ലേഖനം:ഇടിച്ചു മാറ്റിയ മതിൽ കെട്ടുകൾ !! | പാസ്റ്റർ ഷാജിആലുവിള

കേരളത്തിന്റെ നവോത്ഥാന നായകന്മാർ ആയിരുന്ന പണ്ഡിറ്റ്‌ കറുപ്പൻ, ശ്രീനാരായണ ഗുരു,അയ്യൻ കാളി , വൈകുണ്ഠസ്വാമി, സഹോദരൻ അയ്യപ്പൻ, പൊയ്കയിൽ യോഹന്നാൻ, മന്നത്തു പത്മനാഭൻ,ചട്ടമ്പി സ്വാമികൾ, എന്നിവർ നടത്തിയ സാമൂഹിക ഉദ്ധാരണ സമരങ്ങൾ കേരള ചരിത്രത്തിലെ മറക്കാൻ പറ്റാത്ത നാഴിക കല്ലുകളാണ്. വിവിധ കാലഘട്ടങ്ങളിൽ അവർ നടത്തിയ പോരാട്ടങ്ങളിൽ ചിലതൊക്കെ നാളുകൾ നീണ്ടു നിന്നു. അതിനൊക്കെ ഓരോരോ ഉദ്ദേശശുദ്ധിയും ഉണ്ടായിരുന്നു. അവർ മാത്രമല്ല ഒട്ടനവധി നേതാക്കന്മാർ പിന്നെയും രംഗത്തുണ്ടായിരുന്നു. പന്തിഭോജനം തുടങ്ങി സ്കൂൾ പ്രവേശനം വരെ നേടിയെടുക്കാൻ ഈ ജനനായകന്മാർ അന്ന് പിന്നോക്ക ജനപക്ഷത്തായിരുന്നു നിലകൊണ്ടത്. അവരാരും ദൈവങ്ങളല്ലായിരുന്നു. പക്ഷെ ദൈവതുല്യമായ നിലവാരം പിന്നീട് ജനം അവരിൽ ചിലർക്ക് കൊടുത്തു എന്നത് ശ്രദ്ധേയമാണ്.
ഇതാ ഇപ്പോൾ മറ്റൊരു നവോത്ഥാന പോരാട്ടം ജന ജീവിതത്തെ മൊത്തത്തിൽ സ്‌തംഭിപ്പിക്കുന്നു. ഒരു വിഭാഗത്തിന്റെ ഈശ്വര വിശ്വാസത്തിലുള്ള ആചാരങ്ങങ്ങളെയും ആദർശത്തെയും ചൊല്ലിയുള്ള സംരക്ഷക സമിതിയുടെയും മറുവശത്തു അതിന് വിരുദ്ധമായുമുള്ള നിലപാടിന്റെയും സർവ്വ സ്ത്രീ സമത്വ പ്രവേശനത്തിന്റെയും പേരിൽ, ഒരു സമൂഹം ചേരി തിരിഞ്ഞുള്ള വാക്പോരും കൈയ്യാംങ്കളിയും എങ്ങനെ അവസാനിക്കും എന്ന് ആർക്കും അറിയില്ല. ഏവരും എല്ലാറ്റിന്റെയും സാരം കേൾക്കുക. ദൈവത്തെ ഭയപ്പെട്ട് ദൈവകല്പനകളെ പ്രമാണിക്കണ്ടത് ഏത് വിശ്വാസിയുടെയും കടമയാണ്. അതാകുന്നു ഏത് മനുഷ്യർക്കും വേണ്ടത്.
നമ്മുടെ നാടും രാജ്യവും സമാധാനം ഉൾകൊണ്ടെങ്കിൽ മാത്രമേ മതമൈത്രിയുടെ സാഹോദര്യ സ്നേഹത്തിൽ നമുക്ക് മുന്നേറുവാൻ സാധിക്കു. അല്ലങ്കിൽ മറ്റൊരു കുരുക്ഷേത്രക്കളമായി മാറും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. മത ഉപദേശങ്ങളെയും ആചാരങ്ങളെയും കാത്തുസൂക്ഷിച്ച്‌ നിലനിർത്തണ്ടത് അതതു സമിതികൾ ആണ്. അതിൽ മറ്റൊരു മതമോ സംഘടനകൊളോ കൈകടത്തരുത്.
