ഭാവന :ദശാംശം എന്ന “”കുന്ത്രാണ്ടം”” | ദീന ജെയിംസ്

അന്നും പതിവുപോലെ സോഫിയാമ്മ എഴുന്നേറ്റു. വീട്ടുപണികൾ ഒക്കെ ധൃതഗതിയിൽ ചെയ്തു തീർത്തു. മാസാവസാന സൺ‌ഡേ ആണ് ഇന്ന്. ദശാംശം കൊടുക്കുന്ന സൺ‌ഡേ.കഴിഞ്ഞ മാസമേ അച്ചായനോട് പറഞ്ഞിട്ട് കേട്ടില്ലേ ഇത്രയും ദശാംശം ഒന്നും പാസ്റ്ററിനു കൊടുക്കേണ്ടന്നു. ഈ മാസം എങ്ങനെഎങ്കിലും അച്ചായനെ അനുനയിപ്പിക്കാനുള്ള തത്രപ്പാടിലാണ് പുള്ളിക്കാരി. സഭയിലെ മുൻനിരയിൽ നിൽക്കുന്ന കുടുംബം. സഭയിൽ ഏത് കാര്യത്തിനും മുൻപന്തിയിലുണ്ട് അച്ചായനും അമ്മാമ്മയും. സഹോദരി സമാജം സെക്രട്ടറിയും പ്രസിഡന്റും ഒക്കെയായി അമ്മാമ്മ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് ആണ്മക്കൾ ഒരാൾ മെഡിസിനും മറ്റെയാൾ പ്ലസ്‌ടുവിനും പഠിക്കുന്നു. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബം. അച്ചായനെപറ്റി പറയാൻ വിട്ടുപോയി :ആളൊരു ശുദ്ധനാണെന്നാ പൊതുവെയുള്ള ഒരു പറച്ചിൽ… കുടുംബകാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്നതും അമ്മാമ്മ തന്നെ.ആത്മീയകാര്യത്തിലും ഒട്ടും പിന്നിലല്ല പുള്ളിക്കാരി. ഈയിടെയായി അമ്മാമ്മയ്ക്ക് ഒരു ചിന്ത :ഇങ്ങനെ എല്ലാമാസവും മുഴുവൻ ദശാംശവും പാസ്റ്ററിനു കൊടുക്കുന്നതിൽ എന്തർത്ഥം??ഇതെല്ലാം കൂടി കിട്ടി പുള്ളി വല്യ പണക്കാരൻ ആയിക്കൊണ്ടിരിക്കുന്നു. പാസ്റ്റർ അമ്മാമ്മയാണെങ്കിൽ എല്ലാ സൺ‌ഡേയും പുതിയ സാരിയാണ് ഉടുക്കുന്നത്. മക്കളെ കണ്ടാലോ, നമ്മൾ കൊടുക്കുന്നത് കൊണ്ട് കഴിയുന്നവർ ആണെന്ന് തോന്നുകേയില്ല. അമ്മാമ്മയുടെ മനസ്സിലെവിടെയോ അസൂയയുടെ വിത്ത് മുളയ്ക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞമാസവും തടഞ്ഞതാണ് ദശാംശത്തിന്റെകാര്യത്തിൽ അച്ചായനെ. പാവം എങ്ങനെയോ തടിതപ്പിയതാണ്. ഇന്ന് അമ്മാമ്മ രണ്ടും കൽപ്പിച്ചാണ്. പല ഒഴിവുകഴിവുകളും പറഞ്ഞുനോക്കി, രക്ഷയില്ല. അച്ചായനറിയാം ഇന്നീക്കാണുന്ന അനുഗ്രഹങ്ങൾ ഒക്കെ പിതാക്കന്മാർ വിശ്വസ്തയോടെ ദൈവത്തിനു വേണ്ടി ചിലവിട്ടതിന്റ പ്രതിഫലം മാത്രമാണെന്ന്. അത് അമ്മാമ്മയ്ക്കും അറിയാം. എന്നാലും കൊടുക്കുന്ന കാര്യം വരുമ്പോൾ അതൊക്കെ മറക്കും. അച്ചായൻ കിണഞ്ഞു പരിശ്രമിച്ചു അമ്മാമ്മയെ മയക്കിയെടുക്കാൻ. നമ്മൾ ദൈവത്തിനു വേണ്ടി കൊടുത്താൽ നമ്മുടെ തലമുറയെ ദൈവം അനുഗ്രഹിക്കും. നാമല്ലാതെ ആര് കൊടുക്കും ദൈവദാസനും കുടുംബത്തിനും?ഇടയൻ ആടിന്റെ പാലുകൊണ്ടല്ലേ ഉപജീവനം കഴിയുന്നത്‌ ?നമുക്കും സഭയ്ക്കും വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന അവര്ക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ?ദൈവം തന്ന നന്മകൾ അല്ലാതെ വേറെ എന്തുണ്ട് നമ്മുടെ ജീവിതത്തിൽ?ദൈവത്തോട് നാം അവിശ്വസ്തത കാണിക്കാൻ പാടില്ല. ഇതെല്ലാം കേട്ടിട്ടും അമ്മാമ്മയ്ക്കു ഒരു കുലുക്കവുമില്ല.താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന മട്ടിലാണ് ഇരിപ്പ്. അച്ചായൻ വിട്ടുകൊടുക്കാനും തയാറല്ല.ആരാധനയ്ക്ക് പോകാനുള്ള സമയവും ആകുന്നു. അറിയാമല്ലോ അനന്യാസിന്റെയും സഫീരയുടെയും അനുഭവം. അച്ചായൻ ഓർമിപ്പിച്ചു. കേട്ടപാടെ ഒന്ന് ഞെട്ടിയെകിലും പുറമേ കാണിച്ചില്ല. അമ്മാമ്മയിൽ മാറ്റങ്ങൾ ഒന്നും കാണാതിരുന്ന അച്ചായൻ ചിന്താകുലനായി.അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം പറഞ്ഞു :അല്ല, ഈ ദശാംശം മുഴുവൻ കൊടുക്കാതിരുന്നാൽ സഭയിൽ കണക്കു വായിക്കുമ്പോൾ നമ്മുടേത്‌ കുറവാണെങ്കിൽ മറ്റുള്ളവർ എന്തുവിചാരിക്കും?അത് സൂചിമുനപോലെ അമ്മാമ്മയുടെ ഹൃദയത്തിൽ തറച്ചു. അമ്മാമ്മ ചാടി എഴുന്നേറ്റു അത് സത്യമാ, ഞാൻ അതോർത്തില്ല. ദശാംശം മുഴുവനും കൊടുക്കാം നമുക്ക്. ദൈവതിനുള്ളത് ദൈവത്തിനു. മറ്റുള്ളവരുടെ മുന്നിൽ ചെറുതാക്കാൻ ആഗ്രഹിക്കാത്ത അമ്മാമ്മയുടെ മനസുമാറി.,ഒടുവിൽ സമ്മതിച്ചു. പെട്ടന്നുള്ള ഭാര്യയുടെ മാറ്റം കണ്ട അച്ചായാൻ അന്ധാളിച്ചു പോയി. പുള്ളി മനസ്സിൽ ചിരിച്ചു :ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.. അമ്മാമ്മയും മനസ്സിൽ ഓർത്തു :ദശാംശമെന്ന കുന്ത്രാണ്ടം വരുത്തിവയ്ക്കുന്ന വിനകളേ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.