ലേഖനം:പ്രമാണവും പ്രകൃതിയും | അനിൽ ആയൂർ

ശീർഷക പദങ്ങളുടെ അടുക്കിൽ പ്രഥമ സ്ഥാനം പ്രമാണത്തിനു നൽകണോ അതോ പ്രകൃതിക്കു നൽകണോ?? ഒരു പ്രഹേളികയാകാതെ, ഒടുവിൽ. അനുവാചകൻ തന്നെ തീർപ്പ് കൽപിക്കട്ടെ.

പ്രകൃതിയിൽ പ്രവൃത്തി ചെയ്‌വാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

പക്ഷെ  ആ പ്രവൃത്തികളിന്ന്, മനുഷ്യൻെറ പ്രകൃതിയെ തന്നെ മാറ്റിയിരിക്കുന്നു. പ്രകൃതി മാറി പ്രാകൃതനായ മനുഷ്യന്, പ്രമാണങ്ങൾ

പണ്ടേ പുച്ഛമാണ്. ഏദനിൽ നാന്ദി കുറിച്ച പ്രമാണ ലംഘനം ഇന്നൊരലങ്കാരമായിരിക്കുന്നു. കളവിൻെറ കന്നിശ്രമത്തിലെ ആശങ്ക, തുടർന്നങ്ങോട്ടൊരു ഹരമായ് മാറുന്നു. കല്പനകളുടെ പ്രഭവം സീനായ് ശിഖരത്തിൽ നടന്നപ്പോൾ, താഴ്വരയിൽ നടമാടിയതൊ, ലംഘനത്തിൻെറ തിമിർപ്പ്. ഇന്നും തുടരുന്ന ആ തിമിർപ്പ്, ആത്മീക ലോകത്തിൻെറ അപചയമായ്.

പ്രകൃതിക്ക് ഭേദം വരുത്തുവാൻ പ്രയത്നങ്ങളെ ഫലീകരിച്ച ദൈവത്തെ നാം, കർതൃത്വത്തിൻെറ പരമാധികാരത്തിൽ നിന്നും നോട്ടക്കാരനായ് അവരോധിച്ചു. ദൈവീക ദീർകക്ഷമ, നിത്യ ക്ഷമയല്ലെന്ന തിരിച്ചറിവ് ഇനിയും നമുക്ക് കൈവന്നിട്ടില്ല. പ്രമാണങ്ങൾ നമുക്കിന്ന് ഭൂഷണമല്ല.

പിതാക്കന്മാരുടെ മാമൂലുകളായ് നാം അവയെ പടിയിറക്കിവിട്ടു. ലോകം ത്യജിച്ചവരുടെ തലമുറകൾ,ലോക സ്നേഹികളായ് പരിലസിക്കുമ്പോൾ, പ്രകൃതി അറിഞ്ഞുദ്ധരിച്ചവൻ ഇന്നനുതപിക്കുന്നു. ദൈവീക പ്രമാണങ്ങൾ പണത്തിനും ആഡംബരത്തിനും വഴി മാറിയപ്പോൾ, ആത്മീക പ്രകൃതർ പ്രാപഞ്ചിക പ്രകൃതരായ്. വിശുദ്ധിയും വേർപാടും നോക്കുകുത്തികളായ്. ബലേ ഭേഷ് എന്നു ലോകം സാക്ഷ്യപ്പെടുത്തുമ്പോൾ, കാട്ടികൂട്ടിയതൊക്കെ നന്നായെന്നു തോന്നിയാൽ, അത് ആത്മ മനുഷ്യൻെറ മരണമെന്ന് ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല. പ്രമാണമില്ലാത്തവരെന്നു നാം മുദ്ര കുത്തുന്നവർ, ദൈവീക വിഷയങ്ങളിൽ പുലർത്തുന്ന മാതൃക ഇന്നു നമുക്കുണ്ടോ??

കാനായിലെ കല്യാണ വിരുന്നിന് വിശിഷ്ടാഥിതി യേശുവായിരുന്നെങ്കിൽ, നമ്മുടെ വിശിഷ്ട സദസ്സുകളിൽ, ലോകത്തിലെ പ്രമുഖരെ നാം മുൻ നിരയിൽ ആസനസ്ഥരാക്കി ഊറ്റം കൊള്ളുന്നു. ഒപ്പമിരുനാരാധിക്കുന്നവരും പ്രാർത്ഥനക്ക് കരം തരുന്നവരും ശ്രദ്ധിക്കപെടാത്ത പിൻനിരക്കാർ.  എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാനെന്നത് വെറും സൂക്തങ്ങൾ മാത്രം. വിശുദ്ധന്മാരുടെ സാമീപ്യത്തെക്കാൾ, വിരുതന്മാരുടെ സാമീപ്യത്തിൽ നാം പുളകിതരാകുമ്പോൾ, നമ്മുടെ ആത്മീക കാഴ്ച്ചപ്പാടെന്ത്??

പ്രകൃതി മാറുമ്പോൾ പ്രമാണം മാറിയാൽ, പ്രമാണത്തിനെന്തു സ്ഥാനം?

ലോകത്തിനൊപ്പം ചുവടു വെച്ചാൽ, ലോകത്തോടെന്തു വേർപാട്?

നന്നായെന്ന ലോകത്തിൻെറ സാക്ഷ്യം, ദൈവ സാന്നിധ്യത്തിൻെറ  അളവുകോലോ?

സാഹചര്യങ്ങളെ പഴി ചാരിയാൽ, ദൈവത്തിനത് സ്വീകാര്യമൊ?

പണം കൊണ്ട് ആഡംബരത്തിൻെറ മാറ്റ് കൂട്ടുമ്പോൾ, അതനുഗ്രഹമായ് പരിണമിക്കുമൊ?

ലജ്ജയായതിൽ മാനം തോന്നിയാൽ, നാം ലജ്ജിക്കപ്പെടുന്നവരുടെ കൂട്ടത്തിലോ, വിജയിക്കുന്നവരുടെ കൂട്ടത്തിലൊ?

അപ്പൻെറ പ്രമാണത്തിൽ നിന്നും അകന്നു പോയ മകനെ മുടിയൻ പുത്രനെന്നുപേർ വിളിച്ചാലും, മടങ്ങി ചെന്നാൽ അവൻ യെജമാനനും അധികാരിയുമാണ്. പക്ഷെ മടങ്ങി ചെല്ലുവാനുള്ള സുബോധമുണ്ടാകണം. പ്രമാണത്തിലേക്ക് മടങ്ങാൻ നമ്മളിൽ സുബോധം ജനിക്കട്ടെ. അങ്ങനെ നമ്മുടെ പ്രാകൃത പ്രകൃതി മരിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.