എപ്പോഴും സന്തോഷമുള്ളവരായിരിക്കുവാന്‍ “മാര്‍ പാപ്പയുടെ പത്തു കല്‍പ്പനകള്‍”

വത്തിക്കാൻ സിറ്റി: ആനന്ദം ആഗ്രഹിക്കാത്തവരായി ആരുണ്ട് ഭൂമിയിൽ. പക്ഷേ, ഏറ്റവും കൂടുതൽ ക്ഷാമവും ആനന്ദത്തിനുതന്നെ. അതുകൊണ്ടാണാവണം, ‘വേൾഡ് ഹാപ്പിനസ് ഡേ’യിൽ വത്തിക്കാൻ പ്രസിദ്ധീകരിച്ച ആനന്ദം കണ്ടെത്താനുള്ള ഫ്രാൻസിസ് പാപ്പയുടെ ’10 കൽപ്പനകൾ ശ്രദ്ധേയമായത്.

വിവിധ അവസരങ്ങളിൽ പാപ്പ യുവജനങ്ങൾക്കു നൽകിയ പ്രബോധനങ്ങളിൽനിന്ന് കണ്ടെത്തിയ ചില ചിന്തകളാണ് ആനന്ദം കണ്ടെത്താൻ സഹായിക്കുന്ന ഈ 10 പ്രമാണങ്ങൾ. ‘വേൾഡ് ഹാപ്പിനസ് ഡേ’യോട് (മാർച്ച് 21) അനുബന്ധിച്ച് പാപ്പയുടെ പ്രബോധനങ്ങളിൽനിന്ന് വത്തിക്കാന്റെ വാർത്താവിഭാഗം തിരഞ്ഞെടുത്ത ’10 കൽപ്പനകൾ’ ചുവടെ:

1. അയൽപക്കങ്ങളെ പരിഗണിക്കണം

സ്വാർത്ഥത വിട്ട് സഹോദരങ്ങളോടും അയൽപ്പക്കങ്ങളോടും പരിഗണനയുള്ള ജീവിതശൈലിയാണ് ആനന്ദത്തിന്റെ ആദ്യ ഉറവിടം.’സന്തോഷപൂർവം നല്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്,’എന്ന ബൈബിൾവചനംപോലെ മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരാനും അവരുടെ ജീവിതത്തിൽ സന്തോഷം പകരാനും സാധിക്കുന്നത് നമ്മെ ആനന്ദത്തിലേക്ക് നയിക്കും.

2. വിഷാദഭാവം വെടിയണം

ആത്മീയമായി നിത്യതയുടെ സന്തോഷത്തിലേക്ക് വിളിക്കപ്പെട്ടവനാണ് മനുഷ്യൻ. ദൈവപദ്ധതി പലപ്പോഴും വിഷാദമുളവാക്കുന്നതാണെങ്കിലും സന്തോഷത്തോടെ അംഗീകരിക്കാനും വിധേയപ്പെടാനും കഴിയണം. നമുക്കായി ദൈവം മനോഹരമായ ഈ പ്രപഞ്ചം ഒരുക്കിയിരിക്കുന്നത് നിഷേധങ്ങളുടെ ആജ്ഞയോടെയല്ല, മറിച്ച് അവയെല്ലാം വളർത്തിയും വലുതാക്കിയും ഉപയോഗിച്ചും പങ്കുവെച്ചും ആനന്ദത്തോടെ ജീവിക്കാനാണ്.

3. സ്നേഹം പങ്കുവെക്കണം

അധികാരമോ സമ്പത്തോ ഭൗമികസുഖങ്ങളോ അല്ല സന്തോഷത്തിന് ആധാരം. മറിച്ച് സ്നേഹം പങ്കുവെക്കുന്നതും സ്നേഹത്തിൽ വളരുന്നതുമാണ് ജീവിത ആനന്ദം നിലനിർത്തുന്നത്. സഹോദരങ്ങൾക്കിടയിൽ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന വിധത്തിൽ തുറവോടെ ജീവിക്കുമ്പോഴാണ് ജീവിതാനന്ദം അനുഭവിക്കാനാകും

4. നർമബോധം വെടിയരുത്

ജീവിത യാഥാർത്ഥ്യങ്ങളെ നോക്കി സത്യസന്ധമായി ചിരിക്കാനുള്ള കഴിവാണ് നർമരസം. പച്ചയായ മനുഷ്യന്റെയും തുറവുള്ള വ്യക്തിയുടെയും അടയാളമാണത്. അത് ദൈവകൃപയോട് ചേർന്നുള്ള വ്യക്തിയുടെ മനോഭാവവുമാണ്. ഇങ്ങനെയുള്ള ആനന്ദത്തിന്റെ അറിവും ആപേക്ഷികതയും ദൈവാത്മാവിൽനിന്ന് ലഭിക്കുന്നതാണ്.

