ലേഖനം:നവ വർഷവും നവീകരണ ജീവിതവും! | പാസ്റ്റർ ഷാജി ആലുവിള

സമയമാം രഥത്തിന്റെ കാലചക്രം അതിവേഗം മുന്നോട്ടു പായുകയാണ്. ഒപ്പം ഒരിക്കലും തിരികെ വരാതവണ്ണം പുറകോട്ട് ഒഴുകുന്നു നമ്മുടെ ജീവിത നിമിഷങ്ങളും…. പുതുവത്സരത്തിന്റെ ആദ്യ ദിനങ്ങൾ ആനന്ദവും കൗതുകം നിറഞ്ഞതുമാണ്.ഉത്സവസമം ആക്കിയ ആഘോഷ പരിപാടികളോടെ പുതുവർഷത്തെ ലോകം ഇതാ എതിരേൽക്കുന്നു. അത് ഉടനടി കെട്ടടങ്ങുകയും ചെയ്യും. വിശ്വാസ ജീവിതത്തിലെ പരിശോധനകളെ പരീക്ഷണ ശാലകളാക്കി,കാലിടറിപ്പോകാതെ 2019 ലേക്ക് നാം പ്രവേശിച്ചു. കഴിഞ്ഞുപോയ യാത്രയുടെ ഇടയിൽ എവിടെയൊക്കെയോ ഒന്ന് ക്ഷീണിച്ചു തളർന്നു പോയി. ഭയം തോന്നിയ ചില കൂരിരുൾ താഴ്വ്വരകൾ..ചിലർക്ക് അവരുടെ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ നഷ്ടങ്ങൾ നികത്തുവാൻ പറ്റാത്ത വലിയ വേദനകൾ സമ്മാനിച്ചു അത് കണ്ണീരിൽ പൊതിഞ്ഞ ഗദ്ഗദങ്ങളായി മാറി. ഒരു വശത്തു രോഗവും, ദുഃഖവും, കടഭാരവും ആത്മഹത്യയുടെ വക്കോളം എത്തിച്ചു. ഇഷ്ടവും ഇഷ്ടക്കേടുകളും ഇണക്കവും പിണക്കവും, നന്മയും തിന്മയും, നമ്മിലൂടെ ഗുണവും ദോഷവും ഉളവാക്കി. കുടുംബ തകർച്ച, അവിശ്വസ്തത, അതുമുഖാന്തരം അരും കൊലപാതകങ്ങൾ, കുടുംബ വേർപ്പെടലുകൾ എത്ര എത്ര നടന്നു. വാക് പോരുകൾ കൊണ്ട് തമ്മിലടിച്ച് രക്ത – വ്യക്തി ബന്ധങ്ങൾ പലതും അറ്റുപോയി.
മറുവശം നോക്കിയാൽ വ്യക്തി മുദ്ര പതിപ്പിച്ച സാമൂഹിക നന്മകൾ ചെയ്ത ഒട്ടനവധി വ്യക്തികൾ, കുടുംബത്തിനും, സമൂഹത്തിനും നേട്ടങ്ങൾ ഉണ്ടാക്കിയെടുത്ത അനുഗ്രഹീത സന്ദർഭങ്ങൾ. പ്രളയക്കെടുതിയിൽ കണ്ണീരോടെ കരം നീട്ടിയ ഒട്ടനവധി നിർധനരെ ആശ്വാസത്തിന്റെ കരക്കടുപ്പിക്കുവാൻ മുന്നിൽ നിന്ന അനേക സന്നദ്ധ സംഘടനകൾ, വ്യക്തികൾ ഇതൊക്കെ നമ്മെ വിട്ടു പോയ 2018 ന്റെ പ്രത്യേകതകൾ അത്രേ.
2019 ൽ ആരും അറിയാതെ മറഞ്ഞിരിക്കുന്ന ഓരോ പ്രതിസന്ധിയും ദൈവത്തിന് നന്നായറിയാം . സർവ്വശക്തൻ അറിയാതെ നമുക്ക് ഒന്നും ഭവിക്കയില്ല. ഭരണകൂടത്തിൽ അവിചാരിതമോ, അപ്രതീക്ഷിതമായുള്ള മാറ്റത്തിനോ, ഒരു വിപ്ലവത്തിനോ, ലോകസമാധാനത്തിനുള്ള എതിരായുള്ള ഏതെങ്കിലും ഭീഷണിക്കോ, ദൈവീക പദ്ധതിയെ തകിടം മറിക്കാൻ സാധ്യമല്ല. ദൈവീക നിശ്ചിത പരിപാടി എല്ലാം കൃത്യമാണ്.
കഴിഞ്ഞുപോയതും ഒരിക്കലും തിരികെ കിട്ടാത്തതുമായ ദിവസങ്ങളിൽ സംഭവിച്ച പരാജയങ്ങളെ ഓർത്തു സമയം പാഴാക്കാതെ പരാജയങ്ങളുടെ മൂലകാരണം കണ്ടെടുത്ത് വിജയത്തിന്റെ പുതിയ അനുഭവങ്ങളിലേക്ക് എത്തപ്പെടാൻ ജീവിതത്തെ തിരുത്തി മുന്നേറുക. അതായതു മനസുപുതുക്കി രൂപാന്തരപ്പെടുക. ശരീരത്തിന്റെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്നതിന് മനസ്സിന് വലിയ പങ്കുണ്ട്. നാം പാപസാധ്യതയുള്ള ശരീരത്തോട് കൂടിയവർ ആകയാൽ സാഹചര്യം ഒത്തുവന്നാൽ പിശാച് വീഴ്ത്തുവാൻ പദ്ധതി ഒരുക്കുകയും ചെയ്യും.അതിനാൽ അനുദിനവും നാം യേശുക്രിസ്തുവിൽ ആശ്രയിച്ചു പരിശുദ്ധാത്മാമാവിനാൽ നടത്തപ്പെടുത്തുന്നു എങ്കിൽ പാപത്തിൽ വീഴാതെ മുന്നേറുവാൻ സാധിക്കും. ഒപ്പം മനസ്സിനെ നിയന്ത്രിക്കാനും സാധിക്കും. പാപത്തോടുള്ള അഭിരുചി അഭിഷക്തരെ ആത്മീയതയിൽ നിന്ന് അടർത്തിക്കളയും എന്നും ഓർക്കുക. അതിന് അനുരൂപപ്പെടുവാൻ ഇടയാകാതെ 2019 ൽ ജയജീവിതം തന്നെ നമ്മുടെ ലക്ഷ്യമായിരിക്കട്ടെ.

