ലേഖനം:സുവിശേഷം പ്രസംഗിക്കുക | ജോസ് പ്രകാശ്,കാട്ടാക്കട

പിന്നെ യേശു അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
(മർക്കൊസ് 16:15)

ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ആരംഭം ഗലീല കടൽപ്പുറത്തെ സുവിശേഷ പ്രസംഗത്തോടുകൂടി ആയിരുന്നു. യേശുവിന്റെ നിത്യജീവമൊഴികൾ കേട്ട് മനസ്സിനു രൂപാന്തരം വന്നവർ വള്ളവും വലയും വിട്ടു ഗുരുനാഥനൊപ്പം സുവിശേഷഘോഷണത്തിൽ പങ്കാളികളായി. രണ്ടുപേരെ ഉൾപ്പെടുത്തി ആരംഭിച്ച ശുശ്രൂഷ ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ വലിയൊരു കൂട്ടമായി. ക്രമേണ അതു വളർന്ന് വലുതായി.

പട്ടണം തോറും ഗ്രാമം തോറും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ച് നന്മചെയ്തും, സൗഖ്യമാക്കിയും കൊണ്ട് യേശു സഞ്ചരിച്ചപ്പോൾ ധാരാളം പേർ യേശുവിന്റെ ശിഷ്യരായി. അവരിൽ നിന്നും തനിക്കിഷ്ടപ്പെട്ട പന്ത്രണ്ടുപേരെ (അപ്പൊസ്തലന്മാരെ) യേശു തിരഞ്ഞെടുത്തു സുവിശേഷം പ്രസംഗിപ്പാൻ നിയമിച്ചു (മർക്കൊസ് 3:14).

post watermark60x60

അതിനു ശേഷം ദൈവരാജ്യം സമീപിച്ചിരിക്കുന്നത് പ്രസംഗിക്കുവാൻ വേറെ എഴുപതു പേരെ നിയമിച്ചു. അങ്ങനെ യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ശിഷ്യന്മാരുടെ എണ്ണം ഏകദേശം നൂറ്റിയിരുപത് പേരുള്ള ഒരു സംഘമായി.

യേശുവിന്റെ പരസ്യശുശ്രൂഷാ വേളയിൽ ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങളായിരുന്നു തന്റെ ശിഷ്യരുമായി യേശു പങ്കുവെച്ചത് (അ.പ്രവ 1:1-5,8,9).
യേശുക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുമ്പായി തന്റെ ശിഷ്യർക്ക് കൊടുത്ത ദൗത്യവും സുവിശേഷം പ്രസംഗിപ്പാനായിരുന്നു (മത്തായി 28:19; മർക്കോ 16:15; ലൂക്കോ 24:46,49; അ.പ്രവ 1:8).

യേശുനാഥന്റെ വിട്ടുപിരിയലിനു ശേഷം തന്റെ പ്രിയ ശിഷ്യഗണം ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിയും (ലൂക്കോസ് 24:53), ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചും (അ.പ്രവ 1:14) വാഗ്ദത്തത്തിനായി കാത്തിരുന്നു. അങ്ങനെ പെന്തെക്കൊസ്തുനാൾ വന്നപ്പോൾ കാത്തിരുന്ന എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി (പ്രവൃത്തികൾ 2:1,4).

പരിശുദ്ധാത്മ പകർച്ചക്കു ശേഷം മഹാനിയോഗത്തോട് മറുതലിക്കാതെ സുവിശേഷം പ്രസംഗിച്ച പ്രഥമ പ്രസംഗികൻ പത്രൊസ് അപ്പൊസ്തലൻ ആയിരുന്നു. പ്രസംഗത്തിലെ പ്രധാന പ്രമേയം നസറായനായ യേശു ക്രിസ്തുവായിരുന്നു. ക്രൂശീകരണം, ഉയിർത്തെഴുന്നേൽപ്പ്, സ്വർഗ്ഗാരോഹണം എന്നിവ വിശദീകരിച്ചു (അ.പ്ര 2:23,33). ഈ കാലഘട്ടത്തിൽ പ്രതിധ്വനിക്കേണ്ട സുവിശേഷ സന്ദേശവും ലോക രക്ഷകനായ യേശുവിനെക്കുറിച്ചായിരിക്കേണം.

മുടന്തനായിരുന്ന ഭിക്ഷക്കാരന്റെ സൗഖ്യത്തിങ്കൽ വിസ്മയവും പരിഭ്രമവും നിറഞ്ഞ് ഓടിക്കൂടിയ ജനത്തോടു പത്രോസ് അപ്പോസ്തലൻ ഉയർത്തെഴുന്നേറ്റ യേശുവിനെ ആധാരമാക്കി മാനസാന്തര സുവിശേഷം പ്രസംഗിച്ചു (അ.പ്ര 3:15,19). നമ്മുടെ പ്രസംഗങ്ങളിലും യേശു ഉണ്ടാകണം, ജനത്തെ മാനസാന്തരത്തിലേക്കു ആഹ്വാനം ചെയ്യണം.

