ലേഖനം:മാതാജിയും പിതാജിയും പിന്നെ പബ്ജിയും | ഷിബു കെ.ജോൺ കല്ലട

ആധുനിക മാധ്യമ വ്യവസായം ഉന്നം വച്ചിരിക്കുന്നത് ബാല്യ-കൗമാരപ്രായക്കാരെയാണ്. അടുത്തിടെ ഒരു ഇടത്തരം കുടുംബത്തിൽ നടന്ന സംഭവമാണിത്. കൗമാരക്കാരന്റെ അപ്പനും അമ്മയും തമ്മിൽ പൊരിഞ്ഞ യുദ്ധം. ഏകമകൻ കൂട്ടുകാരോടൊത്ത് പള്ളിയിൽ പോയതാണെന്ന് അമ്മയും, അല്ല അവനെ സിനിമാതീയറ്ററിന്റെ ക്യൂവിൽ കൂട്ടുകാരോടൊത്ത് കണ്ടെന്ന് അപ്പനും! എന്തായാലും അവൻ വന്നിട്ട് ചോദിക്കാമെന്നുള്ള സമാധാനകരാറിൽ അവർ യുദ്ധം പിൻവലിച്ചു. വൈകിവന്ന പ്രിയപുത്രനോട് അമ്മയാണ് കാര്യം തിരക്കിയത്: നീ ആരുടെയോ മാമ്മോദീസായ്ക്ക് കൂട്ടുകാരോടൊത്ത് പള്ളിയിൽ പോകുകയാണെന്നല്ലേ എന്നോട് പറഞ്ഞത് ?
ഒരിക്കലും കള്ളം പറയാത്ത മോന്റെ മറുപടി: അതേ മമ്മീ. ലോനപ്പന്റെ മാമ്മോദീസായ്ക്ക് ഫ്രണ്ട്സിനോടൊപ്പം പോകുവാണന്നല്ലേ ഞാൻ പറഞ്ഞത്? അത് ഈയാഴ്ച റിലീസ് ചെയ്ത സിനിമയാ… !!

സിനിമാ എന്ന മാധ്യമം മാത്രമല്ല, ഇന്റർനെറ്റും മൊബൈലുമൊക്കെ നമ്മുടെ കുട്ടികൾ ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്നു എന്നത് പുതിയൊരുകാര്യമല്ല.
കൂട്ടമായി കളിയ്ക്കാവുന്ന ഓൺലൈൻ ഗെയിമുകളാണ് നമ്മുടെ കുട്ടികളുടെ ഏറ്റവും പുതിയ ഹരം. അതിൽത്തന്നെ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നു വന്നിരിക്കുന്ന ‘പബ്ജി’ (PUBG) എന്ന കളിയാണ് ഏറ്റവും വലിയവില്ലൻ. ഗുണനിലവാരമില്ലാത്ത സാങ്കേതിക വസ്തുക്കൾക്ക് പേരുകേട്ട ചൈനയിലാണ് പബ്ജി പിറന്നത്. ചൈനയ്ക്ക് വെളിയിൽ മാത്രം 200 മില്യൺ ഡൗൺലോഡുകളാണ് ഈ ഗെയിമിനുള്ളത്. കൂടാതെ ദിവസവും 30 മില്യൺ കുട്ടികളും കൗമാരക്കാരും ഈ ഗെയിം കളിക്കുന്നുണ്ട്! നമ്മുടെ കൊച്ചുകേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ പോലും പബ്ജി അതിശക്തമായി വേരുറപ്പിച്ച് കഴിഞ്ഞു!