ദൈവോത്മുഖമായ ജീവിതമത്രെ യഥാർത്ഥ ജീവിതം. അതുകൊണ്ട് സഹജീവികളോടുള്ള ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല. പ്രവർത്തിയോട് കൂടിയ ആരാധനയും പ്രാർത്ഥനയും ആണ് ദൈവത്തിനു പ്രസാദം. സ്വന്തം നിലനിൽപ്പിനും, കാര്യസാധ്യത്തിനും വേണ്ടി ആരെയും ഒറ്റുകൊടുക്കുന്നവരും ചതിക്കുന്നവരും തരംതാഴ്ത്തി ആക്ഷേപം പറയുന്നവരും ആകരുത്. നമ്മെ പോലെ മറ്റുള്ളവരും നന്മ പ്രാപിക്കട്ടെ.
ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെ യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെ മേലുണ്ട് കഴിഞ്ഞുപോയ ആണ്ടുകൾ ഫലമില്ലാതെ ആണ് ജീവിച്ചതെങ്കിൽ ഭാരപ്പെടേണ്ട… ഇനിയും ഈ വർഷത്തിലൂടെ അവസരങ്ങൾ ധാരാളം ഉണ്ട്. ദൈവം വെറുക്കുന്നത് നാം വെറുക്കുകയും ദൈവം ഇഷ്ടപ്പെടുന്നത് നാം ഇഷ്ടപ്പെടുകയും ചെയ്താൽ ദൈവം ഈ വർഷത്തെ ഫലപ്രദമാക്കി തരും. സ്വന്ത വിവേകത്തിൽ ഊന്നാതെ എല്ലാവഴികളിലും ദൈവത്തിൽ മാത്രം ആശ്രയിക്ക മാത്രം ചെയ്ക. സ്വയത്തിലും ജഡത്തിലും ഊന്നിയ ജീവിതം നശ്വരവും ഉത്ഥാനം ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ദൈവരാജ്യ മൂല്യങ്ങളിൽ ഊന്നിയ ജീവിതം അനശ്വരവുമാണ്.

“നീതിക്കുവേണ്ടി ഉപദ്രവിക്കപ്പെടുന്നവരും, നീതിക്കായി വിശന്നു ദാഹിക്കുന്നവരും ഭാഗ്യശാലികളുയി ജീവിക്കുവാൻ കഴിയുമാറാക്കുന്നത് പുനരുത്ഥാന ശക്തിയിലുള്ള വിശ്വാസമാണ്. ആകയാൽ ഉറപ്പുള്ളവരും, കുലുങ്ങാത്തവരും കർത്താവിന്റെ വേലയിൽ വർദ്ധിച്ചു വരുന്നവരും ആയിരിപ്പാൻ 2019 ൽ നമുക്ക് കഴിയണം. ദൈവരാജ്യ സാക്ഷാത്ക്കാരത്തിനുള്ള സ്നേഹത്തിന്റെ അദ്ധ്വാനത്താൽ സമൂഹത്തിനു മാതൃകയാകാം. ജീവിതത്തിന്റെ ആശ്രയവും ആവേശവും അവിടുത്തെ ഉയിർത്തെഴുന്നെൽപ്പിലുള്ള വിശ്വാസത്തിൽ ആയിരിക്കേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം….അതിവേഗത്തിൽ ഓടിപ്പോകും ഓരോ നിമിഷങ്ങളും….അത് നഷ്ടമാക്കി കളയരുത് ഒരു വ്യക്തികളും…ലോകം അന്ത്യത്തിലേക്ക്‌ നീങ്ങുന്ന ഒട്ടനവധി സംഭവ വികാസങ്ങൾ അരങ്ങേറി തുടങ്ങി…പുതുവർഷം പുതുമയുടെയും അനുഗ്രഹത്തിന്റെ പുത്തൻമേടുകളിലേക്കും നടത്തപ്പെടുന്നതായി തീരട്ടെ…നന്മകൾ പങ്കിട്ടും സ്നേഹം നിർവ്യാജം ആക്കിയും മുന്നേറുക…ആത്മീയരുടെ ഇടയിൽ അനാത്മീയത ജനിപ്പിക്കാതെ ശ്രേഷ്ഠരായി പരസ്പരം ബഹുമാനിക്കാം….ദൈവത്തിൽ മാത്രം ആശ്രയിച്ചു മുന്നേറുന്ന ഭക്തന് ഈ വർഷം ഒന്നും ഭയപ്പെടാനില്ല….കാരണം ഇമ്മാനുവേൽ എന്ന ക്രിസ്തു നമ്മോടു കൂടെ എന്നാളും ഉണ്ട്…..ഒപ്പം നൂറു..നൂറു..പുതുവത്സരാശംസകൾ നേരുന്നു….ദൈവം സകലരെയും അനുഗ്രഹിക്കട്ടെ !!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.