ഭാവന:സംഘർഷം  | കുഞ്ഞുമോൻ ആൻ്റണി

ഇന്ന് വെള്ളിയാഴ്ച ആണ്. ഉപവാസപ്രാര്ഥന ആയതുകൊണ്ട് പാസ്റ്ററും വരാൻ താമസിക്കും. അതുകൊണ്ട് തന്നെ അൽപനേരം കഴിഞ്ഞ് പോയാൽ മതിയല്ലോ എന്ന് ചിന്തിച്ച് മൊബൈൽ എടുക്കാൻ കൈ നീട്ടി. അപ്പോഴാണോർത്തത് ഇന്ന് ഉപവാസം ആണല്ലോ. ഉപവാസം ഉള്ള ദിവസം എങ്കിലും മൊബൈലിന് റസ്റ്റ്‌ കൊടുക്കണം എന്ന് വിചാരിച്ചതാണ്. സാരമില്ല മറ്റു സൈറ്റുകളിലേക്കൊന്നും പോകാതെ ഓൺലൈൻ ന്യൂസ്‌ മാത്രം വായിക്കാം. അല്ലെങ്കിൽ തന്നെ ഉപവാസം ആണെന്ന് പറഞ്ഞു മൊബൈൽ നോക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം.
വാർത്തകൾ വായിക്കുന്നതിനിടക്ക് അവിചാരിതമായി രണ്ടു വാർത്തകൾ കണ്ണിൽ പെട്ടു. ശ്രദ്ധയോടെ വായിക്കാൻ തുടങ്ങി.
ആൻഡമാൻ ദ്വീപ് സമൂഹത്തിലെ ആദിവാസികൾ മാത്രം താമസിക്കുന്ന ഒരു ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ച ജോൺ അലൻ ചൗ എന്ന അമേരിക്കൻ സുവിശേഷകൻ ആദിവാസികളുടെ അക്രമണത്താൽ അതിദാരുണമായി കൊല്ലപ്പെട്ടു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാർത്ത. ലോകം മുഴുവൻ “സുവിശേഷ ഭ്രാന്തൻ” എന്ന് വിളിച്ചു. എന്നാൽ വിശ്വാസസമൂഹം അറിഞ്ഞില്ല എന്ന് തോന്നുന്നു.
ഞാൻ വേഗം ഫേസ്ബുക് തുറന്നു, നീ ഉപവാസം അല്ലെ മനസ് മന്ത്രിച്ചു. ഉപവാസം ആണെങ്കിലും ദൈവകാര്യത്തിനാണല്ലോ ഞാൻ സമാധാനിച്ചു. ഫേസ്ബുക്കിൽ മുഴുവൻ പരതി ഈ വാർത്ത കണ്ടില്ല. ചില ആത്മീയഗ്രൂപ്പുകൾ ഉണ്ടായിരുന്നു അതിലും കണ്ടില്ല. വിശ്വാസികൾക്ക് പോലും ഇതൊരു വാർത്തയല്ല. ആ സുവിശേഷകന്റെ കുടുംബത്തിനും, ആ ദ്വീപിനും വേണ്ടി നാം പ്രാര്ഥിക്കേണ്ടതല്ലേ. എന്റെ മനസ് ചോദിച്ചു. ഞാനത് കേട്ടതായി ഭാവിച്ചില്ല. അല്ലെങ്കിൽ തന്നെ ഇയാൾക്കു ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ. സമാദാനത്തോടെ അവനവന്റെ സഭയിൽ ഇരുന്ന് ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തേണ്ടതിന് പകരം കണ്ട കാട്ടിലും മേട്ടിലും കറങ്ങി നടക്കേണ്ട ആവശ്യം ഉണ്ടോ.
ലോകമെങ്ങും സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കേണ്ടതല്ലേ…? എന്റെ മനസ്സിൽ പൊങ്ങി വന്ന ചോദ്യം വിഴുങ്ങി. അടുത്ത വർത്തയിലേക്ക് കടന്നു.
