ലേഖനം:മുഖഭാവം മാറ്റുന്നവർ | ജോസ് പ്രകാശ്, കാട്ടാക്കട

പകൽ വെയിൽ കൊണ്ടും രാത്രി ശീതം കൊണ്ടും കണ്ണിനു ഉറക്കം ഇല്ലാതെ നീണ്ട ഇരുപത് വർഷം തന്റെ സർവ്വ ബലത്തോടും കൂടെ യാക്കോബ് ലാബാനെ സേവിച്ചു. തനിക്ക് അർഹമായിരുന്ന പ്രതിഫലം പത്ത് പ്രാവശ്യം മാറ്റിയത് കൂടാതെ ലാബാന്റെ മുഖഭാവം യാക്കോബിനെതിരെ പ്രതികൂലമായി മാറി. എന്നാൽ യാക്കോബിന്റെ കഷ്ടതയും കൈകളുടെ പ്രയത്നവും കണ്ട ദൈവത്തിന്റെ മുഖം തനിക്ക് അനുകൂലമായിരുന്നു
(ഉല്പത്തി 32:2,5 ).
നമ്മുടെ പ്രതീക്ഷക്കു വിരുദ്ധമായി നമ്മെ കരുതേണ്ടവർ മുഖം മറെച്ചാലും കനിവുള്ള ദൈവം നമ്മെ കൈവെടിയില്ലൊരിക്കലും.

ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരായിരുന്ന ഹനന്യാവു, മീശായേൽ, അസര്യാവു എന്നീ ദൈവഭക്തരായ ബാലന്മാർ സേവിക്കുന്ന ദൈവം;
ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ച രാജാവത്രെ നെബൂഖദ്നേസർ. എന്നാൽ ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ചുള്ള വിഗ്രഹാരാധനയ്ക്ക് വിസമ്മതിച്ച ഈ മൂന്ന് ബാലന്മാരുടെ നേരെ കോപത്താൽ രാജാവിന്റെ മുഖഭാവം മാറി
(ദാനിയേൽ 3:19).
അധികാരികൾ നമുക്കെതിരായി ആക്രോശിച്ച് മുഖം തിരിച്ചാലും, പിന്നെത്തേതിൽ അവരുടെ ഹൃദയം നമുക്കനുകൂലമാക്കുന്ന ദൈവത്തെയാണ് നാം സേവിക്കുന്നത്.

ക്രൈസ്തവസഭയുടെ പ്രഥമ രക്തസാക്ഷിയായ സ്തെഫാനോസിനെതിരെ സുവിശേഷ വിരോധികൾ കോപപരവശരായി പല്ലുകടിച്ചു മുഖം വീർപ്പിച്ച സമയം, പരിശുദ്ധാത്മ പൂർണ്ണനായ താൻ സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കിയപ്പോൾ കണ്ടത് യേശുനാഥന്റെ മുഖത്തെ ദൈവമഹത്വമായിരുന്നു.
ദൈവസന്നിധിയിൽ ഹൃദയം പകർന്ന ഹന്നയുടെ മനോവ്യസനം അറിഞ്ഞ് തന്റെ വാടിയമുഖത്തെ പ്രശോഭിപ്പിച്ച ദൈവം നമുക്കായി ഇന്നും പ്രവർത്തിക്കുവാൻ സദാ സന്നദ്ധനത്രെ.

post watermark60x60

ഭക്തി അഭിനയിക്കുന്നവർ തങ്ങളുടെ മുഖഭാവം മാറ്റുമ്പോൾ ഭക്തന്മാരുടെ മുഖത്തെഭാവത്തെ ദൈവം പ്രകാശിപ്പിക്കുന്നു. സീനായി പർവ്വതത്തിൽ നിന്നും സാക്ഷ്യത്തിന്റെ പലകയുമായി ഇറങ്ങിവന്ന മോശയുടെ മുഖം പ്രകാശിച്ചത് ദൈവത്താൽ ആയിരുന്നു.

പ്രിയരേ; നാം സേവിക്കുന്ന മഹാദൈവം അവസരത്തിനൊത്ത് മുഖപക്ഷം കാണിക്കയോ മുഖഭാവം മാറ്റുകയോ ചെയ്യുന്നില്ല. കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി തേജോമയനായ ദൈവ മുഖത്തേക്ക് നോക്കിയവരാരും ഒരു കാലത്തും ലജ്ജിതരായിട്ടില്ല. നിസാര കാര്യങ്ങൾക്ക് നമുക്കെതിരായി മുഖം കറുപ്പിക്കുന്നവരെ കണ്ടു വ്യാകുലപ്പെടാതെ, തന്റെമേൽ തുപ്പിയിട്ടും മുഷ്ടി ചുരുട്ടി കുത്തിയിട്ടും മുഖഭാവം മാറ്റാതെ മാതൃക കാട്ടിയ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിങ്കലേക്ക് നോക്കാം.
നമ്മുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ ക്രൂരമായ പീഡകൾ സഹിച്ച് ക്രൂശിൽ ജീവനെ നല്കിയ പ്രാണപ്രിയനായ യേശുവിനെ ധ്യാനിച്ചുകൊണ്ട് യാത്ര തുടരാം അങ്ങേക്കരയിൽ എത്തുവോളം.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like