുകള്‍ കണ്ടെത്തുന്നതിനെക്കാള്‍ ശരിയായ പ്രാര്‍ത്ഥന എന്താണെന്ന് മനസ്സിലാക്കുകയാകും എളുപ്പം.

ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയെപറ്റി ശരിയായ അറിവ് നമുക്കില്ലെന്നാണ് ദൈവവചനം പറയുന്നത്. ഒരുപക്ഷെ മിക്ക ആളുകളും ഇതു അംഗീകരിക്കണമെന്നില്ല, കാരണം അവരെല്ലാം എത്രയോ വര്‍ഷങ്ങളായി പ്രാര്‍ത്ഥിക്കുന്നവരാകം.എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന മുകളില്‍ ഉദ്ദരിച്ച വ്യാഖ്യാനങ്ങളിലൊന്നില്‍ അവസാനിപ്പിക്കേണ്ടി വരുന്നെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന ദൈവഹിതപ്രകാരമായിരുന്നോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ ബലഹീനതയില്‍ ദൈവം നമുക്കു തുണനില്‍ക്കുന്നു എന്നത് എറ്റവും ആശ്വാസകരമാണ്. “അവ്വണ്ണം തന്നെ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണ നില്‍ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു”.(റോമ:8:26).

ദൈവവുമായി നാം നടത്തുന്ന ആശയവിനിമയമാണ് പ്രാര്‍ത്ഥന. ദൈവം തന്‍റെ വചനത്തിലൂടെയും, ദൈവ ദാസന്മാരില്‍ കൂടെയും മറ്റു വിവിധ നിലകളില്‍ മനുഷ്യരുമായി സംസാരിക്കുമ്പോള്‍ നമുക്ക് ദൈവവുമായി സംസാരിക്കാന്‍  കഴിയുന്നത്‌ പ്രാര്‍ത്ഥനയിലൂടെയാണ്. നമ്മുടെ പ്രാര്‍ത്ഥനയിലൂടെ നാം നിസ്സഹായരാണെന്നും, എറ്റവും ചെറുതെന്നു നാം കരുതുന്ന ആവശ്യങ്ങളില്‍പോലും ദൈവത്തിന്‍റെ സഹായം നമുക്ക് ആവശ്യമുണ്ടെന്നും തുറന്നു സമ്മതിക്കുകയാണ്.

രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിക്കാന്‍ ദേവാലയത്തില്‍ പോയതിനെപറ്റി ലൂക്കോസ് സുവിശേഷത്തില്‍ കാണാം (ലൂക്കോസ് 18: 10-14). ഒരുത്തന്‍ ഒരു പരീശന്‍, മറ്റവന്‍ ചുങ്കക്കാരന്‍. പരീശന്‍ ഒരു വലിയ പ്രാര്‍ത്ഥനാ മനുഷ്യനായി  ഭാവിക്കുകയാണ്. ദിനേന താന്‍ ചെയ്യുന്ന കാര്യങ്ങളും മറ്റുള്ളവരെക്കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങളുമെല്ലാം ആ പ്രാര്‍ത്ഥനാ വാചകങ്ങളിലുണ്ട്. എന്നാല്‍ ചുങ്കക്കാരനിലേക്ക് നോക്കൂ,   ദേവാലയത്തിന്‍റെ മുന്നിലേക്ക് എത്തിയപ്പോള്‍ മുതല്‍ അവന്‍റെ ഉള്ളം പിടയ്ക്കുകയാണ്. ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ ഉള്ള യോഗ്യത തനിക്കില്ല എന്ന് അവനു നന്നായി അറിയാം. പരീശന്‍ ചെയ്യുന്നതുപോലെയുള്ള സല്‍പ്രവര്‍ത്തികളുടെ ഒരംശവും തന്‍റെ ജീവിതത്തിലില്ല. അവന്‍ അല്പം ദൂരത്തേക്ക് മാറി നിന്നു.തനിക്കും ദൈവത്തിനും മാത്രം അറിയാമായിരുന്ന തന്‍റെ അവസ്ഥ ദൈവസന്നിധിയില്‍ തുറന്നു സമ്മതിച്ചു. സ്വര്‍ഗത്തിലേക്ക് നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

