ലേഖനം:വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം | ഷാന്റി പി ജോൺ

ഈവർഷം അതിന്റെ  അവസാനനാളുകളിൽ എത്തി നിൽക്കുമ്പോൾ കണ്ണുനീരിൽ കുതിർന്ന സന്തോഷത്തിന്റെയും  സന്താപത്തിന്റെയും കഥകൾ നമുക്ക് പറയാനുണ്ട്. മുണ്ടുമുറുക്കിയുടുത്ത് സ്വരുക്കൂട്ടിയ പലതും കണ്ണിനു കണ്ണിനുമുന്പിൽ  തകർന്നടിഞ്ഞപ്പോൾ അമ്പരപ്പോടെ നോക്കി നിൽക്കേണ്ടി വന്നവർ ആണ് നമ്മിൽ പലരും .സന്തോഷങ്ങളും സന്താപങ്ങളും ഇടകലർന്ന ഈ ജീവിതയാത്രയിൽ ഓരോവർഷവും പിന്നിടുമ്പോൾ നമ്മുടെ സഹയാത്രികരായ പലരെയും നമുക്ക് നഷ്ടമാവുകയും പകരം മറ്റുചിലരെ  നമുക്കു ലഭിക്കുകയും ചെയ്യുന്നു. അതിൽ ചിലർ നമ്മോടു പെട്ടെന്ന് അടുക്കുകയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യാറുണ്ട്. ചിലപ്പോൾ അവരില്ലാതെ നമ്മുടെ ജീവിത ചരിതം രചിക്കുക തന്നെ അസാധ്യമായിരിക്കും ഒഎൻവി കുറുപ്പിന്റെ  വരികൾ പറയുന്നതുപോലെ വേർപിരിയുവാൻ മാത്രമൊന്നിച്ചുകൂടി നാം , വേദനകൾ പങ്കു വയ്ക്കുന്നു.ചില ബന്ധങ്ങളെ നാം നിർവ്വചിക്കുമ്പോൾ അത് എന്നും നമ്മോടൊപ്പം കാണുകയില്ല എന്ന് നമുക്ക് വ്യക്തമായി അറിയാമെങ്കിലും യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാനും ഉൾക്കൊള്ളാനും നമ്മുടെ മനസ്സ് പലപ്പോഴും വിസമ്മതിക്കുന്നതു  ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യമാണ്

എത്ര ക്ഷണികമാണ് ഈ മാനുഷിക ജന്മമെന്ന് സവിസ്തരം പ്രസ്താവിക്കും വിധമാണ് നമുക്ക് പ്രിയരായവരും നമ്മെ പ്രിയരായവരും ഈ ഭൂമിയിൽ നിന്ന് മാറ്റപ്പെട്ടത്. അംഗീകരിക്കാനോ  ഉൾക്കൊള്ളാനോ കഴിയാതെ ചില വേർപാടുകൾ നമ്മെ അംബരപെടുത്തുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുമ്പോൾ നെടുവീർപ്പിട്ട് കരയുവാൻ മാത്രം വിധിക്കപ്പെട്ട് കേവലം മനുഷ്യരായ നാം മാറ്റപ്പെടുന്നു. കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളില്ല എന്ന് പലരും അവകാശപ്പെടുമ്പോഴും നമ്മുടെ മരണം കൊണ്ട് മാത്രം മായിക്കപ്പെടുന്ന ഘോര മുറിവുകളുടെ വിങ്ങലും വേദനയും അനുഭവിക്കുന്നവരാണ് നമ്മിൽ പലരും .നമ്മെ വിട്ട് വിശ്രമ വാസത്തിലേക്ക് കടന്നു പോയ പലരുടെയും വിയോഗം നമുക്ക് വ്യക്തമായി അറിയാമെങ്കിലും ആ സത്യത്തെ അംഗീകരിക്കാൻ കഴിയാതെ മനസ്സിൽ അവരെക്കുറിച്ചുള്ള ഓർമ്മകൾ താലോലിച്ച് ശിഷ്ട ജീവിതം തള്ളിനീക്കുന്ന ചിലരെങ്കിലും ഉണ്ട് നമ്മുടെ ഇടയിൽ.

