ലേഖനം:ആത്മീയ ഗോളത്തിൽ മൊബൈലിനോടുള്ള  ഭക്തി | ജിനേഷ്‌

മൊബൈൽ മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണം ആയി മാറിക്കൊണ്ടിരിക്കുന്നു. ജീവിതമാകുന്ന നൗകയിൽ ഹൃദയബന്ധങ്ങളുടെ വിചാരവികാരങ്ങളെ കോർത്തിണക്കുവാൻ മനുഷ്യൻ നിർമ്മിച്ച ഉപകരണം ആണ് മൊബൈൽ. സ്വപ്ന ലോകങ്ങളുടെ നേർക്കാഴ്ചകൾ അടുത്തറിയുവാൻ മൊബൈൽ മനുഷ്യൻ ഉപയോഗിച്ച് വരുന്നു. കാലം അതിന്റെ  അവസാനഘട്ടത്തിലേയ്ക്ക് പോകുമ്പോൾ ഇതൊരു ഒഴിയാബാധയായി മനുഷ്യനെ പിന്തുടരുകയാണ്. ഒരു മൊബൈലിൽ രണ്ട് വശങ്ങളുണ്ട്. ചീത്ത വശവും നല്ലവശവും. ഒരു ആത്മീയനെ  സംബന്ധിച്ച് നല്ലവശം തിരഞ്ഞെടുക്കുക എന്നത് അത്യാവശ്യമായ ഒരു ഘടകമാണ്. എന്നാൽ മനുഷ്യന്റെ ഇടപെടൽ മൂലം അത്‌ പാപം ആയി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ ആദാമിന്റെ കാലം മുതൽ തെരഞ്ഞെടുക്കുന്നതിൽ പാളിച്ച പറ്റിയ ഒരു ജന്മമാണ്. അത് ഇന്നും തുടർന്നു പോകുന്നുവെന്നു പറയാതിരിക്കാൻ കഴിയില്ല. ദൈവീക വാഗ്ദാനങ്ങൾക്ക് ചെവികൊടുക്കാതെ മൊബൈലിന് പ്രശംസ കൊടുക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ ഇടയിൽ ആണ് നാം വസിക്കുന്നത്. ആത്മീയ ജീവിതത്തിൽ മനുഷ്യന് അത്യാവശ്യമായി വേണ്ടത് പ്രാർത്ഥനയാണ്. എന്നാൽ അത് അന്യംനിന്നു പോകുകയാണ്. മൊബൈൽ കളിച്ച് സമയം കളയാതെ, പൗലോസ് പറയുന്നതുപോലെ:

‘’ ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ (എഫെസ്യർ.5:15-17).

എന്നാൽ ഇന്നത്തെ മനുഷ്യരെ മൊബൈലിന്റെ ഇഷ്ടത്തിന് ദൈവം ഏല്പിച്ചു കൊടുത്തു. അവരുടെ ഹൃദയത്തെ കാഠിന്യമാക്കി. മോഹങ്ങൾ ജനിക്കുമാറു അവരെ വഴുവഴുപ്പിൽ നിർത്തി, അങ്ങനെ മനുഷ്യർ ന്യായപ്രമാണം തെറ്റിച്ച് ദൈവത്തോട് യുദ്ധം തുടർന്നു കൊണ്ടിരിക്കുന്നു. ഈ ഭൂമിയിലുള്ള എല്ലാ സാങ്കേതികവിദ്യയും മനുഷ്യന് ഉപകാരം ചെയ്യുന്നവയാണ്. എന്നാൽ അതിന്റെ നല്ലവശം തെരഞ്ഞെടുക്കുന്നതിൽ അവൻ പരാജിതനയായി.

post watermark60x60

ആത്മീയരായ നാം ഓരോരുത്തരും ചെയ്യേണ്ട ഒരു കടമയാണ് മൊബൈലിന്റെ കൂടെ ഉള്ള ഭക്തിയെ വെടിഞ്ഞിട്ട് ദൈവത്തോടുള്ള ഭക്തിയെ മുറുകെ പിടിക്കുക എന്നത്. മൊബൈലിന്റെ കൂടെയുള്ള പ്രേമംമൂത്ത് പല യൗവനക്കാരും ദൈവമായുള്ള ബന്ധത്തെ ഗണ്യമാക്കാതെ ഭോഷ്കിന്റെ ആത്മാവിന് അടിമപ്പെട്ടവർ ആയി മാറി. ഇനിയുള്ള കാലം എന്തുചെയ്യണം എന്ന് അറിയാതെ, എങ്ങനെ ജീവിക്കണം എന്ന് അറിയാതെ മൂഢ സ്വഭാവ ചിന്തയുള്ളവർ ആയിമാറി. വിശ്വാസികൾ എന്നുള്ള ചെല്ലപ്പേര് അവർ സ്വന്തമാക്കി ആത്മീയ ഗോളത്തിൽ അവർ ഒരു വിഗ്രഹമായി നിലകൊള്ളുന്നു.

പ്രിയരെ, എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്, ഇനി ഒരു ജീവിതം നമുക്ക് ഇല്ല. അതിനാൽ ബുദ്ധിയുള്ളവരായി ഇരിക്കുവിൻ. ലോകത്തിന് വേണ്ടി അല്ല നമ്മുടെ കഴിവ് പ്രയോജനപ്പെടേണ്ടത്. അതിലപ്പുറം ദൈവനാമം മഹത്വത്തിനായി വേണം പ്രയോജനപ്പെടേണ്ടത്. കാലം അതിക്രമിച്ചിരിക്കുന്നു, കപടഭക്തി വെടിഞ്ഞു ശുദ്ധ മനസുള്ളവരായി കൃപാസനത്തിൻ അടുത്തു വരുവിൻ. ഭക്തി എന്തിനോട് ആണ് വേണ്ടത് എന്ന് തിരിച്ചറിയാൻ പഠിക്കുക. ഭൂമിയിലുള്ള എല്ലാ സാങ്കേതികവിദ്യയും നശിക്കുന്ന ഒരു കാലം വരും, ആ കാലം അടുത്തിരിക്കുന്നു എന്ന്  പരിജ്ഞാനത്തോടെ തിരിച്ചറിയാൻ പഠിക്കുക. കർത്തൻ ഒരുവൻ തന്നെ, അവനോട് ആയിരിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയും ഭക്തിയും എല്ലാം! തെരഞ്ഞെടുക്കുന്നതിൽ പാളിച്ച വരാതെ വിവേകവരം ദൈവ സന്നിധിയിൽ നിന്നും ചോദിച്ചുവാങ്ങുവിൻ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ.!

-ADVERTISEMENT-

-ADVERTISEMENT-

You might also like