ലേഖനം:ഉറപ്പും ധൈര്യവും ഉള്ളവരായിരിക്ക – പ്രതിസന്ധികളിൽ വിജയം ഉറപ്പ് | പാസ്റ്റർ ഷാജി ആലുവിള

ആത്മ വിശ്വാസം ആണ് ഏത് വ്യക്തിക്കും ജീവിത വിജയത്തിന് അടിസ്ഥാന ഘടകം. അതു വ്യക്തിത്വമായി ബന്ധപ്പെട്ടിരിക്കുന്നു. പെരുമാറ്റം പ്രവർത്തി എന്നിവയിൽ കൂടി അതു പ്രകടം ആകുന്നു. ആത്മ വിശ്വാസമുള്ള വ്യക്തി യാഥാർഥ്യ ബോധത്തോടെ വസ്തുതകളെയും സ്വന്തം കഴിവുകളെയും വിലയിരുത്തി പ്രവർത്തിച്ചു ലക്ഷ്യത്തിൽ എത്തും. ഒരു ലക്ഷ്യം മുന്നിൽ കാണുകയും ശരിയായ പദ്ധതിയിലൂടെ അതിനെ വിജയ പഥത്തിൽ എത്തിക്കയും ചെയ്യുന്നത് ആണ് ആത്മ വിശ്വാസത്തിന്റെ ഉറപ്പ് എന്നു പറയുന്നത്.
ഏത് മേഖലയിലും വിജ്ഞാനത്താലുള്ള നയ്പുണ്യം നേടിയാലും നിരന്തരമായി അതിൽ ചിലരെ അലട്ടുന്ന ഒരു വിഷയം ആണ് പരാജയ ഭീതി. അവർ ലളിതമായ പ്രശ്നങ്ങളെ പോലും നേരിടാതെ ഒഴിഞ്ഞു മാറും. എനിക്ക് അതു ചെയ്യണം എന്നാഗ്രഹിക്കയും സമയം വരുമ്പോൾ ആത്മ ധൈര്യം ചോർന്നു പോകയും ചെയ്യുന്നു. ഉടനടി ശാരീരികമായി തളരുകയും വിയർത്ത് തണുത്തവസ്ഥയിൽ ബലക്ഷയം തോന്നുകയും ചെയ്യുന്നു. കാരണം ആ പ്രവർത്തിയിലൂടെ തനിക്കോ മറ്റുള്ളവർക്കോ കാര്യമായ സംതൃപ്തി കിട്ടില്ല എന്നുള്ള പരാജയ ഭീതി ചിലപ്പോൾ അലട്ടി പിന്നോട്ട് പിടിച്ചു നിർത്തും. വെല്ലുവിളികളെ ഏറ്റെടുക്കുവാനും പരിഹരിക്കാം എന്നുള്ള ഉറച്ച വിശ്വാസവും ഉണ്ടങ്കിൽ മാത്രമേ വിജയ സോപാനത്തിൽ എത്തുവാൻ സാധിക്കു.
വേദപുസ്തക ചരിത്ര നേതാക്കന്മാർ ദൈവം ഭരമേൽപ്പിച്ച ഉത്തരവാദിത്വത്തിൽ ആത്മവിശ്വാസം നിലനിർത്തിയതിനാൽ ആണ് സധൈര്യം വിജയത്തിലൂടെ മുന്നേറിയത്. മോശയും, യോശുവയും, ദാവീദും, യാക്കോബും, ഗിദയോനും,ഏലിയാവും, ഏലീശയും, പൗലോസും, പത്രോസും, ശീലാസും, യോഹന്നാനും ഒക്കെ ആത്മവിശ്വാസത്തിൽ ദൈവത്താൽ എനിക്ക് സകലതും സാധ്യം എന്നു ആത്മ ധൈര്യം ഏറ്റെടുത്തു. കേവലം ഭീതി അല്പമായി തലപൊക്കിയെങ്കിലും ദൈവത്താൽ അവർ പ്രതിസന്ധികളിൽ പ്രശനങ്ങളുടെ ചെങ്കടലും, വൻ മതിലും ചാടി കടന്നു. പ്രതിസന്ധികളിൽ ഭയം ഉള്ള യെഹോശാഫാത് ദൈവത്തിൽ ആശ്രയിച്ചതുപോലെ(2 ദിന: 20:1-12), അത്യാഹിതത്തിൽ ദൈവത്തെ ആശ്രയിക്കുന്ന യായിറോസിനെ പ്പോലെയും (മാർക്കോ: 5:21-23), പരീക്ഷകളിൽ ഭയപ്പെടാത്ത അബ്രഹാമിനെ പോലെയും (ഉൽപ്പ:22:2), പിന്നിലുള്ള ശത്രുവിനെ ഭയപ്പെടാത്ത മോശയേ പ്പോലെയും (ഉൽപ്പ:14:10-22; 32:10-14) ദൈവത്തിലുള്ള വിശ്വാസം ഒരു ദൈവ പൈതൽ കൈവരിച്ചാൽ നമുക്കും വിജയം ഉറപ്പാണ്. ഒപ്പം ഒരു പ്രോത്സാഹനം പിന്നിൽ നിന്ന് അനുമോദനമായി കൈമാറിയാൽ അവർക്ക് ആത്മ ശക്തി വർധിക്കാൻ ഇടയാകും. മനസിൽ നന്മയുടെ വെളിച്ചം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ സാധിക്കു. അസൂയാലുക്കൾ ഒരിക്കലും ആർക്കും നന്മ നേരാതെ മറ്റുള്ളവരുടെ നന്മയിലും നേട്ടത്തിലും ആസ്വസ്ഥതരായി കാണപ്പെടും. അതിൽ ജേതാവ് തളരുകയും അരുത്.
