ലേഖനം:അനുരൂപമാകാതെ രൂപാന്തരപ്പെടുക | ജോസ് പ്രകാശ്, കാട്ടാക്കട

ഈ ലോകത്തോട് അനുരൂപരാകാതെ, നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം എന്താണെന്ന് തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുന്നവരുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തുവാന്‍ ആണ് സ്വര്‍ഗ്ഗത്തില്‍ നിന്നും യേശുക്രിസ്തു രക്ഷിതാവായി വീണ്ടും വരുന്നത്. യേശു പ്രത്യക്ഷനാകുമ്പോള്‍ നാം യേശുവിനെ താന്‍ ഇരിക്കും പോലെ തന്നെ കാണുന്നതാകകൊണ്ട് യേശുവിനോട് സദൃശരാകുമെന്ന അറിവും പ്രത്യാശയും നേടിയ നാം യേശു നിര്‍മ്മലനായിരിക്കുന്നതുപോലെ നാള്‍തോറും നമ്മെ നിര്‍മ്മലീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നാം പാപികളും, ബലഹീനരും, അഭക്തരും, ശത്രുക്കളും ആയിരുന്നപ്പോള്‍ തന്നെ യേശു നമുക്കുവേണ്ടി മരിച്ചതിന്‍റെ കാരണം ഇനി ജീവിക്കുന്ന നാം ലോകത്തിലുള്ള കളങ്കം പറ്റാതെ യേശുവിനുവേണ്ടി ജീവിക്കുവാനാണ്. നമ്മുടെ പാപങ്ങള്‍ യേശുവിനോട് ഏറ്റുപറഞ്ഞ് തന്‍റെ രക്തത്താല്‍ ശുദ്ധീകരണം പ്രാപിച്ചശേഷം വെളിച്ചത്തില്‍ നടന്നും തമ്മില്‍ കൂട്ടായ്മ ആചരിച്ചും ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കാതെ സ്വര്‍ഗ്ഗത്തെയും സ്വര്‍ഗ്ഗത്തിലുള്ള യേശുവിനെയും സ്നേഹിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാല്‍ ലോകവും അതിന്‍റെ മോഹവും അധികം താമസം കൂടാതെ ഒഴിഞ്ഞു പോകേണ്ടതാണ്.

ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യത്തിനുവേണ്ടി ഇന്നു കാണുന്ന മായാലോകത്തിലെ തല്‍ക്കാല ഭോഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ ക്രിസ്തുവാം പാറമേല്‍ അടിസ്ഥാനമിട്ട് അധികം നല്ലതിനെ കാംക്ഷിക്കുന്നവരത്രെ. ഈ ഭൂമിയിൽ കാണുന്നതൊക്കെയും താല്‍ക്കാലികമത്രെ, എന്നാല്‍ സ്വര്‍ഗ്ഗവും അതിലുള്ളതൊക്കയും നിത്യമാണ്. അതുകൊണ്ട് കാണുന്ന ലോകത്തിന് അധികം പ്രാധാന്യം നല്‍കാതെ കാണാത്ത നാടിനായ് നോക്കി കാത്തിരിക്കാം. ആരും കാണാത്ത നാടിനെ വിശ്വാസക്കണ്ണുകളാല്‍ കണ്ട ഭക്തന്മാർ ലോകം അവർക്ക് യോഗ്യമല്ലാതിരുന്നിട്ടും വിശാസത്തില്‍ ക്ഷീണിക്കാതെയും, ഉദ്ദാരണം കൈക്കൊള്ളതെയും യേശുവിനായ് പ്രാണനെ നല്‍കി.