ക്രൈസ്തവ സമൂഹത്തെ കടന്നാക്രമിച്ച ഒട്ടനവധി സംഭവങ്ങൾ ലോകത്തിൽ പലയിടത്തും റിപ്പോർട് ചെയ്തിട്ടുണ്ട്. മൃഗീയമായി പീഡിപ്പിച്ചും ഇഞ്ചിഞ്ചായി കൊന്നും ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യുവാൻ ഒട്ടനവധിപ്പേർ പല പ്രക്രിയ നടത്തി. എന്നിട്ടും തെരുവിൽ ഇറങ്ങി ദൈവീക സംരക്ഷണത്തിന് വേണ്ടി അവർ മുറവിളി നടത്തിയില്ല. കാരണം ദൈവം മനുഷ്യനാൽ സംരക്ഷിക്കപ്പെടണ്ട ശക്തി അല്ല. ബൈബിളിൽ ഒരു സമൂഹത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുവാൻ ഹാമാൻ എന്ന കൊട്ടാര ഉദ്യോഗസ്ഥൻ തീവ്രമായി ശ്രമിച്ചു. പക്ഷെ യെഹോവയിൽ ആശ്രയിച്ച ആ ജനം ഒന്നടങ്കം ഉപവസിച്ചു പ്രാർത്ഥിച്ചു. അനന്തരഫലമോ ഹാമാൻ പണിത കഴുകുമരത്തിൽ രാജാവ് ഹാമാനേ തന്നെ കഴുവിലേറ്റി കൊന്നു. അങ്ങനെ സംഭവിക്കാൻ മറ്റൊരു കാരണം ഉണ്ട്. യെഹൂദൻമാർ ജീവനുള്ള യെഹോവയിൽ ആണ് ആശ്രയിച്ചത്.
യേശുക്രിസ്തു ആണ് ആദ്യ നവോത്ഥാന നായകൻ. സർവ്വ മനുഷ്യർക്കും സർവ്വസമത്വം പ്രഖ്യാപിച്ചു കൊണ്ട് ദൈവരാജ്യം ഭൂമിയിൽ തന്നെ എന്ന് പ്രഖ്യാപിക്കയും എല്ലാവർക്കും എല്ലാവരും ഉപകാരികൾ ആകണം എന്ന് പഠിപ്പിച്ച ക്രിസ്തുദേവൻ സകലരെയും ഒരു പോലെ സ്നേഹിച്ചു. ഉള്ളതിൽ പങ്ക് അഗതികൾക്കായി കൊടുപ്പാൻ കൂടി ഉപദേശിച്ചു. ആയുധങ്ങളില്ലാത്ത മാതൃകാപരമായ നവോത്ഥാന പോരാട്ടം. അങ്ങ് പലസ്തീനിൽ അത് ആരംഭിച്ചെങ്കിലും സകലരാജ്യത്തിന്റ അതിരുകളെയും ഭേദിച്ചു, ഏകാധിപത്യത്തിന്റെയും, ജാതികവ്യവസ്ഥിതികളുടെയും, പരീശ ഭക്തിയുടെയും വൻമതിലുകളെ ഇടിച്ചു തകർത്തു പുതിയ ഒരു നിയമത്തിന് വേണ്ടി ദൈവാലയത്തിലെ തിരശ്ചീല രണ്ടായി കീറിക്കളഞ്ഞു കൊണ്ട് ലോകമെങ്ങും ആ നവോത്ഥാന സന്ദേശം തീപോലെ കത്തിപടർന്നു. സ്നേഹത്തിന്റെ വൻമതിലായി , സ്നേഹത്തിൻ സാഗരമായി, സമാധാന കവചമായി ലോകത്തിൽ ഇന്നും നിലനിൽക്കുന്നു. മനുഷ്യന്റെ ആത്മീയ നവോത്ഥാനത്തിന് യേശു തന്നെ നിണം ചിന്തി പരമ യാഗമായി തീർന്നു. പാപി ആയ മനുഷ്യനെ ധാർമ്മികതയിലേക്കു
നായിക്കുവാൻ ആ നവോത്ഥാന നായകൻ മരണം വരിച്ചു. ഉയർത്തെഴു ന്നേറ്റ യേശു തന്റെ ദൈവീക സമാധാനം ലോകത്തിന് കൈമാറി സ്വർഗത്തിലേക്ക് പോയി.