ജനത്തിന്റെ പ്രമാണികളും, മൂപ്പന്മാരും, ശാസ്ത്രിമാരും ആയവരോട് പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞ് പ്രഘോഷിച്ചതും:
രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ മാനവ രക്ഷക്കായി നല്കപ്പെട്ട ഏക നാമമായ യേശുവിനെക്കുറിച്ചായിരുന്നു (പ്രവൃത്തികൾ 4:8,12). ഇന്നത്തെ മഹാ(മെഗാ) യോഗങ്ങളിൽ മുഴങ്ങി കേൾക്കേണ്ട മഹൽസന്ദേശവും, നമ്മുടെ പ്രസംഗത്തിലെ പ്രധാന വചനവും ഇതായിരിക്കട്ടെ.

ഭീഷണികളുടെ മദ്ധ്യത്തിലും അപ്പൊസ്തലന്മാർ പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു, മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു (പ്രവൃത്തികൾ 4:31,33). അപ്പോസ്തലന്മാർ തങ്ങളെക്കുറിച്ച് സാക്ഷിക്കുവാൻ ലേശവും സമയം പാഴാക്കിയില്ല. ജീവിതമില്ലാത്ത സാക്ഷ്യമല്ല ഇന്നിന്റെ ആവശ്യം, ജീവിക്കുന്ന യേശുവിനെക്കുറിച്ചുള്ള സാക്ഷ്യമാണ് ഇന്നേറ്റവും അത്യാവശ്യമായിരിക്കുന്നത്.

അപ്പൊസ്തലന്മാർ ദൈവാലയത്തിൽ പ്രസംഗിച്ചതും ജീവന്റെ വചനമായിരുന്നു. ക്രിസ്തുവിനു വേണ്ടി കാരാഗൃഹത്തിൽ അടക്കപ്പെട്ടപ്പോഴും, അടിയേറ്റപ്പോഴും, അപമാനം സന്തോഷത്തോടെ സഹിച്ചു കൊണ്ട് ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു (പ്രവൃത്തികൾ 5:42).

ക്രിസ്തുവിനു പകരമായി ഈ ഉലകത്തിൽ മറ്റൊരു നാമമില്ല. സുവിശേഷത്തിനു പകരമായി വേറൊരു വിശേഷവും ഇല്ല. തർക്കിച്ചവരോടും, കള്ളപ്രചരണം നടത്തിയവരോടും കല്ലേറിനാൽ കൊല്ലപ്പെടുന്നതിനു മുമ്പായി സ്തെഫാനോസ് യേശുവിനെക്കുറിച്ച് പ്രസംഗിച്ചു.
യെരുശലേമിലെ സഭെക്കു ഉപദ്രവം നേരിട്ടപ്പോൾ ചിതറിപ്പോയവർ സുവിശേഷിച്ചതും ക്രൂശിന്റെ വചനമായിരുന്നു (പ്രവൃത്തികൾ 8:4). ഫിലിപ്പൊസ് എന്ന സുവിശേഷകൻ
ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു (പ്രവൃത്തികൾ 8:5). ക്രിസ്തുവിന്റെ നിർമ്മല സുവിശേഷത്തിനു മാത്രമേ ലോകത്തിൽ സന്തോഷം നൽകുവാൻ കഴികയുള്ളൂ (പ്രവൃത്തികൾ 8:8).

കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഐത്യോപ്യൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകുന്നത് കണ്ട ഫിലിപ്പൊസ് ദൈവനിയോഗത്താൽ തിരുവെഴുത്തു ആധാരമാക്കി അദ്ദേഹത്തോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു (പ്രവൃത്തികൾ 8:35).

യഹൂദമത തീവ്രവാദിയായിരുന്ന ശൌൽ യേശുവിനാൽ മനപരിവർത്തിതനായി സുവിശേഷ പ്രസംഗം ആരംഭിച്ച കാലഘട്ടത്തിൽ, യേശു തന്നേ സാക്ഷാൽ ദൈവപുത്രനെന്ന് തന്റെ പ്രസംഗത്തിലൂടെ തെളിയിച്ചു മതതീവ്രവാദികളെ നിശബ്ദരാക്കി (അ.പ്ര 9:22). നാം സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചാൽ മതി, മറ്റെല്ലാ അസത്യവും പകൽ പോലെ പ്രകടമാകും. പ്രാസത്തിൽ പരിചയമുള്ളവരല്ല, പരിശുദ്ധവചനം പവിത്രതയോടും പ്രാഗൽഭ്യത്തോടും പ്രസംഗിക്കുന്നവരാണ് ദൈവസഭയിൽ അത്യാവശ്യമായും ഉണ്ടാകേണ്ടത് (അ.പ്ര 9:28).

