കവിത:മനസ്സലിവിന്‍ നാഥന്‍ | ഷെറിന്‍ വര്‍ഗീസ്

കഠിന ഹൃദയത്തിന്‍ പലകയിലൊന്നുമേ
post watermark60x60
കനിവിന്‍െറ ആദ്യാക്ഷരങ്ങള്‍ കുറിക്കാതെ

Download Our Android App | iOS App

ജഢമോഹത്തിന്‍ വികാര വിഹായസ്സില്‍
അനന്തമായ് പാറിപ്പറന്നു രമിച്ചേറെ
യൗവന രക്തത്തിളര്‍പ്പില്‍ മദിച്ചിട്ടു
തിന്മതന്‍ വിഷക്കനിയാവോളമാസ്വദി –
ച്ചെല്ലാം തകര്‍ന്നു നിലയറ്റു വീണതോ
ഏകാന്തതയുടെയഗാധ ഗര്‍ത്തത്തില്‍
കയറുവാന്‍ കഴിയാതെ പരിക്ഷീണനായപ്പോള്‍
പണ്ടുള്ളത്തില്‍ വീണൊരു വചനബീജത്തിന്‍െറ-
ക്കതിരുകള്‍ പൊട്ടിയുടയവനെ തേടി ഞാന്‍
ജഢത്തില്‍‍ വിളങ്ങിയ മണ്ണിന്‍െറ ശാപത്തെ
നിഗ്രഹിച്ചവനോട് തെറ്റേറ്റു പറയുവാന്‍
മനസ്സലിവിന്‍ നാഥന്‍െറ മഹനീയ സാന്നിദ്ധ്യ –
മറിയുവാനാശ്ലേഷ വായ്പ്പില്‍ മുഴുകുവാന്‍
വിതുമ്പുന്നു മാനസം വിറയ്കുന്നുവെന്നധരം
പാപലോകത്തിന്‍െറ മായാ സുഖങ്ങളില്‍
വിഹരിച്ച നാളുകളിലേവരും കൈവിട്ടു
നന്മയെ പങ്കിട്ട് തിന്മയിന്‍ കാലത്ത്
തള്ളിപ്പറഞ്ഞു പിന്മാറിയകന്നപ്പോള്‍
എന്നെത്തിരുത്തിയെന്‍ ദുരിതമകറ്റുവാന്‍
ദുഷ്ട ഹൃദയത്തിന്‍ ദുഷ്ടത നീക്കുവാന്‍
മരണ ശാപങ്ങള്‍ക്ക് മോചനം നല്‍കുവാന്‍
മനസ്സലിവുള്ളേക സഖിയാകുമെന്‍ നാഥന്‍
മനസ്സലിവോടെന്നെ ഒരുമാത്ര സ്പര്‍ശിച്ചു
അക ക്കണ്ണിനെ മൂടിയോരന്ധകാരം മാറി
കാഴ്ച പ്രാപിച്ചുടന്‍ തേടിയെന്‍ നാഥനെ
കദനഭാരത്താല്‍ വിങ്ങുന്ന മാനസ്സ –
മറിഞ്ഞവനോടിയെന്നരികില്‍ അണഞ്ഞിട്ടു
മാര്‍വ്വോടുചേര്‍ത്താശ്വാസ വചസ്സുകളുമോതി
കരുണയുടെ ആര്‍ദ്രതയുടെ
കടലാകും നാഥാ
നീയാണ് മനസ്സലിവിന്‍ പ്രതിരൂപ പാത്രം.

-ADVERTISEMENT-

You might also like