ആത്മ വിശ്വാസം ഉള്ളവർക്ക് മറ്റുള്ളവരിൽ വിശ്വാസം വർധിപ്പിക്കുവാൻ ഇടയായി തീരും. നമ്മുടെ പ്രധാനമന്ത്രിയുടെ ആത്മാവിശ്വാസത്തിലുള്ള പ്രസംഗശൈലി ജനത്തെ കൈയിൽ എടുക്കുന്നത് അതിന് ഉദാഹരണമാണ്. ക്രിസ്തീയ പീഡനം പ്രസംഗത്തിലെ അജണ്ട അല്ലെങ്കിലും അണികൾ ആവേശത്തോടെ അതു നിറവേറ്റുന്നതിന്റെ വീര്യക്കാരയി മാറുന്നത് നേതാവിന്റെ വാക്‌ഉദ്ധരണികളല്ലേ. ജനത്തെ വിശ്വാസിപ്പിക്കാനുള്ള കഴിവ് അതാണ് ആവശ്യമായിരിക്കുന്നത്. സ്വയം കഴിവുകൾ തിരിച്ചറിയുക. നേട്ടങ്ങളിൽ സന്തോഷിക്കുക, അഭിമാനം കാത്തുസൂക്ഷിക്കുക, ചെയ്ത പ്രവർത്തിയിൽ മതിപ്പു തോന്നുകയും സ്വയം അഭിനന്ദിക്കുകയും ചെയ്യുക. അപ്പോൾ നമുക്ക് തന്നെ നമ്മെ കുറിച്ച് അഭിമാനം തോന്നും. മറ്റൊരാളെ സ്നേഹിക്കുക, അനുസരിക്കുക, ബഹുമാനിക്കുക എന്നിവയിലൊക്കെ ആത്മവിശ്വാസത്തിന്റെ സ്വാധീനം ഉണ്ട്. അത് മറ്റുള്ളവരെ അടുത്തറിയുവാൻ ഇടയായി തീരും. എന്നാൽ ആത്മ നിന്ദ കൈമുതലായുള്ള ആളിന് സ്വയം കുറ്റപ്പെടുത്തിയും പുച്ഛിച്ചും, പോകുവാനേ പറ്റുകയുള്ളു. ആത്മ വിശ്വാസമില്ലായ്മ ശാപമായി കണക്കാക്കി കുറ്റബോധത്തിൽ ദുഃഖിക്കാരുത്. മോശ ദൈവത്തോട് പറഞ്ഞു ഞാൻ കഴിവ് ഇല്ലാത്തവൻ എന്ന്‌. ദൈവം കൂടെയുണ്ടായിരുന്ന മോശ ദൈവാലോചനപ്രകാരം മുന്നേറിയപ്പോൾ ചെങ്കടലും, യോർദ്ദാനും, യേരിഹോം കോട്ടയും, കടന്നു വലിയ ജനകീയ നേതാവായി മാറി. യിസ്രായേലിന്റെ മുൻമ്പിലെ ഗോലിയാത്തിനെ ജയിച്ച ദാവീദും ആത്മവിശ്വാസത്തിൽ അല്ലെ ജയിച്ചത്.
