ലേഖനം:ശൂശൻ രാജധാനിയിൽ നിന്നും | ജിനേഷ്

അഹശ്വേരോശ്‌ രാജാവ് തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ കൊട്ടാരത്തിലെ ഉന്നതന്മാർക്കും തലസ്ഥാനത്തെ എല്ലാ നിവാസികൾക്കുമായി   സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു. അതിഥികൾക്ക് മുൻപിൽ സന്നിഹിതയായി സൗന്ദര്യം പ്രദർശിപ്പിക്കാൻ രാജാവ് രാജ്ഞിയായിരുന്ന വസ്ഥിരാജ്ഞിയോട്  ആവശ്യപ്പെടുന്നു. രാജ്ഞി രാജാവിനെ അനുസരിക്കാതിരുന്നപ്പോൾ അദ്ദേഹം അവരെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കുകയും പുതിയ രാജ്ഞിയെ കണ്ടെത്താനായി തുടങ്ങി. ഇവിടെ ആണ് കഥ  തുടങ്ങുന്നത്, വേദപുസ്തകം പഠിക്കുമ്പോൾ നമുക്ക് വ്യക്തമായി കാണാൻ കഴിയുന്ന ഒരു കാര്യം ആണ് ദൈവത്തിന്റെ പേര് ഒരിക്കൽ പോലും പ്രയോഗിക്കാത്ത

post watermark60x60

എബ്രായ ബൈബിളിലെ ഏകഗ്രന്ഥമാണ് എസ്ഥേറിന്റെ പുസ്തകം എന്ന് പറയുന്നതിൽ തെറ്റ് ഇല്ല. എന്നാൽ സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, സഭയോട് ഉള്ള ദൂത് ആണ് എസ്ഥേറിന്റെ പുസ്തകം. എസ്ഥേറിനെ അവിടെ ദൈവസഭയായി ഉപമിച്ചിരിക്കുന്നു.

എസ്ഥേറിനെ കുറിച്ച് നിങ്ങളോട് പറഞ്ഞിട്ട് ഞാൻ എന്റെ വിഷയത്തിലേക്ക് വരാം. എസ്ഥേർ ഒരു അനാഥ ആയിരുന്നു. എന്നാൽ അവൾക്ക് ചില രൂപഗുണങ്ങൾ ഉണ്ടായിരുന്നു. ജ്ഞാനവും വിവേകം ഉള്ളവൾ ആയിരുന്നു. അതിലുപരി അവൾ അതിസുന്ദരി ആയിരുന്നു. എന്നാൽ ഇതിന്റെ ഒന്നും അഹംഭാവം ഇല്ലാതെ തന്റെ ജീവിതം വളരെ നിഷ്കളങ്കമായി കൊണ്ട് നടന്നു. എസ്ഥേറിനെ കാണുന്നവർക്കെല്ലാം അവളോട് ഇഷ്ടംതോന്നി. കാരണം അവൾ പരിജ്ഞാനത്തോടെ മനുഷ്യരോട് ഇടപെട്ടു. ഈ ഒരു സാധാരണ പെണ്കുട്ടിക്ക് ഇത്രയും പ്രത്യേകത ഉണ്ടെങ്കിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് മൊർദ്ദെഖായി ആയിരുന്നു. മൊർദ്ദെഖായി യഹോവയുടെ വാക്ക് ശ്രദ്ധയോടെ പഠിച്ചു പോകുന്ന ഒരു വ്യക്തിയായിരുന്നു.