ഒരിറ്റു ദാഹജലം യാചിച്ച സ്വാമി വിവേകാനന്ദനോട് ജാതി ചോദിച്ച കേരളത്തെ ഭ്രാന്താലയം ആണെന്നാണ് താൻ വിശേഷിപ്പിച്ചത്. പുണർന്നു പേറുന്നതെല്ലാം ജാതിയെന്നും സ്വാമി പഠിപ്പിച്ചു.എന്നിട്ടും പഠിച്ചില്ല കേരളീയർ ജാതിയും മതവും എന്താണന്നു . സർവ്വ മതവിശ്വാസികൾ തിങ്ങിപ്പാർത്ത ചുറ്റ്‌വട്ടങ്ങളിൽ ഏകസഹോദര്യ ബന്ധങ്ങൾ നിലനിന്നിരുന്നു. ഇന്ന് തകർന്നു പോയി സകല സ്നേഹ ബന്ധങ്ങളും മത വിശ്വാസങ്ങളുടെയും ആചാരത്തിന്റെയും പേരിൽ.മത വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന ന്യായവിധി കൽപ്പിക്കാതീരിക്കുവാൻ ന്യായപാലകർ ശ്രദ്ധിക്കണ്ടതും മതേതരത്വ രാജ്യത്തിനു അനിവാര്യമാണ്.
മതിലുകൾ പലതും വെറുപ്പിക്കലുകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു. അത് പുരുഷനായാലും, വനിതയായാലും, വസ്തുവിന്റെ മതിലായാലും.അനാവശ്യമായ പല മതിലുകളും ഇടിച്ചു മാറ്റി സ്നേഹത്തിന്റെ ചങ്ങലകൾക്കായി കൈകോർക്കാം നമുക്ക് യഥാർത്ഥ മനുഷ്യരായി. സ്നേഹ സാഗരമായി തീരട്ടെ നമ്മുടെ നാടും നഗരവും. പൈശാചികമായ ആക്രമണ സമരം നാശനഷ്ടങ്ങൾ വരുത്തി പൊതുസമ്പത്തുകളും സ്വകാര്യ വസ്തുക്കളും നശിപ്പിച്ചു കളയും അതല്ലാതെ എന്ത് നേട്ടം.
നവോത്ഥനത്തിനു വേണ്ടി ക്രിസ്തീയ മിഷിഷണറിമാരുടെ സംഭാവന ഇന്ത്യക്ക് വളരെ വിലയേറിയതായിരുന്നു. പ്രതേകിച്ചു കേരളത്തിന്. മേലാളന്മാരുടെ നീചത്വത്തിനു മുൻപിൽ മുലകൾ മുറിച്ചു ധീരത കാട്ടി മരണത്തിനു കീഴടങ്ങിയ നങ്ങേലിയെ പോലുള്ളവർക്ക് പിന്തുണയുമായി ക്രൈസ്തവ മിഷനറിമാർ നിർധരർക്കൊപ്പം ഉണ്ടായിരുന്നു . നമുക്കും ഇടിച്ചു കളയാം ജാതീയ വർഗ്ഗീയതയുടെ കൂറ്റൻ മതിലുകൾ. പണിയാം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഐക്യതയുടെയും സ്നേഹത്തിന്റെ ചങ്ങലകകൾ. യെരീഹോം കോട്ടകളെ തകർക്കുന്ന ദൈവീക ആർപ്പുവിളിയും സ്നേഹത്തിന്റെ ഒത്തു ചേരലും നമ്മുടെ ഇടയിൽ ഉണ്ടായാൽ നമുക്ക് എതിരായി നിൽക്കുന്ന വൻ മതിൽക്കെട്ടുകളെ ഇടിച്ചു കളയുവാൻ സാധിക്കും . കേരളത്തിന്റെ സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ നവോത്ഥാനത്തിന്റെ സന്ദേശകരായി തീരാൻ നമുക്ക് ശ്രമിക്കാം.ഒന്നുകൂടി ഒന്നായ്‌ചേരാം, പ്രളയക്കെടുതിയിൽ നാം കൈ കോർത്തതുപോലെ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.