ചില സൗഹൃദങ്ങളുടെ വേർപാടുകളും നമ്മെ നോവിച്ചു കൊണ്ടിരിക്കും .നിസ്സാരകാര്യങ്ങൾ തമ്മിൽ പെരുപ്പിച്ച് പിരിഞ്ഞുപോകുമ്പോൾ ഒരു ഹൃദയം മാത്രമാണോ വേദനിക്കുന്നത് .ഏതു ബന്ധത്തിനു മൂല്യം കൽപ്പിക്കുന്ന വർക്ക് നഷ്ടങ്ങൾ വേദനകൾ വേദന തന്നെയാണ് .അത് സൗഹൃദം ആയാലും ജീവിതമായാലും. പലപ്പോഴും പരസ്പരം ഒന്നു നോക്കി ചിരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ കാണുകയുള്ളൂ .എന്നാൽ ഓരോരുത്തരിലുമുള്ള അഹം പലപ്പോഴും ആരുടെയും മുൻപിൽ താഴാൻ അനുവദിക്കാറില്ല .ആരും തുറക്കാതെ വലിയ താഴുകൾ ഇട്ടു  മനസ്സിനെ പൂട്ടിവച്ചു വലിയ ഗൗരവഭാവം നടിച്ചിരുന്നാലും ആരുമില്ലാത്ത ഏകാന്തതയിൽ പലതും വേണ്ടായിരുന്നു ക്ഷമിക്കാം ആയിരുന്നു എന്നൊക്കെ ചിന്തിക്കാത്ത മനുഷ്യർ കാണുമോ .എത്ര വഴക്കിടാനും പിണങ്ങിയാലും തമ്മിൽ കാണുമ്പോൾ ഒന്ന് ചിരിക്കാൻ കഴിഞ്ഞാൽ പരസ്പരം ആശ്ലേഷിക്കാൻ കഴിഞ്ഞാൽ ഒന്ന് സോറി പറയാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു. അതൊക്കെ ആണ് യഥാർത്ഥ സ്നേഹം എന്നു പറയുന്നത്.

post watermark60x60

ചില ബന്ധങ്ങൾ വളരെ ഹൃദ്യമായി നമുക്ക് തോന്നും എന്നാൽ കാണാതായാൽ ഒന്ന്  തിരക്കുകയോ എന്തുപറ്റി എന്നറിയാൻ ഒന്നു വിളിച്ചു ചോദിക്കുകയോ ചെയ്യാൻ ഒരിക്കലും മെനക്കെടാറില്ല .ബാഹ്യമായ സ്നേഹപ്രകടനങ്ങളിൽ വിശ്വസിക്കുന്നില്ല എന്ന് സ്വയം  കൽപിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുകയും ചെയ്യുവാൻ ബദ്ധപ്പെടുകയും ചെയ്യുന്ന കൂട്ടരെ നമുക്ക് കാണാൻ കഴിയും. അത് വാസ്തവമാണോ ??സ്നേഹം പ്രകടിപ്പിക്കാതെ മറ്റൊരാൾക്ക് എങ്ങനെ അത് മനസ്സിലാക്കാൻ കഴിയും? സ്നേഹം എത്രതന്നെ മറച്ചു വെക്കാൻ ശ്രമിച്ചാലും നാമറിയാതെതന്നെ അത് പുറത്തു വരുമെന്ന് തന്നെയാണ് എൻറെ മതം.