നിസംഗതാ മനോഭാവം അപകടം
മാതാപിതാക്കളുടെയും അധ്യാപകരുടെയും സാങ്കേതിക പരിജ്ഞാന ക്കുറവ് മിക്കപ്പോഴും ന്യൂ ജെൻ കുട്ടികൾക്ക് ഇത്തരം ഗെയിമുകളിൽ മുഴുകുവാൻ സഹായം ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇതര ബാലജനപ്രവർത്തകരുടെയും ബോധവൽക്കരണം ഇക്കാര്യത്തിൽ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സ്കൂളിലെ കായികമത്സരത്തിനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പൈസ വാങ്ങി കഫേയിൽ പോയി മണിക്കൂറുകളോളം ഗെയിം കളിച്ച ഒരു പത്താം ക്ളാസുകാരനെ തൊണ്ടിയോടെ പിടികൂടിയത് അവന്റെ പിതാവിന്റെ പരിചയക്കാരനാണ്. മറ്റൊരു സംഭവത്തിൽ ഹോസ്റ്റൽ വിദ്യാർത്ഥിയാണ് താരം. വീട്ടിൽ നിന്നും ഫോൺ ചെയ്യുമ്പോഴൊക്കെ മകന്റെ ഫോൺ ബിസി. കുട്ടിക്ക് ധാരാളം പഠിയ്ക്കാനുണ്ടെന്ന് മാതാപിതാക്കൾ ആദ്യം കരുതി. നിരന്തരം ഇത് തുടർന്നപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. തുടരന്വേഷണത്തിൽ കൂട്ടുകാർ തന്നെയാണ് കുട്ടിയുടെ ഓൺലൈൻ അഡിക്ഷൻ വെളിപ്പെടുത്തിയത്!

ദുർ സ്വഭാവ രൂപീകരണം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ പാരമ്പര്യം പോലെ തന്നെ അതിപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട് അവൻ വളരുന്ന സാഹചര്യവും. പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത അഹദ് നിസാം എന്ന പതിനൊന്നുകാരൻ മൂന്ന് പ്രധാന ഭവിഷ്യത്തുകളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത് ആക്രമണ സ്വഭാവമുള്ള ഉള്ളടക്കം (Violent Content). AK47 പോലെയുള്ള ആധുനിക മാരകായുധങ്ങളും അത്യാധുനിക ഗ്രാഫിക്സ് സാങ്കേതിക വിദ്യയും ചേരുമ്പോൾ കളിക്കുന്ന കുട്ടികൾ വേറൊരു ലോകത്ത് എത്തുകയാണ്. മുന്നിൽ കാണുന്ന എന്തിനേയും കീഴടക്കുക എന്നൊരു പ്രത്യയശാസ്ത്രം കുട്ടിയുടെ ഉള്ളിൽ രൂപപ്പെടുന്നു.
രണ്ടാമത്തെ കാര്യം aggression അഥവാ പ്രതികാര മനോഭാവം. സ്നേഹത്തിൽ വളരേണ്ട കുട്ടികൾ വേഗത്തിൽ കലഹക്കാരായിത്തീരുന്നു. മൂന്ന് സൈബർ ബുളയിംഗ്(Cyber Bullying). കളി ജയിക്കുന്നതിനോ പണം പിടുങ്ങുന്നതിനോ ശക്തി കുറവെന്ന് തോന്നുന്നവരെ ഓൺലൈൻ ചാറ്റ് ബോക്സിലൂടെ ഭീഷണിപ്പെടുത്തുന്ന രീതിയാണിത്.
കൂടാതെ ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്ന കുഞ്ഞുങ്ങൾ പഠനത്തിൽ താത്പര്യമില്ലാത്തവരായിത്തീരുന്ന സാഹചര്യവുമുണ്ട്.
ചുരുക്കത്തിൽ നാളത്തെ നല്ല പൗരൻമാരായിത്തീരേണ്ട നമ്മുടെ കുഞ്ഞുങ്ങൾ തിന്മയ്ക്ക് വശംവദരായി ലക്ഷ്യബോധം നഷ്ടപ്പെട്ടവരായിത്തീരുകയാണ്.

പതിയിരിക്കുന്ന മറ്റ് അപകടങ്ങൾ

ബോംബെ കല്യാണിലെ പന്ത്രണ്ടാം ക്ളാസുകാരൻ വിട്ടുകാരോട് പബ്ജിമൊബൈൽ വാങ്ങുവാനായി ആവശ്യപ്പെട്ടത് 37000 രൂപയാണ് (പബ്ജി ഏകദേശം 2GB മെമ്മറിസ്ഥലം അപഹരിക്കുന്നുണ്ട് ). വീട്ടുകാർ നൽകാമെന്ന് സമ്മതിച്ച 20000 രൂപയിൽ തൃപ്തനാകാത്ത കൗമാരക്കാരൻ ആത്മഹത്യ ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത.
പബ്ജി പോലുള്ള ഓൺലൈൻ ഗെയിമുകൾ വരുത്തുന്ന ചില ഭവിഷ്യത്തുകൾ കൂടിയുണ്ട്. അവ മനസിലാക്കുക:

