ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകുമെന്ന് ബ്രിട്ടീഷ് സർക്കാർ

ലണ്ടന്‍: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിന് നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. പീഡിത ക്രൈസ്തവ സമൂഹത്തിന് ഇടയിൽ സ്വതന്ത്ര അവലോകനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം. കഴിഞ്ഞ വർഷം വിശ്വാസത്തെപ്രതി ശരാശരി 250 ക്രൈസ്തവർ ഓരോ മാസവും കൊല്ലപ്പെട്ടുവെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. പീഡിത ക്രൈസ്തവരുടെ ഇടയിൽ അവലോകനം നടത്തി സർക്കാരിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകാനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഉത്തരവിറക്കിയത്. 22 കോടിയോളം ക്രൈസ്തവരാണ് വിശ്വാസത്തെപ്രതി കഴിഞ്ഞവർഷം ആക്രമിക്കപ്പെട്ടത്.

ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണത്തിലുളള വളർച്ചയെ ‘നാടകീയമായ വർദ്ധനവ്’ എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശേഷിപ്പിച്ചത്. ക്രൈസ്തവ സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിനു വരെ ഇരയായി. ക്രൈസ്തവ സമൂഹത്തിന് സഹായം നൽകാന്‍ ബ്രിട്ടീഷ് സർക്കാരിന്റെ അന്താരാഷ്ട്ര നയത്തിന് രൂപം നൽകുമെന്ന് ജെറമി ഹണ്ട് പറഞ്ഞു.

അതിക്രമങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവരെ എങ്ങനെയൊക്കെ സഹായിക്കാനാകുമെന്ന കാര്യത്തിൽ സുവ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ക്രൈസ്തവ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന പീഡനം മറ്റുള്ള ന്യൂനപക്ഷങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടെയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.