ചെറുചിന്ത:”ഞാൻ”; ഒരു പരിചയപ്പെടുത്തൽ | ദീന ജെയിംസ്,ആഗ്ര

ആദ്യമേ തന്നെ എന്നെ നിങ്ങൾക്ക് മുന്നിൽ പരിചയപെടുത്തട്ടെ, “ഞാൻ “നിങ്ങളിൽ പലരിലും കുടികൊള്ളുന്ന ഒരു ഭാവം ആണെന്ന് പറയാം. പറയാറില്ലേ, “അവന് /അവൾക്ക് ഞാനെന്ന ഭാവമാണെന്നു.. അതുതന്നെ, അതാണ് “ഞാൻ “. ആദിമകാലം മുതലേ “ഞാൻ” മനുഷ്യരാൽ വെറുക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തുപോരുന്നു. അവരെന്നെ എത്രയധികം വെറുക്കുന്നോ, അതിലധികം ശക്തിയോടെ “ഞാൻ ” അവരിൽ പ്രവർത്തിക്കുന്നു. ഏദൻതോട്ടത്തിൽ നിങ്ങളുടെ വല്യപ്പച്ചനും വല്യമ്മച്ചിയും എനിക്ക് ഇരകൾ ആയിമാറി. “ഞാനും, ഞങ്ങളും “ദൈവത്തെപോലെ ആകുവാൻ ആഗ്രഹിച്ചു. അതവരെ ശാപത്തിലും നാശത്തിലും കൊണ്ടെത്തിച്ചു. “ഞാൻ “ആരിൽ എങ്കിലും കടന്നുകൂടിയാൽ അവരിൽ ഉന്നതഭാവവും നിഗളവും ഒക്കെ കടന്നുവരും. അവരുടെ അധഃപതനം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നു ”നാശത്തിനു മുമ്പേ ഗർവം, വീഴ്ചയ്ക്ക് മുമ്പേ ഉന്നതഭാവം” (സദൃശ്യ:16:18) നിങ്ങളിൽ പല അമ്മാമ്മമാരും അച്ചായാൻമാരും ഒക്കെ പ്രാർത്ഥിക്കുന്നത് കേട്ടു പലപ്പോഴും എനിക്ക് ചിരി അടക്കാൻകഴിയാറില്ല. “ഞാൻ “എന്ന ഭാവം എന്നിലുണ്ടാകരുതേ, കർത്താവേ.. അധികം താമസിക്കാതെ പലപ്പോഴും “ഞാൻ” അങ്ങനെയുള്ളവരിൽ കടന്നുകൂടാറുണ്ട്. പക്ഷെ, എനിക്ക് കടക്കാൻ ലവലേശം പഴുതു തരാതെ നിലനില്ക്കുന്ന അനേകം ഭക്തന്മാരും ഭക്തമാരും ഉണ്ട്. എത്ര ശ്രമിച്ചാലും “ഞാൻ “എന്നൊരു ഭാവം അവരിൽ കടന്നുകൂടാൻ ഇത്തിരി വിഷമം തന്നെ. അതിനുകാരണം അവരിൽ വ്യാപരിക്കുന്ന ദൈവകൃപയത്രേ !!!! അരുണോദയപുത്രനായ ശുക്രന് ഒരിക്കൽ “ഞാൻ “എന്ന ഭാവം തോന്നിയപ്പോൾ സംഭവിച്ചത് എന്താണെന്നു ഞാൻ പറയേണ്ടതില്ലല്ലോ !! (യെശ 14:12-16) നെബൂഖദ്നേസർ രാജാവിനെ കണ്ടില്ലേ, “ഞാൻ “മനസ്സിൽ എത്തിയപ്പോഴേക്കും ജീവിതം തകിടം മറിഞ്ഞു. (ദാനി:4:31-34) പക്ഷെ, ആ ദാവീദ് രാജാവിനെ കണ്ടില്ലേ, വനാന്തരത്തിന്റെഏകാന്തതയിൽ നിന്നും രാജസിംഹാസനത്തിൽ എത്തിയിട്ടും “ഞാൻ” ഒരല്പം പോലും അവനിൽ പ്രവേശിക്കുവാൻ സാധിച്ചില്ല. അതല്ലേ അവൻ പറയുന്നേ, നീ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ ??(2ശമു 7:19) പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട് ആർക്കും “ഞാൻ “ഒരു പ്രശ്നക്കാരൻ ആകരുതെന്നു. അവരറിയാതെ “ഞാൻ “അവരിൽ വളരുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു എന്നതുപോലെ “ഞാൻ ” അവരുടെ മനസ്സിൽ ഗർഭം ധരിച്ചു വിനാശത്തെ പ്രസവിക്കുന്നു. ഞാൻ മൂലം ദുഖം അനുഭവിക്കുന്നവർ വളരെയാണ്. ഞാൻ എന്നെത്തന്നെ നിയന്ത്രിക്കാൻ ആഗ്രഹിച്ചാലും യാന്ത്രികമായി “ഞാൻ” അവരുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നു. എന്തുചെയ്യാൻ.. “ഞാൻ”ഇങ്ങനെയാ… എന്നെ വായിക്കുന്ന പ്രീയമുള്ളവരെ, നിങ്ങളിൽ ആരും എന്റെ ഇരകൾ ആയിതീരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഉയർച്ചതാഴ്ചകൾ ജീവിതത്തിന്റെ ഭാഗമാണ്. ഉയർച്ചയുടെ ഉച്ചകോടിയിൽ എത്തുമ്പോൾ നിങ്ങളിൽ പലരും എന്നെ മാടിവിളിക്കുന്നു… നിങ്ങളറിയാതെ…. അതാ “ഞാൻ “നിങ്ങളിൽ കടന്നുവരുന്നത്.” ഞാൻ”എന്ന ഭാവത്തെ അതിജീവിക്കുവാൻ ഒരു ഉപാധികൂടി പറയട്ടെ… പൗലോസിനെ പോലെ പറയണം എങ്കിലും “ഞാൻ”ആകുന്നത് ദൈവകൃപയാൽ ആകുന്നു. എന്തൊക്കെ നേടിയാലും എല്ലാം ദൈവകൃപ മാത്രം…. അങ്ങനെ മനസിനെ പാകപ്പെടുത്തൂ… വിജയം നിശ്ചയം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.