എഡിറ്റോറിയൽ:ജനം ടിവി; തൃപ്തി ദേശായിയും ‘അങ്കമാലി ഡയറീസും’ പിന്നെ പുതിയ വ്യാജ വാർത്തയും | ആഷേർ മാത്യു,ചീഫ് എഡിറ്റർ

എല്ലാ വാർത്താചാനലുകൾക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. എന്നാൽ ക്രൈസ്തവ സമൂഹത്തിനെതിരായി നില കൊള്ളുന്ന ഏക വാർത്താ ചാനലായി നിലകൊള്ളുകയാണ് ജനം ടിവി. അതും വ്യാജവാർത്തകൾ !! ഈ വസ്തുത പകൽ പോലെ വ്യക്തവും വിശകലനമോ ചർച്ചയോ ആവശ്യമില്ലാത്തതുമാണ്. സംഘപരിവാറിന്റെ കുഴലൂത്തുകാരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല.

post watermark60x60

ഇന്നലെ ജനം ടിവി ചാനലിൽ സംപ്രേഷണം ചെയ്ത വ്യാജവാർത്ത ഇന്ത്യയിലെതന്നെ പ്രമുഖ പെന്തക്കോസ്ത് സഭകളിൽ ഒന്നായ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് വ്യാജ രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്നു എന്നതായിരുന്നു. എന്നാൽ കൃത്യവും വസ്തുതാപരവുമായ മറുപടിയും രജിസ്ട്രേഷൻ വിവരങ്ങളുമായി സഭാ സെക്രട്ടറി രംഗത്ത് വന്നതോടുകൂടി കല്ലുവെച്ച ഒരു നുണയായി ഈ വാർത്ത മാറി. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ വ്യാജ വാർത്തയുടെ ലക്ഷ്യം പെന്തക്കോസ്ത് സമൂഹത്തെയും ക്രിസ്ത്യൻ സമൂഹത്തെയും താറടിച്ചു കാണിക്കുക എന്നത് മാത്രമായിരുന്നു.

പ്രേക്ഷകരിൽ വർഗ്ഗീയവിഷം കുത്തിവയ്ക്കുന്ന ജനം ടിവിയുടെ ഈ സമീപനം പുതിയതല്ല.
മലയാളികൾ കണ്ട മറ്റൊരു പ്രധാന വ്യാജ വാർത്തയായിരുന്നു ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തൃപ്തി ദേശായി കേരളത്തിലെത്തിയപ്പോൾ ജനം ടിവി നടത്തിയത്. തൃപ്തി ദേശായി ക്രിസ്ത്യാനിയാണെന്നും, ക്രിസ്ത്യൻ മിഷനറിമാരുമായി അടുത്ത ബന്ധമുണ്ടെന്നും, തൃപ്തി ദേശായിയുടെ വിവാദപരമായ രാഷ്ട്രീയ നിലപാടുകൾക്ക് പിന്നിൽ ഈ ബന്ധങ്ങളാണെന്നും ജനംടിവി യാതൊരു നാണവുമില്ലാതെ വെച്ചുകാച്ചി.

Download Our Android App | iOS App

അധികമാരും ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊരു ‘വർഗീയ വാർത്തയായിരുന്നു’ അങ്കമാലി ഡയറീസ് എന്ന മലയാള ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ ജനം ടിവിയിലൂടെ ചലച്ചിത്രനിരൂപകൻ വിളിച്ചുപറഞ്ഞത്. പ്രസ്തുത ചലച്ചിത്രത്തിൽ ക്രിസ്തുമത ബിംബങ്ങൾ ഏറെയുണ്ടെന്നും ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടുവാൻ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു ആരോപണം.
ക്രിസ്ത്യൻ പള്ളികളും ഈസ്റ്റർ കരോൾ തുടങ്ങിയ ദൃശ്യങ്ങൾ സിനിമയിൽ കൂടുതലാണത്രേ !!
കേവലം ഒരു വിനോദോപാധിയും കലാസൃഷ്ടിയുമായ ചലച്ചിത്രത്തെ പോലും ഇങ്ങനെ വർഗീയപരമായി സമീപിക്കുമ്പോൾ എത്രമാത്രം ദുഷിച്ച ചിന്താഗതിയാണ് ജനം ടിവിയുടെ പിന്നാമ്പുറ പ്രവർത്തകർ കാത്തുസൂക്ഷിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്നതാണ്.

നാനാത്വത്തിൽ ഏകത്വം എന്ന മൂല്യബോധവുമായി ജാതിമത വർഗ വ്യത്യാസമില്ലാതെ ഒന്നായി ജീവിക്കുന്ന ഭാരത സമൂഹത്തെയും മലയാളികളെയും തമ്മിലടിപ്പിക്കുക എന്ന വലിയ ദൗത്യമാണ് ജനംടിവി ടിവി ചെയ്തുകൊണ്ടിരിക്കുന്നത്.
വ്യാജ വാർത്തകൾ കൊണ്ട് ക്രിസ്തീയ സഭയെയോ കേരള ജനതയെ തമ്മിൽ തല്ലിക്കാമെന്ന വ്യാമോഹം കേരളത്തിൽ നടപ്പില്ല. മാത്രമല്ല ഇങ്ങനെയുള്ള വ്യാജ വാർത്തകൾക്ക് വലിയ വില ജനം ടിവി നൽകേണ്ടിവരും.

ആഷേർ മാത്യു,ചീഫ് എഡിറ്റർ, ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-ADVERTISEMENT-

You might also like