എന്നാല്‍ ആ ഉപമയുടെ അവസാന ഭാഗം നമ്മുടെ കാഴ്ച്ചപ്പാടുകള്‍ക്ക് വ്യത്യാസം വരുത്തുന്നു. പരീശന്‍ ദേവാലയത്തിലെ മുഖ്യസ്ഥാനത്തിനു അര്‍ഹനാണ്. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്ന പ്രവര്‍ത്തികളാണ് താന്‍ ചെയ്തുപോരുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍ വ്യത്യസ്തമാണ്. പരീശന്‍റെ പ്രാര്‍ത്ഥനയുടെ പിന്നിലുള്ള ലക്ഷ്യമെന്താണെന്നു ദൈവം കണ്ടു. മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കുകയും ചെയ്യണമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും തനിക്കില്ല. എന്നാല്‍ ചുങ്കക്കാരന്‍റെ സമീപനം നോക്കൂ, മനുഷ്യന്‍റെ അംഗികാരത്തെക്കാള്‍ ദൈവത്തിങ്കല്‍ നിന്നുള്ള നിതീകരണമാണ് വിലയേറിയത് എന്ന് അവനു മനസ്സിലായി. അതിനാല്‍ മറ്റുള്ളവരുടെ അവഗണനയോ, പരിഹാസമോ ഒന്നും അവനു വിഷയമല്ലായിരുന്നു. അതിനെ വകവയ്ക്കാതെ അവന്‍ മാറത്തടിച്ചു നിലവിളിച്ചു. മനോഹരമായ വാചകങ്ങളോ ,ശൈലിയോ ഒന്നും അതിനില്ല, ആത്മാര്‍ത്ഥമായ ഒരു നിലവിളി മാത്രം. അവന്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.

പ്രാര്‍ത്ഥനയുടെ എറ്റവും വലിയ മാതൃക നമുക്കു കാണാന്‍ കഴിയുന്നത്‌ യേശുക്രിസ്തുവിലാണ്. തന്‍റെ ശിഷ്യന്മാരെ പ്രാര്‍ത്ഥനയുടെ മാതൃക പഠിപ്പിക്കുന്നതില്‍ ആദ്യവാചകം തന്നെ ദൈവഹിതം നിറവേറണം എന്നതാണ്. നമ്മുടെ സ്വാര്‍ത്ഥമായ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റിത്തരുവാന്‍ നിര്‍ബന്ധിക്കുകയല്ല മറിച്ച് ദൈവഹിതത്തിനായി നമ്മെത്തന്നെ വിധേയപ്പെടുത്തുന്നതാണ് പ്രാര്‍ത്ഥന. യേശു പഠിപ്പിക്കുന്ന പ്രാര്‍ത്ഥനയുടെ തുടര്‍വാചകങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വാര്‍ത്ഥമായ ഒരു ആവശ്യവും അതിലില്ലെന്നു മാത്രമല്ല അപ്രകാരമുള്ള അപേക്ഷകള്‍ വെറും ജല്പനമാണെന്നും നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ ഇന്നതെന്നു നാം യാചിക്കുംമുമ്പെ നമ്മുടെ പിതാവാം ദൈവം അറിയുന്നു.

