- Advertisement -

ലേഖനം:ഒരു ‘തേപ്പ്’ കഥ | മിനി എം തോമസ്

അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു. ജാതിയോ മതമോ ദേശമോ ഒന്നും അവൻ തിരക്കിയില്ല. ആദ്യകാഴ്ചയിൽ തോന്നിയ കൗതുകം ഒരു പ്രണയമായി അവനിൽ വളർന്നു. സ്വന്തനാട്ടിൽ തിരിച്ചെത്തിയ ശിംശോന്റെ മനസ്സ് മുഴുവൻ താൻ കണ്ട സുന്ദരിയായ പെൺകുട്ടിയെ കുറിച്ചായിരുന്നു. ശത്രു ദേശമായ ഫെലിസ്ത്യയിലെ പെൺകുട്ടിയായതിനാൽ വീട്ടുകാരുടെ എതിർപ്പുകൾ അവൻ പ്രതീക്ഷിച്ചു. അവൻ ഭയന്നതുപോലെ അപ്പൻ എതിർപ്പുകളുമായി രംഗത്തു എത്തി. പക്ഷെ, അവന്റെ തീരുമാനം ഉറച്ചതായിരുന്നു. മകന്റെ നിർബന്ധത്താൽ അവർ പെണ്ണുകാണലിനായി ഫെലിസ്ത്യയിലേക്ക് യാത്രതിരിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തി, തന്റെ ഇഷ്ടം വീട്ടുകാരെ അറിയിച്ച്, വിവാഹമൊക്കെ ഉറപ്പിച്ച് അവർ മടങ്ങി. ആഗ്രഹിച്ചതിനെ സ്വന്തമാക്കിയ ആവേശം ശിംശോന്റെ മുഖത്ത് ഉണ്ടായിരുന്നു. അങ്ങനെ വിവാഹ ദിവസം അടുക്കാറായി. വിവാഹത്തിന്റെ മുൻപുള്ള ഏഴു ദിവസം വിരുന്നു നടത്തുന്ന പതിവ് ശിംശോൻ തെറ്റിച്ചില്ല. പതിവുപോലെ വിരുന്നുസൽക്കാരത്തിനായി 30 തോഴന്മാരും എത്തി. ആട്ടവും പാട്ടും സൽക്കാരവും എല്ലാം അതിന്റെ മുറയ്ക്ക് നടന്നു. എല്ലാം കഴിഞ്ഞ് ശിംശോൻ അവിടെയുള്ള ചെറുപ്പക്കാരോട് ഒരു കടങ്കഥ ചോദിച്ചു. വെറുതെയല്ല, പ്രതിഫലം ആഗ്രഹിച്ചുകൊണ്ടു തന്നെ. ഏഴു ദിവസത്തിനുള്ളിൽ ഉത്തരം പറഞ്ഞാൽ മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷ വസ്ത്രവും നൽകും. അല്ലെങ്കിൽ 30 തൊഴന്മാർ ശിംശോന് അവ നൽകണം. എന്നാൽ ശിംശോന്റെ ചോദ്യത്തിന് ഉത്തരം പറയുവാൻ മൂന്ന് ദിവസമായിട്ടും ആർക്കും കഴിഞ്ഞില്ല. തോഴന്മാർ ശിംശോന്റെ ഭാര്യയെ വശീകരിച്ചു. ശിംശോനോട് ഉത്തരം ചോദിച്ച്, തങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ അവളെ നിർബന്ധിച്ചു. ശിംശോന്റെ ഭാര്യ ഇത് കേട്ടിട്ട് അവനെ അസഹ്യപ്പെടുത്തി തുടങ്ങി. ദിവസവുമുള്ള പരാതികേട്ട് മടുത്ത ശിംശോൻ അവസാനം ഉത്തരം പറഞ്ഞുകൊടുത്തു. അവൾ ചെന്ന് തൊഴന്മാർക്ക് അത് ചോർത്തികൊടുത്തു. ഏഴാം ദിവസം സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അവർ ഉത്തരം പറഞ്ഞ് വിജയികളായി. ചതിയറിഞ്ഞ ശിംശോൻ ആ 30 പേരെയും കൊന്നു. ശിംശോൻ തിരികെ സ്വന്ത ദേശത്ത് തിരികെ പോയി. അവന്റെ ഭാര്യ ശിംശോന്റെ കൂട്ടുകാരന് ഭാര്യയായി തീർന്നു.

