ലേഖനം:മതിലുകൾ ഉയരട്ടെ | സാം പ്രസാദ്, മുള്ളരിങ്ങാട്.

ഒരു വേറിട്ട സന്ദേശവുമായി ഒരു വനിതാ മതില്‍ നമ്മുടെ മണ്ണിൽ ഉയർന്നത് നാം മറന്നിട്ടില്ല. ലോക ചരിത്രത്തിൽ തന്നെ ഇടം നേടിയ സമാനതകളില്ലാത്ത ആ സാമൂഹ്യ മുന്നേറ്റത്തെ യാഥാസ്ഥിതികരും പരിഷ്കരണ വാദികളും തമ്മിലുള്ള പോരാട്ടമായി പലരും വിലയിരുത്തി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന പ്രഖ്യാപിത സന്ദേശം ലോകത്തിനു കൈമാറാൻ ഒരു പരിധി വരെ ആ മതിലിനു കഴിഞ്ഞു എന്നതാണ് എന്റെ പക്ഷം. അതു കൊണ്ടു തന്നെ ഹസ്തങ്ങളെ കൂട്ടിയിണക്കി കിലോമീറ്ററുകൾ നീളുന്ന അനേക മതിലുകളെ ഇനിയും കേരള മണ്ണിൽ നമുക്ക് പ്രതീക്ഷിക്കാം.

ലോക ചരിത്രത്തോട് ഒരു മതിലിന്റെ ലക്ഷ്യത്തെ പറ്റി ആരാഞ്ഞാൽ.., പശ്ചിമ ജർമനിയെയും, പൂർവ്വ ജർമനിയെയും വിഭജിക്കാൻ നിർമ്മിച്ചതും, 1990 കളിൽ കിഴക്കൻ യൂറോപ്പിലെ കമ്യൂണിസത്തിന്റെ തളർച്ചകൊണ്ട് പൊളിച്ചു നീക്കപ്പെടുകയും ചെയ്ത ബെർലിൻ മതിലിന്റെ കഥ ചരിത്രം വിളിച്ചു പറയും. പൊളിച്ചു നീക്കപ്പെട്ട ബെർലിൻ മതിലിന്റെയും, കാലിക ലോകത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ
മെക്സിക്കോ അതിർത്തിയിൽ പണിയാനൊരുങ്ങുന്ന മതിലിന്റെയും ആത്യന്തിക ലക്ഷ്യം അഭയാർത്ഥി പ്രവാഹം തടയുക എന്നതാണ്.
എന്നു വച്ചാൽ ഒരു മതിലിന്റെ യഥാർത്ഥ ലക്ഷ്യം, നിലനിൽപ്പിനെ ബാധിക്കുന്ന പ്രതിസന്ധികളെ വേർതിരിച്ച് അകറ്റി നിർത്തുക എന്നതാണ്.

കമ്യൂണിസത്തിന്റെ തളർച്ച ബെർലിൻ മതിലിന്റെ തകർച്ചക്ക് വഴിവച്ചതു പോലെ, ഇന്ന് ക്രൈസ്തവ വിശ്വാസികളിലെ ദൈവഭയത്തിന്റെ തളർച്ച, ലോകത്തിൽ നിന്നും അവരെ വേർതിരിക്കുന്ന വേർപാടിന്റെ മതിലുകളെ ഇടിച്ചു കൊണ്ടിരിക്കയാണ്. സ്വാർത്ഥ ലക്ഷ്യങ്ങളുടെ സാക്ഷാൽക്കാരത്തിനു വേണ്ടി മതിലുകളെ തകർത്തെറിഞ്ഞ് ഒരു കൂട്ടർ അട്ടഹസിക്കുന്നു., മറ്റൊരു കൂട്ടർ സ്വന്തം തടി കേടാക്കാതെ “മൗനം വിദ്വാനു ഭൂഷണം” എന്നു ചൊല്ലി മാളത്തിലൊളിക്കുന്നു.., ചിലരാകട്ടെ അൽപ്പനർത്ഥം കിട്ടിയതു പോലെ എന്തെന്നറിയാതെ ചിലക്കുന്നു.

എന്നാൽ കാലഘട്ടത്തിനാവശ്യം നെഹമ്യാവിനെ പോലെ ചിലരെയാണ്. കാരണം.,

1. നെഹമ്യാവ് യെരുശലേമിനെ കുറിച്ച് ചോദിക്കുന്നവനായിരുന്നു.
2. നെഹമ്യാവ് യെരുശലേമിന്റെ മതിൽ ഇടിഞ്ഞു എന്നതിൽ ദുഖമുള്ളവനായിരുന്നു.
3. നെഹമ്യാവ് എടുത്തു ചാടി പ്രതികരിക്കാതെ പ്രാർത്ഥിക്കുന്നവനും ഉപവസിക്കുന്നവനും ആയിരുന്നു.
4. നെഹമ്യാവ് തന്റെയും തന്റെ പിതൃഭവനത്തിന്റെയും പാപങ്ങളെ സമ്മതിക്കുകയും, ഏറ്റുപറയുകയും ചെയ്യുന്നവൻ ആയിരുന്നു.

അങ്ങനെയുള്ള നെഹമ്യാവിനെ ദൈവം മതിൽ പണിക്കായി നിയോഗിച്ചു.

എത്രയോ നല്ല മാതൃക..! നാം നെഹമ്യാവിനെ പോലെ ആണ് ആകേണ്ടത്. അങ്ങനെയെങ്കിൽ പരിഹാസ പ്രഭുതികൾ പരിഭ്രമിച്ചോടുകയും, ജയം നമ്മിലേക്കു വരികയും ചെയ്യും. നെഹമ്യാവിന്റെ ജീവിതം നൽകുന്ന വെല്ലുവിളികൾ ഈ കാലഘട്ടത്തിൽ നമുക്ക് ഏറ്റെടുക്കാം.
അതെ., അതിർ വരമ്പുകൾ സംരക്ഷിക്കാൻ നാം ആ വെല്ലുവിളികൾ ഏറ്റെടുക്കാതെ വയ്യ.
അങ്ങനെ ഈ തലമുറയിൽ നമ്മിലൂടെ.,
ശത്രു പരാജയ പെടട്ടെ..! മതിലുകൾ ഉയർത്തപ്പെടട്ടെ..! നമ്മിലുള്ള നിന്ദ നീക്കപ്പെടട്ടെ..! ലോകം നമ്മെ വേർപാടുകാരെന്ന് ഉറക്കെ വിളിക്കട്ടെ..! ദൈവ നാമം മഹത്വമെടുക്കട്ടെ.

ക്രിസ്തുവിൽ,
സാം പ്രസാദ്, മുള്ളരിങ്ങാട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.