ലേഖനം:ദൈവാത്മാവുള്ള മനുഷ്യനെ ആരു വെറുത്താലും ദൈവം മറക്കില്ല !! | പാസ്റ്റർ ഷാജി ആലുവിള

വെറുപ്പ് എന്നത് സ്വയ സിദ്ധമായ ഒരു സ്വഭാവം ആണ്. ആർക്കും, ആരെയും എന്തിനെയും മനസുകൊണ്ട് നിക്ഷിപ്തം ആക്കുന്നതിനെയാണ് വെറുപ്പെന്ന് പറയുന്നത്. വെറുക്കണ്ടതിനെ മറക്കാതെ, മറക്കരുതാത്തത് വെറുക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. ചിലർ വെറുക്കുന്നു, ചിലർ വെറുപ്പിക്കുന്നു. എന്നാൽ നന്മയേക്കാൾ തിന്മ മറക്കാത്തവരാണ് നാം. അകാരണത്താൽ വെറുക്കുകയും, പിന്നെ മറക്കുകയും ചെയ്ത പൂർവ്വ കാര്യങ്ങളെ, പുലരിയുടെ ശോഭപോലെ പലരുടെയും കൺമുൻപിൽ നമ്മുടെ ദർശനപൂർണതയിൽ ഒരു ദിവസം ദൈവം നിർത്തും. ആഴമേറിയ പൊട്ടകിണറോ, അടിമചന്തയോ, പരീക്ഷയുടെ കൊട്ടാരമോ, ഏകാന്തതയുടെ കാരഗ്രഹമോ ആയിരിക്കാം വെറുക്കപ്പെടുന്നവരാൽ കിട്ടുന്നത്. എന്നാൽ മറക്കാത്ത കർത്താവ് ഇവിടെയെല്ലാം കൂടെയുണ്ടങ്കിൽ രാജാവിന്റെ രണ്ടാം രഥത്തിൽ ഇരുത്തും. ദൈവീക പദ്ധതിയും നിയോഗവുമുള്ള യോസഫ്, സഹോദരങ്ങൾക്കും കൂടെപിറപ്പുകൾക്കും ഇടയിൽ അസൂയക്കും വെറുപ്പിനും കാരണഭൂതനായി. കാരണം അവനിൽ വ്യാപരിക്കുന്ന അഭിഷേകം തന്നെ. പിതാവിന്റെ സ്നേഹക്കൂടുതലും അതിന്റെ ആഴം വർദ്ധിപ്പിച്ചു. തകർത്തു കളയുവാൻ അവസരങ്ങൾക്കായ് സഹോദരങ്ങൾ കാത്തിരിന്നു. യോസഫിനെ തകർത്തു കളയുവാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് സഹോദരങ്ങളാണ്. കാരണം യോസഫിന്റെ മേലുള്ള ദർശനം ആദ്യം തിരിച്ചറിഞ്ഞത് കൂടപിറപ്പുകൾ ആണ്. തങ്ങളെക്കാൾ യോസഫ് വളരുമോ എന്ന ഭയം അവരിൽ ജനിച്ചു, മാത്രമല്ല മറ്റുള്ള മക്കളേക്കാൾ യാക്കോബ് ജോസഫിനെ സ്നേഹിച്ചതും മറ്റൊരു കാരണമായി. (ഉൽപ്പത്തി: 37: 3) അത് ഗൂഢാലോചനകൾക്ക് മറ്റൊരു കാരണവുമായി. ഇപ്പോഴും ആത്മീയയരുടെ ഇടയിൽ ചിലർ അങ്ങനെ തന്നെ ആണല്ലോ.

സഹോദരങ്ങൾ യോസഫിനു വിരോധമായി മാറിയത് അവന്റെ തെറ്റു കൊണ്ടോ പ്രവർത്തി കൊണ്ടോ അല്ല. മറിച്ച് അവനിൽ വ്യാപരിക്കുന്ന ദർശനം ഒന്നു കൊണ്ടു മാത്രം. ഒപ്പം ശുശ്രൂഷ മികവും, ജീവിതത്തിലെ കാര്യപ്രാപ്തിയും. ആ ദർശനത്തിന്റെ ബലത്തിൽ അവൻ തങ്ങളെക്കാൾ ഉയർന്നാലോ എന്ന ചിന്തയും. നമ്മുടെ മേൽ ഒരു അഭിഷേകം ഉണ്ടെങ്കിൽ നമുക്കെതിരെ ഗൂഢാലോചനകൾ എഴുന്നേൾക്കും. തകർത്തു കളയാൻ, ഇല്ലായ്മ ചെയ്യുവാൻ ശത്രു നമ്മെ കാത്തിരിക്കും. പക്ഷേ ഭാരപ്പെടേണ്ട ദൈവമാണ് നമ്മുടെ മേൽ ഈ ദർശനം പകർന്നതെങ്കിൽ യഥാസ്ഥാനത്ത് എത്തിക്കും. ദർശനം ഇല്ലാത്തവൻ അംഗീകരിച്ചു തരില്ല ഒരുവന്റെ മേലുള്ള അഭിഷേകം.