കൈസര്യയിൽ കൊർന്നേല്യൊസ് എന്ന ശതാധിപന്റെ ഭവനത്തിൽ ദൈവശബ്ദം കേൾക്കുവാൻ
കൂടിയിരുന്നവരോട് പത്രോസ് പ്രസംഗിച്ചത് യേശു ക്രിസ്തുവിനെക്കുറിച്ചായിരുന്നു (അ.പ്രവ 10:36,42,43).
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ അന്ത്യൊക്ക്യയിൽ എത്തിയശേഷം യവനന്മാരോടു കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു (പ്രവൃത്തികൾ 11:19-20).
കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നവരെ കർത്താവ് തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.

ലുസ്ത്ര പട്ടണത്തിന് മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പൂജാരിയോടും പുരുഷാരത്തോടും വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം അപ്പൊസ്തലന്മാർ അറിയിച്ചു (പ്രവൃത്തികൾ 14:15).

ഫിലിപ്പിയിലെ കാരാഗൃഹത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന പ്രമാണി ആത്മഹത്യക്കൊരുങ്ങിയപ്പോൾ രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്ന ചോദ്യത്തിന് രക്ഷകനായ കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്ന മഹത് സന്ദേശമാണ് അവർ കൈമാറിയത്
(അ.പ്ര 16:31).

പൗലൊസ് അപ്പൊസ്തലൻ അരയോപഗക്കുന്നിന്മേൽ നിന്നുകൊണ്ട് അഥേന നഗരത്തിലെ അതിഭക്തന്മാരായ
പുരുഷാരത്തോട് ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ; സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ ദൈവത്തെക്കുറിച്ചായിരുന്നു പ്രസംഗിച്ചത് (അ.പ്രവ 17:24,32).

വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ട പൌലൊസ്
കൊരിന്ത്യരോടു
യേശു തന്നേ ക്രിസ്തു എന്നു
സാക്ഷീകരിച്ചു. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുണ്ടായിരുന്ന
അലക്സാന്ത്രിയക്കാരനായ അപ്പൊല്ലോസ് ഉയർത്തിയതും യേശുവിന്റെ നാമം ആയിരുന്നു. ന്യായാധിപതിയായിരുന്ന
ഫേലിക്സിനോടും, ഭാര്യയോടും പൌലൊസ് പ്രസംഗിച്ചതു നിർമ്മല സുവിശേഷമായിരുന്നു
(അ.പ്ര 24:24).

ശുശ്രൂഷയുടെ അവസാനഘട്ടങ്ങളിൽ മതപ്രഭാഷണം കേൾക്കാൻ വന്നവരെ മാനസാന്തര സന്ദേശം കേൾപ്പിച്ചാണ് അദ്ദേഹം അയച്ചത് (അ.പ്രവ 28:22,23). സകലത്തിലും നിർമ്മദൻ ആയി കഷ്ടം സഹിച്ചു സുവിശേഷകന്റെ പ്രവൃത്തിചെയ്ത; അപ്പൊസ്തലനെ തന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുവാൻ
കർത്താവ് തുണ നിന്നു ശക്തീകരിച്ചു.

കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും കൊണ്ട്
നല്ല ശുശ്രൂഷ ചെയ്തു, ഓട്ടം തികച്ചു, വിശ്വാസം കാത്തു നീതിയുടെ വാടാത്ത കിരീടം നീതിയുള്ള ന്യായാധിപതിയായ കർത്താവിൽ നിന്നും മഹത്വ പ്രത്യക്ഷതയിൽ പ്രാപിക്കുവാൻ പ്രാപ്തനായി.

സകലത്തിലും മാതൃക കാട്ടിയ യേശുവിനെയും ശിഷ്യന്മാരെയും അപ്പൊസ്തല വൃന്ദത്തെയും നമുക്കു മാതൃകയാക്കാം. മറ്റെല്ലാ താത്കാലിക കാര്യങ്ങളോടും വിടപറയാം. ഈ ആയുസ്സിൽ ക്രിസ്തുവിനായ് ജീവിക്കാം. ദാവീദിന്റെ സന്തതിയായി ജനിച്ചു, മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ മാത്രം ഓർക്കാം, ഘോഷിക്കാം. അതാകട്ടെ ക്രൈസ്തവ സഭയുടെ പ്രതിപാദ്യവും പ്രസംഗവും പ്രവർത്തനവും.

-ADVERTISEMENT-

-ADVERTISEMENT-

You might also like