ആത്മ വിശ്വാസം വർധിപ്പിക്കാൻ മരുന്നില്ല. സ്വയം ഭയത്തെ പുറത്താക്കുക. മുൻ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ആയി. അവരെ ഇന്ത്യയുടെ ഉരുക്കു വനിതയായി ലോകം കണ്ടു. കേവലം ഒരു സ്ത്രീ, അവരുടെ ആത്മ വിശ്വാസത്തിലുള്ള ആഗ്‌ജ, ജനം അംഗീകരിച്ചു, അനുസരിച്ചു. അതുപോലെ എത്ര ലോകവനിതകൾ, ലോക രാജ്യങ്ങളെ നയിച്ചു. അടുക്കളയിൽ നിന്നും അങ്ങാടിയിലേക്കും അവിടെ നിന്ന് ഏതെല്ലാം പരമോന്നത പദവികളിലേക്കും വനിതാ സംഘം കുതിച്ചുയർന്നു, ഉയരുന്നു. അതെല്ലാം അവർ സ്വയം കൈവരിച്ച ആത്മ വിശ്വാസത്തിൽ നിന്നാണ്. അതുപോലെ ആയി തീരണം എന്നാഗ്രഹം ഉള്ളവർ സ്വയം കാരുത്താർജിക്കുക, വിജയം ഉറപ്പാണ്. പക്വതയുള്ള ആത്മീയരോടും, വളർച്ചയെ സഹായിക്കുന്ന നല്ല സ്നേഹിതരോടും കൂടുതൽ ഇടപെടുകയും അനുഭവസ്ഥരിൽ നിന്ന് ഉയർച്ചയുടെ പടവുകൾ പാഠങ്ങൾ ആക്കുകയും, ദൈവത്തിൽ അടിയുറച്ച ആത്മവിശ്വാസവും സ്വന്തമായ ആത്മവീര്യവും കൈവരിച്ചാൽ ഏത് പദവികളും വിജയത്തോടെ കൈകാര്യം ചെയ്തു വിജയം നേടാൻ സാധിക്കും. ആത്മ വിശ്വാസം കെടുത്തുന്ന സംസാര രീതിയുള്ളവരോട് അകന്നു നിൽക്കുന്നതും ഒരു പരിധിവരെ നല്ലതായിരിക്കും.
“താഴെ വീഴുന്നതല്ല പരാജയം, അവിടെ തന്നെ കിടക്കുന്നതാണ് പരാജയം”. എല്ലാ വിജയികളും പരാജയത്തിൽ നിന്നാണ് ജയിച്ചുയർന്നത്. അടിമത്വം അമേരിക്കയിൽ നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ്‌ ഏബ്രഹാം ലിങ്കൺ പരാജയത്തിന്റെ പർവ്വതപ്പടി പല പ്രാവശ്യം ചവിട്ടി കയറി. ആത്മ വിശ്വാസം വർധിപ്പിച്ചുകൊണ്ട് ഒടുവിൽ ഉന്നത വിജയത്തിന്റെ കൊടുമുടിയിൽ താൻ കയറി അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായി. വീണടുത്തു കിടന്ന്‌ വീണുപോയവരെ നോക്കി പഠിക്കാതെ വിജയിച്ചു നിൽക്കുന്നവരെ നോക്കി എഴുന്നേൽക്കുമ്പോൾ വിജയം ഉറപ്പാണ്. വീഴാതിരിക്കാൻ സൂക്ഷിക്കുകയും, വീണുപോയതായ കാരണം കണ്ടുപിടിച്ചു, തിരുത്തി എഴുന്നേൽക്കുകയും പിന്നെ വീഴാതെ നിൽക്കുകയും വേണം. പരസ്പരമുള്ള പഴി ചാരലും, പരിഹാസങ്ങളും അവസാനിപ്പിച്ച് കൈത്താങ്ങുകയും പ്രോത്സാഹിപ്പുകയും ചെയ്യുക.
ഏത് മേഖലയിലും ആത്മ വിശ്വാസം വർധിപ്പിക്കുവാൻ ഇടയായാൽ ഉറപ്പും ധൈര്യവും നേടിയെടുക്കാൻ സാധിക്കും. ജനിക്കുമ്പോൾ തന്നെ ആരും നേട്ടങ്ങൾ കൈവരിച്ചല്ല വരുന്നത്. വളർച്ചയുടെ ഓരോ പടിയും ഉയർച്ചയുടെ നേട്ടങ്ങൾ ആക്കുവാനുള്ള ആത്മവിശ്വാസം കൈവരിച്ചാണ് ഉന്നതങ്ങളിൽ അനേകർ എത്തിയത്. പ്രതിസന്ധികളിൽ ഭീരുക്കളാകാതെ ആത്മ വിശ്വാസം വർധിപ്പിച്ചു മുന്നേറുക, പ്രാർത്ഥനയിൽ ശക്തിപ്പെട്ടുകൊണ്ട് തളരാതെ മനക്കരുത്തോടെ സാഹചര്യങ്ങളെ അഭിമുഖീകരിക്കുക വിജയം ഉറപ്പാണ്.!!!

-ADVERTISEMENT-

-ADVERTISEMENT-

You might also like