പിതാവിന്റെ നിർദ്ദേശ പ്രകാരം സഹോദരങ്ങൾക്കടുത്തേക്ക് യാത്രയായ യോസഫ് ദർശനത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു. ദൂരെ നിന്നു സഹോദരങ്ങളുടെ മുഖം കണ്ടപ്പോൾ അവൻ സന്തോഷിച്ചിട്ടുണ്ടാകും. അടുത്തു ചെല്ലും തോറും അവർ തന്നെ കടിച്ചു കീറാൻ നിൽക്കുന്ന ചെന്നായ എന്ന് അവൻ അറിഞ്ഞില്ല.

ചില ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ നമുക്കെതിരായ് ആർത്തിരമ്പുന്ന ഒരു ക്രൂരതയുടെ ഒരു മുഖ മറയുണ്ട്. നമ്മുടെ രക്തത്തിനായ് ദാഹിക്കുന്ന കടൽ ആണ് അവരുടെ ഉള്ളം. ഉന്മൂലനം ചെയ്യുവാനുള്ള കുടില തന്ത്രങ്ങൾ മിനഞ്ഞു കൂട്ടുന്ന പിശാചിന്റെ ആയുധ പുരയാണ് അവരുടെ മനസ്സ്. പക്ഷേ പദ്ധതിയുള്ളവനെതിരെ ഒരായുധവും ഫലിക്കില്ല എന്ന് യോസഫിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

തകർത്തു കളയുവാൻ പദ്ധതിയിട്ട സഹോദരങ്ങൾക്ക് നടുവിൽ, വാഗ്ദത്തമുള്ളവനു വേണ്ടി സ്വർഗം, മുഖച്ഛായ മാറ്റുന്ന ഒരു പൊട്ടക്കിണർ ഒരുക്കി. പൊട്ടക്കിണറിലേയ്ക്ക് സഹോദരന്മാർ തള്ളിയിടുമ്പോൾ എല്ലാം അവസാനിച്ചെന്ന് യോസഫ് ചിന്തിച്ചിട്ടുണ്ടാകാം. പൊട്ടക്കിണറിന്റെ അവസ്ഥ ശോദന നിറഞ്ഞതാണ്. വിഷ മുള്ളുകളാലും ക്ഷുദ്രജീവികളാലും നിറഞ്ഞതാണ് പൊട്ടക്കിണർ, ഒപ്പം കൂരിരുട്ടും. ഇതിലേയ്ക്കുള്ള വീഴ്ചയിൽ തന്റെ ശരീരത്തേക്കാളും മനസാകും വേദനിച്ചത്. കാരണം തന്നെ ഇതിലേയ്ക്ക് തള്ളിയിടുന്നത് ശത്രുക്കൾ അല്ല, മറിച്ച് തന്റെ സ്വന്ത രക്തങ്ങൾ തന്നെ. അതിലേയ്ക്ക് അവരേ നയിച്ചത് തന്നിൽ നിറഞ്ഞു നിൾക്കുന്ന ദർശനം ഒന്നു മാത്രം.

പൊട്ടക്കിണറിന്റെ കൂരിരുട്ടിലും അവശബ്ദങ്ങളുടെ നടുവിലും ദൈവം പദ്ധതി മാറ്റിയില്ല. പദ്ധതിയിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു. ദൈവീക നിയോഗമുള്ളവനെ ഒരു പൊട്ടക്കിണറിന്റെ അന്ധകാരത്തിനും ഒതുക്കി കളയുവാൻ സാധ്യമല്ല. സ്വന്ത ജനത്താൽ നാം അന്ധകാരത്തിൽ കടന്നാൽ നമ്മുടെ മേലുള്ള നിയോഗം അത്ര വലുതാണ് എന്നു മനസിലാക്കുക. ഈ പൊട്ടക്കിണർ,അടിമചന്തയിലൂടെ പൊത്തിഫറിന്റെ കൊട്ടാരം വഴി മറ്റൊരു മണ്ഡലത്തിലേക്കുള്ള പ്രയാണത്തിന് കാരണമായി.