Download Our Android App | iOS App

യഹോവയുടെ ശബ്ദവും ന്യായപ്രമാണവും ശ്രദ്ധയോടെ പഠിക്കുന്ന അല്ലെങ്കിൽ ശ്രദ്ധയോടെ അനുസരിക്കുന്ന ഒരു വ്യക്തിക്ക്, എന്തൊക്കെ അനുഗ്രഹമുണ്ടാകും എന്നുള്ളത് ആവർത്തനപുസ്തകം 28ൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മൊർദ്ദേഖായി എസ്ഥേറിനെ  വളർത്തിയപ്പോൾ അവളുടെ ഉള്ളിൽ യഹോവയുടെ ന്യായപ്രമാണത്തെ സംഗ്രഹിച്ചു വച്ചുകൊടുത്തു. യഹോവയുടെ നാമം അവളുടെ  ഉള്ളിലുള്ളതുകൊണ്ട് അന്യദേശത്ത് അവൾ തിളങ്ങുന്ന വിളക്കായി ജീവിച്ചു. അതുകൊണ്ട് ജാതികൾ അവളെ സ്നേഹിച്ചു. എസ്ഥേറിന്റെ പുസ്തകം വായിക്കുമ്പോൾ അതിലെ ശ്രദ്ധേയമായൊരു കാര്യമുണ്ട്, മൊർദ്ദേഖായി പറയുന്നത് മാത്രമേ അവൾ അനുസരിച്ചുള്ളൂ. യഹോവയുടെ ന്യായപ്രമാണം ഉള്ളിലുള്ളതുകൊണ്ട് മാത്രമാണ് അവൾ  രാജാവിന്റെ  സന്നിധിയിൽ രാജകിരീടം ചൂടി നിൽക്കുവാൻ ഇടയായത്.

എന്നാൽ സഭ പുത്രനായ രാജാവിന്റെ മുന്നിൽ അവസാനനാളിൽ നിൽക്കണമെങ്കിൽ ചിത്രത്തയ്യലുള്ള വസ്ത്രം ധരിക്കണം, ഈ വസ്ത്രം വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നത് വിശുദ്ധന്മാരുടെ നീതി പ്രവർത്തികളാണ് (വെളിപ്പാട് 19:8). അവൾക്ക് ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. എന്നാൽ രാജസന്നിധിയിൽ പോയി നിൽക്കണമെങ്കിൽ നമ്മുടെ ജീവിതത്തിന്റെ  രീതികളെ നാമൊന്ന് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ജാതികളുടെ ഇടയിൽ ജീവിക്കുമ്പോൾ കത്തുന്ന വിളക്ക് ആകണമെങ്കിൽ  കർത്താവായ യേശുക്രിസ്തുവിനെ പിന്തുടരുന്നത് അത്യാവശ്യമാണ്. നമ്മുടെ രാജാവായ ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ ഒരു രാജാവും ഒരു മനുഷ്യനെയും ഇതുപോലെ സ്നേഹിച്ചിട്ടില്ല. അതിനുദാഹരണമാണ് കാൽവരിയിലെ ആ സ്നേഹം.

അതുകൊണ്ട് പ്രിയരേ ഈ ലോകത്ത് അനേകം ജാതികളുണ്ട്. അവർക്കിടയിൽ നമ്മുടെ ജീവിതത്തെ നമ്മൾ വരച്ചു കാണിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാണ്. ക്രിസ്തുവാകുന്ന രാജാവിന്റെ കല്പനയെ മറുത്ത് ജീവിച്ചാൽ രാജസന്നിധിയിൽ നിൽക്കുവാൻ ഒരു യോഗ്യതയും ഇല്ലാതെ ജീവിതം പാഴായി പോകും എന്ന് പറയുന്നതിൽ തെറ്റില്ല. അതുകൊണ്ട് നീതി പ്രവർത്തികളാൽ താന്താങ്ങളുടെ വസ്ത്രങ്ങൾ അണിഞ്ഞ് രാജാവിന്റെ  സന്നിധിയിൽ നിൽക്കുവാൻ നിങ്ങൾക്ക് ഏവർക്കും കഴിയട്ടെ എന്ന് ഞാൻ ആശിച്ചു പോകുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ.

-ADVERTISEMENT-

You might also like