2018 ൽ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കിയത് 4.2 കോടി കുരുന്നു ജീവനുകള്‍ എന്ന് റിപ്പോർട്ട്

വാഷിംഗ്ടണ്‍ ഡി‌സി: കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മരണത്തിന് കാരണമായത് ഗര്‍ഭഛിദ്രം വഴിയാണെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2018-ല്‍ 4.2 കോടി കുരുന്നു ജീവനുകളാണ് ഗര്‍ഭഛിദ്രം എന്ന ക്രൂര നരഹത്യയിലൂടെ കൊല്ലപ്പെട്ടത്. ലോകത്തെ ഏറ്റവും മികച്ച സൌജന്യ റഫറന്‍സ് വെബ്സൈറ്റെന്ന് അമേരിക്കന്‍ ലൈബ്രറി അസ്സോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള വേള്‍ഡോമീറ്ററിന്റേതാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട്. സര്‍ക്കാരുകളില്‍ നിന്നും പ്രസിദ്ധ സംഘടനകളില്‍ നിന്നും ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ക്കാധാരം.

റിപ്പോര്‍ട്ട് പ്രകാരം 2018 ഡിസംബര്‍ 31 വരെ 82 ലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ മൂലവും, 50 ലക്ഷം പേര്‍ പുകവലി മൂലവും, 17 ലക്ഷം പേര്‍ എച്ച്.ഐ.വി/എയിഡ്സ് മൂലവും മരണപ്പെട്ടപ്പോള്‍ ഏതാണ്ട് 41.9 മില്യണ്‍ കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ അബോര്‍ഷന്‍ കണക്കുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തിലെ മൂന്നിലൊന്ന് ഗര്‍ഭധാരണവും (23 ശതമാനം) അബോര്‍ഷനിലൂടെ ഇല്ലായ്മ ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 33 ശിശുക്കളില്‍ പത്തു പേര്‍ വീതം കൊല ചെയ്യപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏതാണ്ട് 5.9 കോടി മരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ ജനിക്കുന്നതിനു മുന്‍പ് കൊല ചെയ്യപ്പെട്ട കുട്ടികളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഓരോ വര്‍ഷവും അമേരിക്കയില്‍ മാത്രം പത്തുലക്ഷത്തിനു അടുത്ത് ശിശുക്കള്‍ ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തു ഭ്രൂണഹത്യ നിരക്കില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ ഈ കൊടുംപാപം വര്‍ദ്ധിച്ചു വരികയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like