5. നന്ദിപറയാൻ മടിക്കരുത്

നന്ദിയുള്ള ജീവിതം ആനന്ദത്തേിന്റേതാണ്. അങ്ങനെയുള്ളവർ ജീവിതത്തിലെ ചെറുതും വലുതമായ വസ്തുതകൾക്ക് സഹോദരങ്ങളോടും ദൈവത്തോടും നന്ദിയുള്ളവരായി ജീവിക്കും. തനിക്കു കിട്ടിയ ഒരു ചെറിയ അപ്പക്കഷണത്തിനും തന്നെ തഴുകിപ്പോയ ഒരു മന്ദമാരുതനും ദൈവത്തോടുള്ള നന്ദിയാൽ അവിടുത്തെ സ്തുതിച്ച് നൃത്തംചവിട്ടിയ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെപോലെ നന്ദിയുള്ളവരാകണം നാമും.

6. ക്ഷമിക്കണം, ക്ഷമ ചോദിക്കണം

ഹൃദയത്തിൽ വിദ്വേഷവും വെറുപ്പുമായി നടക്കുന്നവർക്ക് സന്തോഷമുള്ളവരായിരിക്കാനാവില്ല. സഹോദരങ്ങളോടു ക്ഷമിക്കാത്തവൻ തന്നെത്തന്നെയാണ് മുറിപ്പെടുത്തുന്നത്. ദൈവം നമ്മോടു ക്ഷമിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. ദൈവത്തിൽനിന്ന് ക്ഷമയും കാരുണ്യവും സ്വീകരിച്ചിട്ടുള്ളവർ അത് അംഗീകരിച്ചും ഏറ്റുപറഞ്ഞും ജീവിക്കുമ്പോൾ അവരുടെ ജീവിതം ആനന്ദദായകമായിരിക്കും.

7. സമർപ്പണത്തിന് തയാറാകണം

മറ്റുള്ളവർക്കൊപ്പം നന്മയുടെയും നീതിയുടെയും ഒരു ലോകം വളർത്താൻ കൈകോർക്കുന്ന സമർപ്പണമുള്ള ജീവിതം നമുക്കു സന്തോഷം തരും. സുവിശേഷത്തിലെ അഷ്ടസൗഭാഗ്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കുന്നത് ക്രിസ്തു തരുന്ന വിപ്ലവാത്മകമായ ആനന്ദവഴികളാണ്. ലാളിത്യമുള്ളവരും വിനയമുള്ളവരും എളിമയുള്ളവരുമാണ് സന്തുഷ്ടിയുള്ളവർ. അവർ ഭാഗ്യവാന്മാരും ആത്മീയാനന്ദമുള്ളവരുമായിരിക്കും.

8. കൂട്ടായ്മയിൽ ജീവിക്കണം

ജീവിതത്തിൽ നാം സൃഷ്ടിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും നമ്മെ നിരാശയിലാഴ്ത്തുകയും നമ്മുടെ സന്തോഷം കെടുത്തിക്കളയുകയും ചെയ്യുന്നു. അതിനാൽ പ്രത്യാശ വെടിയാതെയും നിരാശരാകാതെയും ദൈവത്തിൽ ആശ്രയിച്ചും സഹോദരങ്ങളോടു ചേർന്നും കൂട്ടായ്മയിൽ ജീവിക്കണം.

9. ദൈവത്തിൽ ശരണം തേടണം

ജീവതത്തിൽ കുരിശുകൾ ഉറപ്പാണ്. ഒരുപക്ഷേ ദൈവം നമ്മെ കൈവെടിഞ്ഞോ എന്നുപോലും സംശയിക്കാം. എന്നാൽ, എല്ലാം ദൈവകരങ്ങളിൽ സമർപ്പിച്ച് അഭയം തേടണം. അപ്പോൾ, ഒന്നിനും നശിപ്പിക്കാനാവാത്ത അഭൗമമായ ആനന്ദം നമുക്കു ലഭിക്കും. ദൈവത്തിന്റെ കരുണയും വിശ്വസ്തതയും അനന്തമാകയാൽ, എല്ലാം അറ്റുപോകുമ്പോഴും എല്ലാം അന്യമായ്ത്തീരുമ്പോഴും ദൈവകൃപയുടെ പ്രകാശം നമ്മുടെ ജീവിതത്തെ ആനന്ദഭരിതമാക്കും.

10. യേശുവിന്റെ സ്നേഹം തിരിച്ചറിയണം

സ്വജീവൻ നൽകി ലോകത്തെ സ്നേഹിച്ച ക്രിസ്തു എന്നെയും സ്നേഹിക്കുന്നു എന്ന തിരിച്ചരിവുതന്നെ മഹത്തരമായ ഒരു ആനന്ദസ്രോതസാണ്. ക്രിസ്തു എന്നെ സ്നേഹിക്കുന്നു എന്ന വിശ്വാസമാണ് മറ്റേന്തിനേക്കാളും വലിയ ജീവിത ആനന്ദം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.