ലേഖനം:”ഒന്നാം നാൾ ഒന്നാമനാകാൻ” | പാസ്റ്റർ റ്റിപ്സൺ തിരുവല്ല

എവിടെയും ഒന്നാമനാകുക എന്നത് മനുഷ്യന്റെ ആഗ്രഹമാണ്. അവൻ അതിനായി പരിശ്രമിക്കുന്നു, ചിലപ്പോൾ അതു സാധിക്കുന്നു എന്ന് തോന്നാമെങ്കിലും പലതും പരാജയത്തിൽ കലാശിക്കുന്നു. യോഹന്നാൻ 20:19-23 നാം ഇപ്രകാരം വായിക്കുന്നു ആഴ്ചവട്ടത്തിന്റെ “ഒന്നാം നാൾ” യേശു ഉയർത്തെഴുന്നേറ്റു മരിയക്ക് പ്രത്യക്ഷനായി.
യേശുവിന്റെ ഉയിർപ്പ് ഒരുവനെ സംബന്ധിച്ചു പുതിയ തുടക്കങ്ങൾക്കു നൽകുന്ന “ഒന്നാം ദിനമാണ് “. തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷ മണ്ഡലങ്ങളിലെ ഇരുട്ടിനെ, ദുഃഖം ഖനീഭവിച്ചു കിടന്ന ജീവിതത്തിലെ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഒന്നാം ദിനം, ഒന്നാമതായി ജയിച്ചു
പുറത്തു വന്നു മറിയ വെളിച്ചത്തെ നേരിൽ കണ്ടു.
പക്ഷെ ശിഷ്യന്മാർക്കു ആ വെളിച്ചം കാണാൻ കഴിഞ്ഞില്ല. അവർ ഇരുട്ടിന്റെ, ഭയത്തിന്റെ ആത്മാവിനാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ ശിഷ്യന്മാർക്കു ഒന്നും ചെയ്യുവാൻ കഴിയുന്നില്ല, അവരുടെ “ചലനം “(movement )നഷ്ടപ്പെട്ടുപോയി. ചലനത്തിനായി യേശു നമ്മളെ സ്വാതന്ത്രരാക്കിയിരിക്കുന്നു.
എന്നാൽ യേശു അവരെ വിട്ടില്ല. നേരം വൈകിയപ്പോൾ ഏദൻ പറുദീസയിൽ ഭയപ്പെട്ടു, ദൈവത്തെ അഭിമുഖികരിക്കാൻ കഴിയാതിരുന്ന ആദിമ മനുഷ്യരുടെ നടുവിൽ ഇറങ്ങി വന്ന അതെ ദൈവം, ഇവിടെ ശിഷ്യന്മാരുടെ നടുവിൽ ഇറങ്ങി വന്നു. ഇതാണ് യേശുവിനു എപ്പോഴും നമ്മുടെ ഇടയിലുള്ള സ്ഥാനം.
നമ്മുടെ അടച്ചിട്ട മുറികളിൽ, ചലനം നഷ്ട്ടപ്പെട്ട ജീവിതതലങ്ങളിൽ ഇറങ്ങിവന്നു പ്രത്യക്ഷത നൽകുന്ന യേശുവിന്റെ വെളിപ്പെടലുകൾ. ഇരുട്ടിനു യേശു എന്ന വെളിച്ചത്തെ തടുക്കാൻ കഴിയില്ല.
ചലനം നഷ്ട്ടപ്പെട്ട അവരുടെ നടുവിൽ ഇറങ്ങി വന്ന യേശു പറഞ്ഞു, നിങ്ങൾക്ക് സമാധാനം. ഒന്നാമരാകാൻ വിളിക്കപ്പെട്ടവർ ചലനം വീണ്ടെടുക്കണമെങ്കിൽ ദിവ്യ സമാധാനം പ്രാപിച്ചേ മതിയാകു എന്ന് യേശു തിരിച്ചറിഞ്ഞു. യേശു ദിവ്യ സമാധാനം നൽകിയിട്ട് പറഞ്ഞു “ഇതു എന്റെ സമാധാനം ആണ് ലോകത്തിന് എടുത്തു കളയാൻ കഴിയില്ല “. യേശു എന്തെങ്കിലും നമുക്ക് നൽകിയിട്ടുണ്ടെങ്കിൽ അതു ലോകത്തിനു എടുത്തു കളയാൻ കഴിയില്ല.
യേശു അവരെ അയക്കുന്നതായി കാണാൻ കഴിയുന്നു. ചലനം നഷ്ട്ടപ്പെട്ട അവരുടെ ജീവിതത്തിൽ യേശു ഒരു ചലനത്തിന് (movement release )തുടക്കം കുറിച്ചു.
യേശു അവരുടെ മേൽ ഊതി. ഏദൻ പറുദീസയിൽ മനുഷ്യനെ ഉണ്ടാക്കുമ്പോൾ, ദൈവം അവനെ “മണ്ണിൽ നിന്ന് ഉണ്ടാക്കി അവന്റെ മേൽ ഊതി, മനുഷ്യന്റെ മേൽ ജീവശ്വാസം ഉണ്ടായി. അവൻ ചലനം ഉള്ളവനായി മാറി, എല്ലാറ്റിലും ഒന്നാമനായി മാറി.
ഇവിടെ മനുഷ്യന്റെ ഒരു പുതിയ യുഗം പിറക്കുകയായിരുന്നു. യേശു തന്റെ ശിഷ്യന്മാരുടെ മേൽ ഊതി പുതിയ ഒരു ആത്മാവിനെ പകർന്നു. ഒന്നാമാരാകാൻ അധികാരത്തിന്റെ, ശക്തിയുടെ, ജയത്തിന്റെ, മോചനത്തിന്റെ ആത്മാവിനെ പകർന്നു ശിഷ്യന്മാരെ അയച്ചു.
അതെ ആത്മാവിനെയാണ് യേശു നമ്മുടെ മേൽ പകർന്നിരിക്കുന്നത്. ആത്മാവിന്റെ കാറ്റു ഊതുമ്പോൾ, ഉണങ്ങിയ, ഭയപ്പെട്ട അവസ്ഥകൾ മാറി ചലനം ഏറ്റെടുത്തു ഒന്നാം നാൾ ഒന്നാമനാകാൻ, കർത്താവിന്റെ വരവിൽ ഒന്നാമനാകാൻ നമുക്ക് കഴിയട്ടെ.
“ആത്മാവിന്റെ ചലനങ്ങൾ യാദൃച്ഛികം ആണ്. അവൻ തന്റെ കാറ്റു അടുപ്പിക്കുമ്പോൾ നാം നമ്മുടെ പായ നിവർത്തുന്നുവോ എന്നാണ് അവൻ നോക്കുന്നത് “

-ADVERTISEMENT-

-ADVERTISEMENT-

You might also like