ലേഖനം:പാട്ടുകളിലൂടെ വെളിപ്പെടുന്ന ദൈവീകസാന്നിധ്യം | ബിൻസൺ കെ ബാബു, ഡെറാഡൂൺ

പാട്ടുകൾ ഹൃദയത്തെ തണുപ്പിക്കുന്നതാണ്. അത് ആശ്വാസം നല്കുന്നതാണ്. നിറയെ പാട്ടുകളുടെ ലോകത്താണ് നാം ജീവിക്കുന്നത്. സിനിമ ഗാനങ്ങൾ, രാഷ്ട്രീയ -മതപരമായ പാട്ടുകൾ, വിവിധ വിഷയങ്ങൾ ഊന്നിക്കൊണ്ടുള്ള കവിതകൾ തുടങ്ങി അനേക പാട്ടുകൾ ജനിക്കുകയും ജനിച്ചുകൊണ്ടിരിക്കുന്നതുമായ ചുറ്റുപാടുകളിൽ ആണ് നാം ജീവിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് പുറത്തുവരുന്ന വരികൾ അത് പാട്ടുകളായി അവതരിക്കുന്നു. എന്നാൽ മറുവശത്തു പാട്ടുകൾ ഉണ്ടാക്കാൻ വേണ്ടി പാട്ടുകൾ രചിക്കുന്നവരുമുണ്ട്. അനുഭവത്തിൽ നിന്ന് അല്ലെങ്കിൽ കത്തുന്ന ജീവിതസാഹചര്യങ്ങളിൽ നിന്ന് പുറത്തുവരുന്ന പാട്ടുകൾ ജനഹൃദയത്തിൽ എന്നും പതിഞ്ഞുകിടക്കും.

ഇന്നത്തെ ക്രിസ്തീയ മേഖലയിൽ നോക്കിയാൽ പാട്ടുകൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ഏതു സാഹചര്യം ആയാലും അതിനെല്ലാം വെവ്വേറെ പാട്ടുകൾ. ഇന്നത്തെ ആധുനിക ലോകത്തിൽ നോക്കിയാൽ “അടിച്ചുപൊളിപ്പാട്ടുകൾ “മതി.യുവലോകം തിരയുന്നത് ഇതുപോലെയുള്ള മ്യൂസിക്കുകളിലേക്കാണ്. നിരാശ ജനകമായ സംഗതി എന്നു പറയുന്നത് പഴകാല ഭക്തന്മാർ ജീവിതത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ സാഹചര്യങ്ങളിൽ എഴുതിയ പാട്ടുകളെ ഇന്നത്തെ തലമുറ പാടി വെസ്റ്റേൺ സ്റ്റൈൽ രീതിയിൽ ആക്കുന്നു. ഇന്നത്തെ ആധുനികതയിലേക്കു പഴയകാല പാട്ടുകൾ കൊണ്ടുവരുന്നു. ഇന്നത്തെ പാട്ട് കേൾക്കുമ്പോൾ സെക്കുലർ ടൂണിലേക്കു ആയികൊണ്ടിരിക്കുന്നു. പല വരികളിലും യേശുവിനെ അല്ല മറ്റു പലതിനെ കുറിച്ചാണോ എഴുതിയത് എന്നു ചിന്തിച്ചു പോകും.പല പാട്ടുകളിലും യേശു ഇല്ലാ എന്നതും ശ്രദ്ധേയമാണ്. യേശുവിനെ ഉയർത്തുന്നതാവണം ഒരു ദൈവപൈതലിന്റെ പാട്ടുകൾ.

ആദ്യകാല ദൈവഭക്തന്മാരുടെ ഗീതങ്ങൾ എടുത്തുനോക്കിയാൽ അതിൽ വലിയ ദൈവീകസാന്നിധ്യം അനുഭവിക്കുന്നതായി കാണാം. ഇന്നു പല ദൈവദാസന്മാരും ഇന്നത്തെ തലമുറയിൽ ഭക്തന്മാരുടെ ജീവിക്കുന്ന പാട്ടുകൾ പാടുമ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞുപോകും. കാരണം അതുപോലെ ദൈവീകസാന്നിധ്യം അനുഭവിച്ചിട്ടാണ് ആദ്യകാല ദൈവഭക്തൻമാർ പാട്ടുകൾ എഴുതിയത്. അതിന്റെ ഓരോ വരികളും എടുത്തുനോക്കിയാൽ അതിൽ സ്വർഗീയനാട്ടിലെ സന്തോഷം, ക്രിസ്തീയ ജീവിതത്തിലെ സന്തോഷം, നിത്യതയിലേക്കുള്ള യാത്രയുടെ ശ്രേഷ്ഠത, കഷ്ടതയിലും സന്തോഷിക്കുന്ന അനുഭവം ഇതെല്ലാമാണ് ഭക്തന്മാർ രചിച്ച പാട്ടുകളുടെ അടിസ്ഥാനം. സാധുകൊച്ചുകുഞ്ഞു ഉപദേശി, കെ. വി സൈമൺ, എം. ഇ ചെറിയാൻ, നാഗൽ തുടങ്ങി നിരവധി ദൈവഭക്തന്മാർ എഴുതിയ പാട്ടുകൾ ജനഹൃദയങ്ങളിൽ ഇന്നും ആശ്വാസം പകർന്നുകൊണ്ടിരിക്കുന്നു. അവർ നിത്യതയിൽ വിശ്രമിക്കുമ്പോഴും പ്രിയ ദൈവദാസന്മാരുടെ പാട്ടുകൾ ഇന്നും ജീവിക്കുന്നു അത് മാഴാതെ കിടക്കുന്നു. അതിലുള്ള വരികൾ ധ്യാനിച്ചു പാടുമ്പോൾ നാം തനിയെ ദൈവത്തെ ആരാധിച്ചുപോകും.