നമ്മുടെ പ്രാര്‍ത്ഥനകളില്‍ എറ്റവും അപകടകരമായ ഒരു വസ്തുത നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു എന്നതു വിശ്വസിക്കാന്‍ കഴിയാത്തതാണ്.വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥനയെന്നാല്‍ നാം യാചിക്കുന്നതെല്ലാം അതേപടി ദൈവം ചെയ്തുതരും എന്നുള്ള വിശ്വാസമാണെന്നാണ് പലരും ചിന്തിക്കുന്നത്. അപ്രകാരം വിശ്വസിക്കുന്നതു നല്ലതാണെങ്കിലും പലപ്പോഴും ദൈവഹിതത്തെക്കാള്‍ ഉപരി നാം ആഗ്രഹിക്കുന്നതുപോലെ പ്രാര്‍ത്ഥനയുടെ മറുപടി ലഭിക്കും എന്നു ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യാനാണ് നാം താല്‍പര്യപ്പെടുന്നത്‌.
ശുഭാപ്തിവിശ്വാസം(optimist) ഉള്ളവരായിരിക്കുക എന്നത് ലോകപ്രകാരം നല്ലതാണെങ്കിലും അതുകൊണ്ട് ദൈവഹിതത്തിനു വ്യതിയാനം വരുത്താന്‍ കഴിയില്ല . ഇന്നത്തെ പല ആധുനിക സഭാവിഭാഗങ്ങളും  ഇത്തരം കുറുക്കുവഴികളിലൂടെ തങ്ങളുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാം എന്നു പഠിപ്പിക്കുന്നവരാണ്. പ്രാര്‍ത്ഥിച്ചാല്‍ ഇന്നിന്നതൊക്കെ കിട്ടും,സ്ഥിതികള്‍ക്കു മാറ്റം വരും തുടങ്ങി ഭൌതികമായ കാര്യങ്ങള്‍ക്കു മാത്രം മുന്‍‌തൂക്കം കൊടുക്കുന്ന ഇത്തരം സംഘങ്ങളും അവരുടെ അനുഗാമികളും മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണ്. ആഗ്രഹിക്കുന്നതെല്ലാം നടക്കും, നടക്കും എന്നു സ്വപ്നം കാണുന്നതല്ലാതെ യാഥാര്‍ത്ഥത്തില്‍ ഒന്നും നടക്കുന്നില്ല എന്നതു മനസ്സിലാക്കാന്‍ കഴിയാതെ ഒടുവില്‍ ഇവര്‍വിശ്വാസ ത്യാഗികളായി മാറ്റപ്പെടാനും സാധ്യതയുണ്ട്. അപ്പോസ്തലനായ പൌലോസിന്‍റെ ഒരു പ്രാര്‍ത്ഥന 2 കൊരിന്ത്യര്‍ പന്ത്രണ്ടാം അദ്ധ്യായത്തില്‍ കാണാം. തന്‍റെ ജഡത്തിലുള്ള ശൂലം  വിട്ടു നീങ്ങേണ്ടതിന്നു താന്‍ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചുവെങ്കിലും അതു മാറിയില്ല. പക്ഷേ അതിലുള്ള ദൈവഹിതം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് പൌലോസിന്‍റെ വിജയം. തന്‍റെ അപേക്ഷയില്‍ ശാരീരികമായ ഒരു സൌഖ്യം മാത്രമാണ് താന്‍ പ്രതിക്ഷിച്ചത്. ജഡപ്രകാരമുള്ള ആ ആഗ്രഹം നിവര്ത്തിച്ചു കൊടുത്താല്‍ മറ്റുള്ളവരേക്കാള്‍ താന്‍ വലിയവനാനെന്നുള്ള സ്വയനീതികരണത്തിലൂടെ ഒരു നിഗളിയായി മാറും എന്നു മുന്നമേ കണ്ട ദൈവം അവനു കൊടുത്ത മറുപടി “എന്‍റെകൃപ നിനക്കു മതി ; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നതായിരുന്നു. നമ്മുടെ പല പ്രാര്‍ത്ഥനാ വിഷയങ്ങളിലും ദൈവം നല്‍കുന്ന മറുപടി ഇപ്രകാരമായിരിക്കും.എന്നാല്‍ ഇതായിരുന്നു ദൈവഹിതം എന്നു മനസ്സിലാകുവാന്‍ മാനുഷികമായ നമ്മുടെ ബുദ്ധി പരിമിതമാകയതിനാല്‍ സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെമാത്രമേ ഈ ബലഹീനതയെ നമുക്കു ജയിക്കുവാന്‍ കഴിയുകയുള്ളൂ.

ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയുടെ ഉത്തമ ഉദാഹരണമാണ്  സുവിശേഷങ്ങളില്‍ കാണുന്ന കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥന. മലയിൽനിന്നു ഇറങ്ങിവരുന്ന യേശുവിനെ കണ്ട കുഷ്ടരോഗി യേശുവിന്‍റെ അടുക്കല്‍ വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. ഒന്നാമത് പ്രാര്‍ത്ഥനയില്‍ നമ്മെത്തന്നെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയും ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ഇതു പരിഹരിക്കാന്‍ കഴിയില്ല എന്നു വിശ്വസിക്കുകയും ചെയ്യണം. നമ്മുടെ കര്‍ത്താവായി അവന്‍ മാറണം .അത് കേവലം വാക്കുകളില്‍ മാത്രമല്ല, ജീവിതത്തിന്‍റെ സമസ്ഥമേഖലകളിലും അവിടുന്ന്കര്‍തൃത്വം ഏറ്റെടുക്കണം.മാത്രമല്ല ദൈവഹിതത്തിനായി നമ്മുടെ വിഷയത്തെ ഏല്പിച്ചുകൊടുക്കുകയും വേണം. ദൈവം സൌഖ്യമാക്കും എന്നുള്ള പരിപൂര്‍ണ്ണ വിശ്വാസം ആ കുഷ്ടരോഗിക്കു ഉണ്ടായിരുന്നെങ്കിലും അത് ചെയ്തുതരണമെന്നു അവകാശപ്പെടാതെ നിനക്കു മനസ്സുണ്ടെങ്കിൽ അഥവാ  തനിക്ക് സൌഖ്യം നല്‍കുക എന്നത് ദൈവഹിതമാണെങ്കില്‍ അങ്ങനെയാകട്ടെ എന്ന് അപേക്ഷിക്കുകയായിരുന്നു.

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് നാം ആഗ്രഹിക്കുന്ന രീതിയിലുള്ള ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും ദൈവം സര്‍വ്വശക്തനാണ് എന്ന വിശ്വാസം നമുക്കുണ്ടാകണം. കാരണം ദൈവവചനം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌. ആ തിരിച്ചറിവാണ് ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയിലേക്ക് നമ്മെ നയിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.