Download Our Android App | iOS App

ആധുനിക കാലത്തോട് ചേർത്ത് നിർത്തി വായിച്ചാൽ അസ്സൽ ഒരു തേപ്പ് കഥ. തേപ്പ്!!! ചതിയുടെ ഭാവഭേദങ്ങളെ ഇന്നത്തെ യുവത്വം വിളിക്കുന്ന ഓമനപ്പേർ!! എന്തിനും ഏതിനും തേപ്പ് എന്ന പറയുമ്പോൾ ചിലർക്ക് എങ്കിലും ഒരു ആത്മസുഖം കിട്ടാതില്ല. പ്രതീക്ഷകളും സ്വപ്നങ്ങളുമായി സ്നേഹം പങ്കുവയ്ക്കുന്ന രണ്ടുപേരുടെ ഇടയിൽ വേർപിരിയേണ്ടുന്ന അവസ്ഥ വന്നാൽ അത് ഇന്ന് ചതിയുടെ പര്യായമായി. അവിടെ കാരണങ്ങൾക്ക് പ്രസക്തിയില്ല. വേർപിരിയാൻ 100 കാരണങ്ങൾ ഉണ്ടായിട്ടും വേർപിരിയാതെ ഒന്നായവർ കുറവെങ്കിലും നമുക്ക് ചുറ്റും ഉണ്ട്.

post watermark60x60

ഇന്ന് പ്രണയത്തിന്റെ മാനദണ്ഡം സൗന്ദര്യവും പണവും കഴിവുകളും കുടുംബ മഹിമയുമൊക്കെയാണ്. ബലഹീനതകൾ പലപ്പോഴും പ്രണയത്തിന് വിലങ്ങുതടി ആകാറുണ്ട്. സ്നേഹബന്ധങ്ങൾ തകരാൻ ഒരു ചെറിയ വാക്കോ പ്രവർത്തിയോ മതി. ലോകത്താൽ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും നമ്മുടെ ബലഹീനതകൾ ഒരു തടസ്സമായി നിൽക്കുമ്പോഴും, ബലഹീനതയിലും കൃപ നൽകി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ദൈവം ഉണ്ട്. നമ്മുടെ ബലഹീനതകൾ തിരിച്ചറിയുമ്പോൾ മനുഷ്യർ നമ്മെ തള്ളിക്കളയാം. പക്ഷെ ദൈവത്തിന് സ്നേഹിക്കാൻ നമ്മുടെ ബലഹീനതകൾ ഒരു തടസ്സമല്ല. പകരമായി നമ്മുടെ സ്നേഹം മതി, സമയം മതി, ആത്മാർത്ഥമായ ആരാധന മതി.

സ്വപ്നങ്ങളും സാഹചര്യങ്ങളും മാറി മറയുമ്പോൾ ചതികൾ സംഭവിക്കാം. ചിലതൊക്കെ നാം വരുത്തിവെച്ച വിനകൾ ആകാം. പക്ഷെ, കുറ്റബോധത്താൽ വീർപ്പുമുട്ടി ജീവിതം പാഴാക്കരുത്. സ്വയം തീരുമാനങ്ങൾ എടുത്ത് ദൈവ ഹിതത്തിൽ നിന്ന് വ്യതിചലിക്കരുത്. നടക്കേണ്ടുന്ന വഴി കാണിച്ചു തരുന്ന, ദൃഷ്ടി വെച്ച് ആലോചന പറഞ്ഞു തന്ന് സ്നേഹിക്കുന്ന യേശുവിനെ മറക്കരുത്!!! ജീവിതത്തിൽ പാളിച്ചകൾ വന്നിട്ടും, നാം അകന്നുപോയിട്ടും നമ്മെ “തേക്കാത്ത” നല്ല സഖിയായി യേശു നമ്മുടെ
അരികിൽ ഉണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...