ലേഖനം:രാഷ്ട്രീയ നേതാക്കൾക്ക് സുവിശേഷവേദികളിൽ കാര്യമെന്ത്? | റോജി ഇലന്തൂർ,

ഫാമിലി മാഗസിൻ എഡിറ്റർ ഇൻ ചാർജ്

മലയാളി പെന്തെക്കോസ്തിന്റെ ഈറ്റില്ലമായ മധ്യതിരുവിതാന്കൂറിൽ വിവിധ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ ഇക്കൊല്ലത്തെ സുവിശേഷ മഹായോഗങ്ങൾ ഏതാണ്ട് അവസാനിച്ചു. ഇൗ മഹായോഗങ്ങൾ മഹായോഗങ്ങളായി മാറ്റപ്പെടുന്നത് കടന്നുവരുന്ന വൻ വിശ്വാസസമൂഹത്തിന്റെ തിരക്ക് കൊണ്ടോ, പ്രാസംഗികരുടെ പ്രസംഗപാടവം കൊണ്ടോ, രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യം കൊണ്ടോ അല്ല, പ്രത്യുത മഹാദൈവത്തിന്റെ തികഞ്ഞ സാന്നിധ്യം കൊണ്ട് അത്രേ.

പെന്തെക്കോസ്തിന്റെ ആദ്യപിതാക്കൻമാർ വചനത്തിനും പരിശുദ്ധാത്മശക്തിക്കും ജീവിതവിശുദ്ധിക്കും പ്രാധാന്യം കൊടുത്തപ്പോൾ ഇന്നിന്റെ തലമുറ പിതാക്കന്മാരുടെ ദർശനത്തെ കാറ്റിൽ പറത്തി ഭക്തിയുടെ വേഷം ധരിച്ച് ശക്തിയെ ത്യജിക്കുന്നവരായി. ലോകം എനിക്ക് വേണ്ട, ലോകത്തിൻ ഇമ്പം വേണ്ട എന്ന് പാടിയവർ ഇന്ന് ലോകവുമായി ഇണയില്ലാപ്പിണ കൂടിയിരിക്കുന്ന കാഴ്ച നാം കണ്ടു കഴിഞ്ഞു.

ചില വർഷങ്ങളായി പെന്തെക്കോസ്ത് വേദികളിൽ രാഷ്ട്രീയനേതാക്കളും സുവിശേഷവിരോധികളും വേദി കയ്യടക്കുന്നതും മൈക്ക് കൈയാളുന്നതും നാം കാണുന്നു. അനീതിയുടെ ആൾരൂപമായ ഹെരോദാവിനെ കുറുക്കൻ എന്ന് വിളിക്കുവാൻ യേശു മടിച്ചില്ല. എന്നാൽ, ഇന്ന് ഹെരോദാവ് വാഴുന്ന കാലമായിരുന്നെങ്കിൽ വേദിയിൽ മുഖ്യാസനം തന്നെ നൽകി ആദരിക്കും എന്ന വസ്തുത അവിതർക്കിതമാണ്.

ഭാരത സുവിശേഷ രണാങ്കണത്തിൽ അഹോരാരത്ഥം അധ്വാനിക്കുന്ന ദൈവസഭക്കും ദൈവദാസൻമാർക്കും എന്നും കൊല്ലും കൊലയും മർദ്ദനവും ഭീഷണിയും തടവും കള്ളക്കേസുകളും സമ്മാനിച്ച സുവിശേഷവിരുദ്ധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ വേദിയിലേക്ക് ക്ഷണിച്ചു വരുത്തി കാര്യപരിപാടികൾക്ക്‌ മാറ്റം വരുത്തി ഇല്ലാത്ത സമയം ഉണ്ടാക്കി നൽകുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധി വിശ്വാസസമൂഹത്തിന് ഇന്നും അജ്ഞമാണ്. ഇതിന് നാം വലിയ വില നൽകേണ്ടിവരും എന്ന് പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾ നയിക്കുന്നവർ ഇനി എന്നാണ് തിരിച്ചറിയുക.

ടി പി എം കൺവെൻഷനോ വിശ്വപ്രസിദ്ധമായ മാരാമൺ കൺവൻഷൻ യോഗങ്ങളോ പോലെയുള്ള യോഗങ്ങളിൽ ഇത്തരക്കാർ തങ്ങൾക്കായി ഒരുക്കപ്പെട്ട കസേരകളിൽ ഇരിക്കുകയും സുവിശേഷ സത്യങ്ങൾ ശ്രവിക്കുകയും അല്ലാതെ ഒരു വാക്ക് പോലും സംസാരിക്കാൻ അനുവദിക്കാതെ പറഞ്ഞ് വിടുന്നത് പെന്തെക്കോസ്ത് ഗോളം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ആദ്യപിതാക്കന്മാർ അഭ്യസ്തവിദ്യരും ദരിദ്രരും എന്നിരിക്കിലും അഭൂതപൂർവമായ ആത്മീയ ദർശനവും വചനപരിജ്ഞാനവും പരിശുദ്ധാത്മശക്തിയും നിറഞ്ഞവർ ആയിരുന്നു. ദൈവത്തിൽ മാത്രം ആശ്രയിച്ച അവരെ ആദരിച്ച് അവരുടെ തലമുറകളെ അനുഗ്രഹിക്കുകയും ചെയ്തത് ദൈവത്തിന്റെ വിശ്വസ്തത ഒന്ന് മാത്രം.

പ്രാർത്ഥന:

“യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്
ഞങ്ങളെ നിങ്കലേക്ക്‌ മടക്കിവരുത്തേണമേ;
ഞങ്ങൾക്ക് പണ്ടത്തെപ്പോലെ
ഒരു നല്ല കാലം വരുത്തേണമേ.”

– വിലാപങ്ങൾ 5:21 –

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.