ചില ബന്ധങ്ങൾ നമ്മെ കാണാതായാൽ തമ്മിൽ ചെറിയ മാറ്റങ്ങൾ കണ്ടാൽ ഉൽക്കണ്ഠ പ്പെടുകയും തിരക്കുകയും ചെയ്യാറുണ്ട്. ചില പരിഭവങ്ങളും പരാതികളുംആയിട്ട്  ആയിരിക്കും നമ്മോടുള്ള സ്നേഹം അവർ പ്രകടിപ്പിക്കുന്നത് .സ്നേഹം ഉള്ളിടത്തു മാത്രമേ പരിഭവം ഉണ്ടാകാറുള്ളൂ കേൾക്കുന്നവരുടെ മാനസിക നിലവാരങ്ങൾ പലപ്പോഴും പരിഭവങ്ങളും പരാതികളും അംഗീകരിക്കാൻ കഴിയാത്ത വിധം ആയിത്തീരാറുമുണ്ട്  .അതുകൊണ്ടാണ് പരിഭവങ്ങളെ പലപ്പോഴും “ചൊറിച്ചിൽ” എന്ന് സംബോധന ചെയ്യപ്പെടുന്നത്. സൗഹൃദങ്ങളെയും കുടുംബബന്ധങ്ങളെയും നമുക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കപ്പെടുമ്പോൾ വേദനിക്കുന്ന ചില ഹൃദയങ്ങൾ എങ്കിലും കാണാതിരിക്കുകയില്ല സങ്കീർത്തന ക്കാരൻ പറയുന്നതുപോലെ മനുഷ്യൻറെ ആയുസ്സ് എഴുപത് ഏറെ ആയാൽ എൺപതു .എന്നാൽ ഈ കാലഘട്ടങ്ങളിൽ 70 വയസ്സുവരെയോ  80 വയസ്സുവരെയോ ജീവിക്കുന്നത് ഏറ്റവും ദുസ്സഹമാണ് . മനുഷ്യന്റെ ശരാശരി ആയുസ്സ് 40നും 50നും ഇടയ്ക്ക് എന്നുള്ളതാണ് ദിനംപ്രതി നാം കേൾക്കുന്ന ഓരോ സംഭവങ്ങൾ കൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ജീവിതത്തിൽ കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഇല്ലാതെ സ്നേഹത്തിൽ സഹോദര്യത്തിൽ വർത്തിക്കുവാൻ എല്ലാവരെയും സർവ്വേശ്വരൻ ഇടയാക്കട്ടെ. നമുക്ക് പ്രിയരായ ചില ബന്ധങ്ങൾ അറ്റുപോയി അവർ നമ്മുടെ കണ്ണിനു മുമ്പിൽ നിന്ന് മറയുമ്പോൾ മാത്രമാണ് നമുക്ക് അവരെ എത്രമാത്രം പ്രിയം ആയിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്.. മനസ്സറിയാതെ ചെയ്തുപോകുന്ന നിസ്സാര തെറ്റുകൾകൊണ്ട് സൗഹൃദങ്ങളെ തച്ചുടയ്ക്ക്കുമ്പോൾ തെറ്റുകാർ എന്നു എന്നുവിധി എഴുതുമ്പോൾ മാപ്പ് പറയുവാനും യഥാസ്ഥാനപ്പെടുവാനും ഒരവസരം നമുക്കും കിട്ടുമോ എന്ന് ആർക്കറിയാം. ആകയാൽ ഈ വർഷാവസാനത്തിൽ എല്ലാ പ്രശ്നങ്ങളും  മറക്കാം ..ദീർഘയാത്രയിൽ തീർത്തും അവിചാരിതമായി കണ്ടുമുട്ടുന്ന സഹയാത്രികനോട് നാമെന്തിന് പരാതിപ്പെടണം എന്തിന് പിണങ്ങി ഇരിക്കണം .വേർപിരിയുവാൻ മാത്രമൊന്നിച്ചുകൂടി നാം വേദനകൾ പങ്കുവയ്ക്കുന്നൂ. ചിലർ നമ്മുടെ വേദനകൾ ഏറ്റുവാങ്ങുന്നു .ചിലർ നമുക്ക് കൈത്താങ്ങായി നിൽക്കുന്നു .എന്നാൽ ചിലർ നമ്മൾക്ക് വേദനകൾ നൽകുന്നു. നമ്മെ വേദനിപ്പിക്കുന്ന വരെയും നമ്മുടെ കണ്ണുകളെ തുടയ്ക്കുവാൻ കാലാകാലങ്ങളിൽ നമ്മോടുകൂടെ ചേരുന്നവരെയും എല്ലാം ഒരേ പോലെ ഒരേ കണ്ണിൽ കാണുവാൻ ഒരുപോലെ സ്നേഹിക്കുവാൻ സർവ്വേശ്വരൻ എല്ലാവരെയും സഹായിക്കട്ടെ .സമ്പൽസമൃദ്ധമായ ഒരു പുതുവർഷം എല്ലാവർക്കും ആശംസിച്ചു കൊണ്ട് നിർത്തുന്നു ക്രിസ്തുവിൽ നിങ്ങളുടെ എളിയ സഹോദരി

-ADVERTISEMENT-

-ADVERTISEMENT-

You might also like