എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

സംസ്ഥാനത്താകെ 2923 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലുമായി റഗുലര്‍ വിഭാഗത്തില്‍ 4,35,142 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 2,22,527 പെണ്‍കുട്ടികളും 2,12,615 ആണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 പേരും എയ്ഡഡ് മേഖലയിലനിന്ന് 2, 62,125 പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30984 പേരുമാണുള്ളത്.ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപില്‍ 882 പേരും പരീക്ഷയ്ക്കുണ്ട്. ഇതിന് പുറമെ പ്രൈവറ്റ് വിഭാഗത്തില്‍ ന്യൂ സ്‌കീമില്‍ 1867പേരും പഴയ സ്‌കീമില്‍ 333 പേരും എഴുതുന്നുണ്ട്.

സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഏപ്രില്‍ നാല് മുതല്‍ മെയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായി ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തും. ആദ്യഘട്ടം ഏപ്രില്‍ അഞ്ചു മുതല്‍ 13 വരെയും രണ്ടാംഘട്ടം ഏപ്രില്‍ 25 മുതല്‍ മെയ് രണ്ടുവരെയുമാണ്.

മൂല്യനിര്‍ണയക്യാമ്പുകളിലേക്കുള്ള അധ്യാപക വിന്യാസം 29ന് പ്രസിദ്ധീകരിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്ബുകള്‍ ഏപ്രില്‍ 2, 3 തീയതികളില്‍ സംസ്ഥനത്തെ 12 സ്‌കൂളുകളില്‍ നടക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിച്ചേക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.