ഭാവന:ദേ സ്വപ്നക്കാരൻ വരുന്നു | ജസ്റ്റിൻ കായംകുളം

മനോഹരമായ ആ സ്വപ്നം കണ്ട സന്തോഷത്തിലാണ് യോസേഫ് അപ്പച്ചന്റെയും അമ്മച്ചിയുടെയും സഹോദരന്മാരുടെയും അടുക്കൽ ഓടിച്ചെന്നത്. തനിക്കുണ്ടാകാൻ പോകുന്ന ഭാഗ്യമോർത്തപ്പോൾ തന്റെ സഹോദരന്മാരും എല്ലാവരും സന്തോഷിക്കുമെന്നാണ് അവൻ കരുതിയത്. കൂടെപ്പിറപ്പുകളായ അച്ചച്ചന്മാർ നന്നായി ചിരിച്ചു അവനെ അഭിനന്ദിച്ചു. എന്നാൽ അവരുടെ അകത്തു ക്രൂരമായ ഗൂഢാലോചന ഉരുത്തിരിയുകയായിരുന്നു. “നമ്മൾ അവനെ നമസ്ക്കരിക്കും പോലും. കൊള്ളാം അവനാരാ നമ്മളെക്കാൾ ഇളയവൻ. അവനു പണി കൊടുക്കണം. ഇങ്ങനെ വിട്ടാൽ പറ്റില്ല. അവൻ വളർന്നാൽ നമുക്ക് ദോഷമാകും”. യോസേഫിന്റെ സ്വന്തം ചേട്ടന്മാർ തമ്മിൽ പറഞ്ഞൊക്കുകയാണ്.. അവരുടെ കൂടെ നിൽക്കുന്ന ആളുകളോട് അവനെപ്പറ്റി കള്ളം പറഞ്ഞും ഒറ്റപ്പെടുത്തി കൂളരുതാത്തവനെന്നു വരുത്തിത്തീർത്തു
യോസേഫോരു നല്ല ചെറുപ്പക്കാരനാണ്. അഭിപ്രായങ്ങൾ തുറന്നു പറയും. കള്ളവും കപടവും അഭിനയവും അറിയില്ല. അതുകൊണ്ട് അപ്പനായ യാക്കോബിന്‌ അവനെ എല്ലാവരേക്കാളും അല്പം ഇഷ്ടക്കൂടുതലുമുണ്ട്. അതീ അച്ചച്ചന്മാർക്കു അത്ര ഇഷ്ടമല്ലായിരുന്നു. അവർ അല്പം വേലത്തരങ്ങൾ ഒക്കെ കാണിക്കാറുള്ളത് അപ്പൻ പലപ്പോഴായി പിടിച്ചിട്ടും വഴക്കു പറഞ്ഞിട്ടുമൊക്കെയുണ്ട്. അതൊക്കെ യോസേഫ് പാര വെച്ചിട്ടാണ് എന്നാണ് അവർ ധരിച്ചിരിക്കുന്നത്. അപ്പോഴും സ്വന്തം തെറ്റുകൾ അംഗീകരിക്കാനും തിരുത്താനും അവർ തയ്യാറുമല്ല.
തന്റെ അപ്പനും അമ്മയും സഹോദരന്മാരും യോസേഫിനെ വണങ്ങുന്നു എന്നാണ് അവൻ സ്വപ്നം കണ്ടത്. അതാണ് സഹോദരന്മാരെ ചൊടിപ്പിച്ചതും.
തന്ത്രങ്ങൾ ഒരുക്കപ്പെട്ടു. അവനെ ഏത് വിധേനയും നശിപ്പിക്കണമെന്നു തീരുമാനമായി. എന്നാൽ കൂട്ടത്തിൽ അല്പം സ്നേഹമുള്ള രൂബേൻ അച്ചായൻ ജീവഹാനി വരുത്തുന്നതിന് എതിരായി സംസാരിച്ചു.
യോസേഫ് തന്റെ സഹോദരന്മാരുടെ മനസ്സിലിരിപ്പ് അറിയാതെ അവരെ കാണുവാൻ ചെല്ലുമ്പോൾ അവർ പിറുപിറുത്തു “ദാണ്ടെടാ സ്വപ്നക്കാരൻ വരുന്നു “.. അവർ അവനെ പിടിച്ചു പൊട്ടക്കിണറ്റിൽ തള്ളി.. യോസേഫ് കിണറ്റിൽ കിടന്നു തീർന്നു എന്ന് അവർ ചിന്തിച്ചു.അപ്പനായ യാക്കോബിനെയും അവർക്കു ബോധ്യപ്പെടുത്താൻ കഴിഞ്ഞു അവൻ കൊല്ലപ്പെട്ടെന്ന്. . പക്ഷെ തീരുമാനം മാറ്റി അവർ അവനെ പുറത്തെടുത്തു കച്ചവടക്കാർക്ക് വിറ്റു. ദർശനമുള്ളവനെ എങ്ങനെയെങ്കിലും ഒഴിവാക്കി തങ്ങളുടെ സ്ഥാനമാനങ്ങൾ ഉറപ്പിക്കുവാനുള്ള കുടില ശ്രമം.. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു.. അവനെ മാനിക്കേണ്ടിടത്തു എത്തിക്കാനുള്ള ദൈവപദ്ധതി. അവിടെയും യോസേഫിനു രക്ഷയില്ല . പോത്തിഫറിന്റെ ഭാര്യ അവനെ കുടുക്കാൻ ഇറങ്ങി. പ്രലോഭനങ്ങൾ കൊണ്ട് ഭക്തന്റെ ജീവിതത്തെ മാടി വിളിക്കാൻ അവൾ പദ്ധതിയിട്ടു. ഫേസ്‌ബുക്കിൽ കമന്റുകളിട്ടും ഇൻബോക്സിൽ മെസ്സേജ് അയച്ചും അവൾ അവനെ കുടുക്കാൻ ശ്രമിച്ചു.. അതിലൊന്നും വീഴാതിരുന്നവനെ കയറിപിടിക്കാൻ ശ്രമിച്ചപ്പോൾ അവൻ ഓടി രക്ഷപ്പെട്ടു. പലർക്കും സാധിക്കാത്ത കാര്യമാണ്. സാഹചര്യങ്ങൾ കിട്ടാത്തപ്പോൾ മാന്യനായി ജീവിക്കുന്നതിനേക്കാൾ നല്ലതാണു പാപം ചെയ്യാൻ അവസരം കിട്ടുമ്പോൾ അതിൽ നിന്നും ജയിക്കുന്നത്…..യോസേഫ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ അടക്കപ്പെട്ടു.. അവനെക്കുറിച്ചു എന്തെല്ലാം പറഞ്ഞുണ്ടാക്കി.. ജയിലിലും മറ്റുള്ളവരെ സഹായിച്ചു… അവരും അവനെ ചതിച്ചു.. എന്നാൽ അഭിഷേകമുള്ളവൻ എത്ര പ്രതികൂലമായാലും പുറത്തു വരും… പൊട്ടക്കുഴിയിൽ അവസാനിക്കുമെന്ന് സ്വന്തം സഹോദരന്മാർ കരുതി. ജയിലിൽ തീരുമെന്ന് പോത്തിഫറിന്റെ ഭാര്യ കരുതി. എന്നാൽ ദർശനം കൊടുത്ത ദൈവം അവനെ സിംഹാസനത്തിൽ ഇരിക്കുന്നതായാണ് കണ്ടത്.. ഉടയപ്പെട്ടവൻ പണിയപ്പെട്ട ചരിത്രം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.