> കുട്ടികൾ സമൂഹ ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ട് സ്വാർത്ഥരായിത്തീരുന്നു. ബന്ധങ്ങളുടെ വില അവർ മനസിലാക്കുന്നില്ല.
> Obesity അഥവാ പൊണ്ണത്തടിയൻമാരായ കുട്ടികൾ കൂടി വരികയാണിന്ന്. ശാരീരിക വ്യായാമത്തിന്റെ കുറവുമൂലം ഡയബറ്റിക് രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണവും വർധിക്കുന്നു. ചെറുപ്പത്തിലുള്ള കാഴ്ചവൈകല്യവും ഓൺലൈൻ ഗെയിമുകളുടെ സംഭാവനയാണ്.
> കരിയർ ചോദ്യങ്ങൾ. തൊഴിൽ നേടുന്നതിനുള്ള താത്പര്യവും നൈപുണ്യവും മുളയിലേ ഇല്ലാതാവുന്നു.
> ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന ചുരുക്കം കൂട്ടികളിലെങ്കിലും ഡിപ്രഷൻ കാണപ്പെടുന്നുണ്ട്.
> ദൈവവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാവുന്നു. പ്രാർത്ഥന ആരാധന ബൈബിൾ വായന ഇവയിലുള്ള താത്പര്യം നഷ്ടപ്പെടുന്നു.
> വൈറസുകൾ, സ്പൈ വെയർ, മാൽവെയർ എന്നിവ കൂടുതലും വ്യാപിക്കുന്നത് ഓൺലൈൻ ഗെയിമുകളിലൂടെയാണ്.ഇത്തരം വൈറസുകൾ മൂലം ബാങ്ക് പാസ് വേർഡ് പോലെയുള്ള സുപ്രധാന വിവരങ്ങൾ ചോർത്തപ്പെടുന്നു.

പ്രതിവിധികളും പരിഹാരമാർഗ്ഗങ്ങളും
1. പതിനെട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ കഴിവതും നൽകാതിരിക്കുക. കമ്പ്യൂട്ടറിന്റെ കഴിവിലുപരി സ്വന്തം കഴിവിൽ ആശ്രയിക്കുവാൻ അവൻ പഠിയ്ക്കട്ടെ
2. കുട്ടികളുടെ പഠനവും പാഠ്യേതര പ്രവർത്തനങ്ങളും പോസിറ്റീവായി നിരീക്ഷിക്കുക. ഇത്തരം ഗെയിമുകളുടെ അപകടത്തെപ്പറ്റി ഉദാഹരണസഹിതം അവരോട് പറയുക.
3. യേശുവിനെ അവർക്ക് നൽകുക.വെളിച്ചമുള്ളേടത്ത് ഇരുൾ വസിക്കുകയില്ല. ഒപ്പം ആത്മീയപ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കുക.
4. കായിക വിനോദങ്ങൾക്ക് അവസരം സൃഷ്ടിക്കുക.
5. തലമുറകൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന രക്ഷകർത്തൃകൂട്ടായ്മകൾ ഉണ്ടാക്കുക, തമ്മിൽ ചർച്ച ചെയ്യുക.

ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു എന്ന തിരുവചനം ഓർക്കാം. They are what they repeatedly watch കുട്ടികൾ ആവർത്തിച്ച് കാണുന്നതെന്തോ അവർ അതായിത്തീരുകയാണ്. അവരുടെ ആത്മീയ ജീവിതത്തെയും ഭാവിയെയും ഒന്നുപോലെ തകർക്കുന്ന ഓൺലൈൻ ഗെയിമുകളോട് വിട്ടുവീഴ്ചകളില്ലാത്ത നിലപാട് സ്വീകരിക്കുക. ദൈവരാജ്യം നമ്മുടെ കുട്ടികളുടെ ജീവിതത്തിൽ ശക്തിയോടെ വെളിപ്പെട്ടു കാണുന്നതിൽ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും സഭാ ശുശ്രൂഷകർക്കും സുപ്രധാന പങ്കാണുള്ളത്. അത് നമുക്ക് വിസ്മരിക്കാതിരിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.