ഇവിടെ നമുക്ക് നിലനില്‍ക്കുന്ന നിത്യമായ നഗരം ഇല്ലാത്തതിനാലും നമ്മുടെ നിത്യപൗരത്വം സ്വര്‍ഗ്ഗത്തില്‍ ആകയാലും ക്രിസ്തുവിനോടുകൂടെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്ന നാം ഉയരത്തിലുള്ളതും വരുവാനുള്ളതും അന്വേഷിക്കേണ്ടവരത്രേ.
നൊടിനേരത്തേക്കുള്ള ലഘുവായ കഷ്ടം സാരമില്ലെന്നെണ്ണി വിരുതിനായി സ്ഥിരതയോടെ ഓട്ടം തുടരുന്നവര്‍ ഈ നാളൊന്നില്‍ കാഹളം ധ്വനിച്ചിടുമ്പോള്‍ തേജസിന്മേൽ തേജസ് പ്രാപിച്ചു യേശുവിന്‍റെ സ്വരൂപമായി രൂപാന്തരപ്പെടും.

ലോകത്തോട് അനുരൂപനായി മിസ്രയീമിലെ താല്‍ക്കാലിക നിക്ഷേപങ്ങളെ ധനമായി എണ്ണാതെ ക്രിസ്തുവെന്ന നിത്യ നിക്ഷേപത്തെ (ഉപനിധിയെ) മുറുകെ പിടിച്ച ഭക്തനായിരുന്നു മോശെ. ലോകത്തിന്‍റെ പ്രതിഫലം നിരസിക്കുവാന്‍ മോശയെ നിര്‍ബന്ധനാക്കിയത് നിത്യമായ നാടിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ചയായിരുന്നു.

കഷ്ടതക്കോ, സങ്കടത്തിനോ, ഉപദ്രവത്തിനോ, പട്ടിണിക്കോ, നഗ്നതക്കോ, ആപത്തിനോ, വാളിനോ ഉത്തമ ക്രിസ്തു ഭക്തന്മാരെ യേശുവിന്‍റെ സ്നേഹത്തില്‍ നിന്ന് വേര്‍പെടുത്തുവാൻ സാധിച്ചിട്ടില്ല. സ്വന്തം കാര്യത്തേക്കാള്‍ യേശുക്രിസ്തുവിന്‍റെ കാര്യം (സുവിശേഷ ഘോഷണം) നോക്കുന്നവര്‍ക്കേ, വക്രതയും കോട്ടവും ഉള്ള ഈ ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുവാന്‍ പറ്റുകയുള്ളൂ.

ഈ ആയുസ്സില്‍ മാത്രം ക്രിസ്തുവില്‍ പ്രത്യാശവെച്ച് ലോകസുഖങ്ങള്‍ നുകരുന്നവരെപ്പോലെ നാം ഒരിക്കലുമാവരുത്. ലോകത്തില്‍ ജീവിക്കുന്നവരാണെങ്കിലും നാം ലോകത്തിനുള്ളവര്‍ അല്ലായ്കയാല്‍ ഭക്തികേടും പ്രപഞ്ച മോഹങ്ങളും വര്‍ജ്ജിച്ചിട്ട് ലോകത്തില്‍ സുബോധത്തോടും നീതിയോടും കൂടെ ജീവിക്കേണം. ഇളകുന്ന രാജ്യത്തിലെ ഈ താല്‍ക്കാലിക ജീവിതത്തില്‍ പ്രമാണങ്ങള്‍ക്ക് അല്‍പംപോലും അയവുവരുത്താതെ നിത്യരാജ്യത്തിൽ വസിക്കേണ്ടതിനായി നന്ദിയുള്ളവരായി ദൈവത്തിനു പ്രസാദകരമാകും വിധം ഭക്തിയോടും ഭയത്തോടും കൂടെ സേവ ചെയ്യാം. ഈ കാണുന്നതെല്ലാം മാറിപ്പോകുന്ന ലോകത്തില്‍ കാണാത്ത ആ നല്ല ദേശത്തെ വിശ്വാസക്കണ്ണുകളാല്‍ കണ്ടുകൊണ്ട് അരുമ നാഥന്റെ വരവിനായി പ്രത്യശയോടും ദീര്‍ഘക്ഷമയോടും കൂടെ കാത്തിരിക്കാം. മാറാനാഥാ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.