സൗത്ത് കൊറിയൻ പാസ്റ്റർ ആയ ജിറോക്ക് ലീ. ലോകത്താകമാനം പതിനായിരത്തിലധികം ശാഖകൾ ഉള്ളതും ഏകദേശം ഒരുലക്ഷത്തിമുപ്പത്തിമൂവായിരം വിശ്വാസികൾ ഉള്ളതുമായ ഒരു ച്ര്ച്ചിന്റെ പാസ്റ്റർ. എട്ട് സ്ത്രീകളെ ഇരുപത് വർഷം ലൈഗീകമായി പീഡിപ്പിച്ചതിന് അറസ്റ്റിൽ. വളരെ സങ്കടകരമായ വാർത്ത, എങ്കിലും വായിച്ചപ്പോൾ പുച്ഛം ആണ് തോന്നിയത്. അയാളുടെ പുറകെ പോയ വിശ്വാസികളെ പറഞ്ഞാൽ മതിയല്ലോ.
യഥാർത്ഥത്തിൽ ഇത് വിശ്വാസ സമൂഹത്തിന്റെ മൂല്യച്യുതി അല്ലേ. നാം ഉൾപ്പടെയുള്ള ക്രിസ്തീയ സമൂഹം അല്ലെങ്കിൽ ദൈവമക്കൾ എന്ന് സ്വയം  അവകാശപ്പെടുന്ന നാം ഇന്ന് എവിടെ നില്കുന്നു എന്ന് വരച്ചു കാട്ടുന്നതല്ലേ ഈ സംഭവം. എന്റെ മനസ് മന്ത്രിച്ചു.
എന്ത് മൂല്യച്യുതി, അവർ പാസ്റ്ററും വിശ്വാസികളും തോന്ന്യവാസം കാണിച്ചതിന് നമ്മളെന്തെടുക്കാനാ. അല്ലെങ്കിൽ തന്നെ ഇതൊക്കെ ഇന്നൊരു വാർത്ത ആണോ. ദൈവമക്കൾ ആയിരിക്കുന്ന നാം ഈ സംഭവങ്ങളെ ഓർത്ത് പ്രാര്ഥിക്കേണ്ടത് അനിവാര്യമല്ലേ. വീണ്ടും മനസ് ചോദിച്ചു. ഹും…. സ്വന്തം സഹവിശ്വാസിയെ ഒന്ന് വിളിച്ചു സംസാരിക്കാൻ തന്നെ നേരം ഇല്ല, വല്ല വിധേനയും ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ തത്രപ്പെടുകയാണ്. സ്വന്തം കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാൻ നേരം ഇല്ല അപ്പോഴാണ് ഒരു പത്രവാർത്ത ഓർത്ത് പ്രാർത്ഥിക്കുന്നത്. ഒരു ദീർഘനിശ്വാസത്തോടെ ഞാൻ കസേരയിലേക്ക് ചാരി.
ഒരുനിമിഷം ഒന്ന് ചിന്തിക്കു, എങ്ങോട്ടാണ് ഇത്ര ധൃതി പിടിച്ചുള്ള യാത്ര..?
എന്തിനാണ് മതത്തിന്റെയും സമുദായത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചു പുറത്തു വന്നത്?
അമേരിക്കൻ സുവിശേഷകൻ ചെയ്തതോ, കൊറിയൻ പാസ്റ്റർ ചെയ്തതോ… ഏതാണ് നിന്റെ വീണ്ടെടുപ്പുകാരൻ നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത്?
നീ എന്തിനാണ് ഉപവസിക്കുന്നത്, പ്രാർത്ഥിക്കുന്നത് നിന്റെ കുടുംബത്തിന് വേണ്ടിയോ?
ദൈവത്തെക്കാൾ അധികമായി നീ എന്തിന് പ്രാധാന്യം കൊടുത്താലും അത് വ്യർത്ഥം എന്ന് നിനക്കറിയില്ലേ…?
ഒന്നിന് പിറകെ ഒന്നായി അനവധി ചോദ്യങ്ങൾ മനസ്സിൽ ഉദിച്ചു വന്നു. അല്ലെങ്കിലും ഇങ്ങനെയാ വെറുതെയിരുന്നാൽ ആവശ്യമില്ലാത്ത ചിന്തകൾ കൊണ്ട് മനസ് കലുഷിതമാവും. വേഗം കൈ നീട്ടി മൊബൈൽ എടുത്തു, ഫേസ്ബുക് തുറന്നു അതിലേക്ക് ഊളിയിട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like