ദൈവവചനം പാട്ടുകളെ കുറിച്ചു വളരെ വ്യക്തമായി പറയുന്നുണ്ട്. നാം ദൈവസന്നിധിയിൽ വരുമ്പോൾ എങ്ങനെ പാടണം? എപ്പോഴാണ് പാട്ടുകൾ പാടേണ്ടത്? തുടങ്ങി നിരവധി വേദഭാഗങ്ങൾ കാണാൻ കഴിയും. ഒരു ദൈവപൈതൽ കർത്താവിനു എപ്പോഴും പാടിയും സ്തോത്രത്തോടും ഇരിക്കണമെന്നാണ് പറയുന്നത്. നാം പാടുന്ന പാട്ടുകൾ ദൈവസന്നിധിയിൽ അർഥങ്ങൾ മനസ്സിലാക്കി പാടുമ്പോൾ ദൈവസാന്നിധ്യം വെളിപ്പെടും. കൊലോസ്യർ 3:16 ൽ പറയുന്നു, സങ്കീർത്തനങ്ങളാലും, സ്തുതികളാലും, ആത്മീകഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിഉപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. ദൈവവചനം അടങ്ങിയിരിക്കുന്നതായിരിക്കണം നമ്മുടെ പാട്ടുകൾ അത് കേൾക്കുന്നവർക്കും, പാടുന്നവർക്കും ഒരുപോലെ ആത്മീയവർധന ഉളവാക്കും. ഒരു ദൈവപൈതൽ എപ്പോഴും തന്റെ ജീവിതത്തിൽ ആത്മീയഗീതങ്ങൾ പാടുകയും നന്ദിയോടെ പാടി ദൈവത്തെ ആരാധിക്കുകയും വേണം. വെളിപ്പാട് 14:3 ൽ അവർ സിംഹാസനത്തിനും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുൻപാകെ ഒരു പുതിയ പാട്ടുപാടി. ഭൂമിയിൽ നിന്നു വിലക്കു വാങ്ങിയിരുന്ന നൂറ്റിനാല്പതിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല. ഇവിടെ സ്വർഗ്ഗത്തിലെ ആരാധനയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. സ്വർഗത്തിൽ എപ്പോഴും പാട്ടും സ്തുതിയും ആണ്. യോഹന്നാൻ പത്മോസിൽ കിടന്നപ്പോഴും സ്വർഗീയ പാട്ടുകൾ ദർശനം കണ്ടു.

പാട്ടുകളിലെ സ്വാധീനം വിലപ്പെട്ടതാണ്. ഇത് ഒരു ദൈവപൈതലിനെ തണുപ്പിക്കുന്നതും, ദൈവത്തോട് അടുപ്പിക്കുന്നതുമാണ്.ദൈവസ്നേഹത്തിന്റെ ആഴം മനസ്സിലാക്കുവാനും സാധിക്കും. അനുഭവങ്ങളിൽ നിന്നു പുറത്തുവരുന്ന വരികളാണ് ഇന്നിന്റെ ആവശ്യം. ഇത് ക്രിസ്തീയ ജീവിതയാത്രയിൽ പ്രതികൂലങ്ങളെ തരണം ചെയ്യുന്നതിനും നിത്യതയോട് അടിപിക്കുന്നതും ആക്കിത്തീർക്കും. കാലം മാറുന്നതനുസരിച്ചു പഴയ പാട്ടുകളുടെ തനിമ മാറ്റാൻ നാം തയ്യാറാവാതെ അതിനെ ധ്യാനിച്ചു എപ്പോഴും ദൈവത്തിന് പാടിയും ആരാധനയോടും ക്രിസ്തീയ ജീവിതം നയിക്കാം. പാട്ടുകളിലൂടെ യേശുവിന്റെ നാമം ഉയരട്ടെ……

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.