വാഗ്ദത്തവും ദർശനവും പ്രാപിച്ച യോസഫിനു എതിരെ കുടുബം മുതൽ എല്ലാവരും എഴുന്നേറ്റു. തകർത്തു കളയുവാൻ പദ്ധതികളുടെ തിരമാലകൾ ഉത്ഭവിച്ചു. എന്നാൽ സ്വർഗം അവന്റെ കൂടെ നിന്നു. സ്വന്ത വീട്ടിൽ നിന്നു പുറത്താക്കപ്പെട്ടപ്പോൾ, മറ്റൊരു രാജ്യത്തെ സ്രെഷ്ഠ പദവി ദൈവം അവനായ് കണ്ടു. തന്നെ അവഗണിച്ചവരെ തന്റെ മുന്നിൽ സ്വർഗം കൊണ്ടു വന്നു നിർത്തി. ഇതാണ് ദൈവീക പ്രവൃത്തി. എല്ലാവരും കൈ വിട്ടാലും യോസഫിന്റെ വാഗ്ദത്ത പൂർത്തീകരണത്തിനായ് ദൈവം എഴുന്നേറ്റു. മറ്റൊരു ദേശത്ത് വലിയ ഒരു ശുശ്രൂഷ അവനിൽ ഭരമേൽപ്പിച്ചു. അതു കാരഗ്രഹത്തിലൂടെ ദൈവം തെളിയിച്ചു. ചിലപ്പോൾ നാം ജീവിതത്തിൽ ഒറ്റയായി പോകുന്ന നിമിഷങ്ങൾ ഉണ്ടാകാം, ആ നിമിഷങ്ങൾ വളരെ നല്ലതാണ് കാരണം ദൈവപിതാവിന്റെ സ്നേഹം നന്നായി അനുഭവിക്കാൻ സാധിക്കും.

ആരൊക്കെ നമ്മെ തള്ളിയാലും, നമ്മുടെ വളർച്ചയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയാലും നാളെ നമുക്കായ് ഒരു രാജവീഥി സ്വർഗം ഒരുക്കും. ഒറ്റപ്പെടലുകൾ അതിലേയ്ക്കുള്ള പ്രയാണത്തിന്റെ ഭാഗം മാത്രം എന്നു വിശ്വസിച്ചു കൊണ്ട് ദർശനത്തിൽ മുറുകെ പിടിക്കുക. ഇന്ന് നമ്മെ ഒറ്റപ്പെടുത്തിയവരും,വെറുത്തവരും, വിരൾചൂണ്ടിയവരും നാളെ തിരിഞ്ഞു ചിന്തിക്കും, ഹോ ആ മനുഷ്യൻ ഇവൻ തന്നെയോ? ഈ കാണുന്ന പ്രതിസന്ധിയിൽ നാം ഒറ്റയ്ക്കല്ല. ദർശനത്തിന്റെ ഉടയവൻ കൂടെയുണ്ട്. നമുക്കു വേണ്ടി അറിയാത്ത ദേശത്ത് ഒരു രാജനിയോഗം അവൻ കരുതിക്കഴിഞ്ഞിട്ടുണ്ട്. അതിലേയ്ക്കുള്ള പ്രയാണത്തിന്റെ ഭാഗം മാത്രമാണ് ഇന്നത്തെ പ്രതിസന്ധികൾ. ദൈവ സന്നിധിയിൽ താണിരിക്കുക. വേദനിക്കുമ്പോൾ പിന്നെയും വേദനിപ്പിക്കുന്ന ഒറ്റപ്പെട്ട ചിലർ ഒരിക്കൽ തിരിച്ചറിയും നിന്നിലുള്ള ആത്മ ചയ്‌തന്യം. സ്വർഗം തന്റെ പ്രവൃത്തി ചെയ്യും നിശ്ചയം. ജോസഫിലുള്ള ദർശനം ഒരു രാജ്യത്തെ സമ്പൽ സമർദ്ധിയിൽ നിർത്തി. അത്‌ ആരും അംഗീകരിച്ചില്ലങ്കിലും ലോകത്തെ ഭക്ഷ്യ ക്ഷാമത്തിൽ നിന്നും രക്ഷിച്ചു. ആ കാരണത്താൽ ജോസഫ്, ഫറവോന്റെ രണ്ടാം രഥത്തിൽ ഇരിക്കുന്ന ഭക്ഷ്യ മന്ത്രി ആയി മാറി. മറക്കട്ടെ, വെറുക്കട്ടെ അത്‌ നന്മ അനുഭവിച്ചിട്ടു നമ്മെ മറക്കുന്ന വെറും നന്ദി കെട്ടവർ. ദൈവാത്മാവുള്ള ജോസഫ് വെറുത്തവരോട് പോറുക്കയും രക്തബന്ധം മറക്കാതെ സൂക്ഷിക്കുകയും ചെയ്യും. അതായിരിക്കട്ടെ ദൈവാത്മാവ് ഉള്ള ആളിന്റെ യോഗ്യത. യേശു ക്രിസ്തു പറഞ്ഞപോലെ ദ്രോഹിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാം, ദൈവാത്മാവിൽ തന്നെ നിലനിൽക്കാം. ദർശനം മങ്ങാതെ വിശുദ്ധിയിൽ മുന്നേറാം. ഓർക്കുക വാഗ്ദത്തമുള്ള ജോസഫിന് ചുറ്റും കെട്ടിയ മതിലുകൾക്ക് മീതെ അവന്റെ കൊമ്പുകളെ ദൈവം പടർത്തി. ദൈവാത്മാവിൽ
വാഗ്ദത്തമുള്ള വ്യക്തിയെ ആർക്കും തകർക്കുവാൻ സാധ്യമല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.