ഭാവന:”ക്ലിയർ ചാറ്റ് ” | ഡോ .അജു തോമസ് ,സലാല

അവറാച്ചൻ ഉപദേശി ജോസിൻറെ വീട്ടിൽ വന്നപ്പോൾ നേരം വെളുക്കുന്നേ ഉള്ളായിരുന്നു …ദൂരെ നിന്നെ ഉപദേശിയെ കണ്ടത് കൊണ്ട് ജോസ് നേരത്തെ തന്നെ കതകു തുറന്നിരുന്നു..നീളൻ ജൂബ ഒക്കെ ധരിച്ചിരുന്ന ഉപദേശിക്കു ആകെ ഒരു മാറ്റം..സാധാരണ കൈയിൽ കറുത്ത ബൈൻഡ് ഇട്ട ഒരു ബൈബിൾ മാത്രമേ കാണുകയുള്ളു…എന്നാൽ ബൈബിളിനോളം വലുപ്പമുള്ള വേറെ എന്തോ ഒന്ന് കൂടി തൻറെ കയ്യിൽ ഇരിക്കുന്നത് കണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അത് സ്മാർട്ട് ഫോൺ ആണ് എന്ന് ജോസിന് മനസ്സിലായത് ..ഉപദേശിക്കും സ്മാർട്ട് ഫോണോ എന്ന് ചോദ്യം മനസ്സിൽ ആദ്യം വന്നുവെങ്കിലും ഉപദേശിക്കെന്താ സ്മാർട്ട് ഫോൺ ആയി കൂടെ എന്ന ചിന്ത ആ ചോദ്യത്തിന് ആവശ്യമായ ഉത്തരമായിരുന്നു …

“ആ ഉപദേശി , എന്നാ ഉണ്ട് വിശേഷം ”

“ഓ ഒന്നുമില്ല , ഇങ്ങനെ ഒക്കെ പോകുന്നു..മോനെ ”

“ഇരിക്ക് ഉപദേശി , എന്താ സ്മാർട്ട് ഫോൺ ഒക്കെ വാങ്ങിയോ ?”

“മോൻ ഇപ്രാവശ്യം വന്നപ്പോൾ തന്നതാ ….ഇത് വേറെ ഏതോ തരമാണ് …തൊട്ടാൽ മതി, വേണ്ട കാര്യങ്ങൾ ഒക്കെ ലഭിക്കും …ജോസേ സ്മാർട്ട് ഫോൺ വാങ്ങിയപ്പോൾ തന്നെ മോൻ അതിൽ എന്തൊക്കെയോ ഇട്ടു തന്നിട്ടുണ്ട്..whatsapp എന്നോ ആണെന്ന് തോന്നുന്നു അതിന്റെ പേര് …ഒരു രക്ഷയുമില്ല… എപ്പോഴും എന്തൊക്കെയോ ശബ്ദം കേട്ട് കൊണ്ടിരിക്കുകയാ…അതൊന്നു ശരിയാക്കി തന്നെ ”

ഇത്രയും പറഞ്ഞ ശേഷം ഉപദേശി ജോസിന്റെ കയിൽ ഫോൺ കൊടുത്തു..

WhatsApp ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ആത്മീയ ഗ്രൂപ്പായ ഗ്രൂപ്പുകളിൽ എല്ലാം തന്നെ ഉപദേശി അംഗമാണ് എന്ന് മനസ്സിലായി….

“ജോസേ ,നിനക്കും ഈ WhatsApp ഇല്ലേ ? നിൻറെ ഫോണിലും എപ്പോഴും ശബ്ദം കേട്ട് കൊണ്ടിരിക്കുകയാണോ ?”

“ഉപദേശി , WhatsApp -ൽ ഞാനും ഉണ്ട്… അതിൽ ആർക്കു വേണമെങ്കിലും ഗ്രൂപ്പുകൾ ഉണ്ടാക്കാം..എന്നിട്ടു കുറെ പേരെ ആഡ് ചെയ്യാം…അല്ലെങ്കിൽ ഗ്രൂപ്പ് ഇൻവിറ്റേഷൻ accept ചെയ്തു അംഗം ആകുകയും ചെയ്യാം..ഫോൺ വാങ്ങിയ സമയത്തു എന്നെ കുറെ പേര് ചില ആത്മീയ ഗ്രൂപ്പുകളിൽ ആഡ് ചെയ്തു , ഞാൻ കുറെ ഗ്രൂപ്പുകളിൽ അങ്ങോട്ട് ചെന്ന് ചേർന്നു …..ഇത് മാത്രമല്ല, നമുക്ക് പരിചയം ഉള്ള പല സുഹൃത്തുക്കളും രാവിലെ രാവിലെ ഓരോരുത്തരുടെയും പ്രസംഗങ്ങൾ അയച്ചു തന്നു കൊണ്ടിരിക്കുകയാ …..ചുരുക്കി പറഞ്ഞാൽ, ഫോൺ ഹാങ്ങ് ആകുകയാണ് ”

“ആഹാ , നീ അപ്പോൾ എന്ത് ചെയ്തു ജോസേ ??? എല്ലാ പ്രസംഗങ്ങളും കേൾക്കുമോ ??? നല്ലതല്ലേ എല്ലാം കേൾക്കുന്നത് ??? അപ്പോൾ എൻറെ പുതിയ ഫോണിലും ഈ പ്രസംഗങ്ങൾ ആണോ വരുന്നത് ??”

“അതെ ഉപദേശി , ഗ്രൂപ്പുകളിൽ ആണെങ്കിലും അല്ലാതെ ഉള്ള പേർസണൽ WhatsApp -ൽ ആണെങ്കിലും ഉപദേശിക്കു വരുന്നതെല്ലാം പ്രസംഗങ്ങൾ ആണ് …ആഹ് , കുറെ നാള് ഉപദേശി പ്രസംഗിച്ചതല്ലേ , ഇനി കുറച്ചു നാൾ പ്രസംഗം കേൾക്കൂ , ഹഹഹ …പിന്നെ എന്തിനും ഒരു പരിഹാരം ഉണ്ട് ഉപദേശി…ഇതിനു ഒറ്റ പരിഹാരമേ ഉള്ളു ”

“എന്താ മോനെ അത് ” …ഉപദേശിയിൽ ആകാംക്ഷ വർധിച്ചു വന്നു കൊണ്ടിരുന്നു..

“ക്ലിയർ ചാറ്റ് -ഇതാണ് പരിഹാരം ”

“എന്താടാ ,ഒന്നുടെ പറഞ്ഞേ ?”

“ഓ എൻറെ ഉപദേശി , ക്ലിയർ ചാറ്റ് ആണ് പരിഹാരം….അതായതു , ഇലയ്ക്കും മുള്ളിനും കേടില്ലാതെ രക്ഷപെടാൻ ഉള്ള പരിഹാരം ”

“നീ ഒന്ന് വിശദീകരിച്ചു പറ , നിന്നെ പോലെ ഫോണും കമ്പ്യൂട്ടറും ഒന്നും എനിക്കില്ല..ഇപ്പോൾ സ്മാർട്ട് ഫോൺ കിട്ടിയപ്പോൾ ആണ് ശരിക്കും പെട്ട് പോയത് ”

ജോസ് വിശദീകരിച്ചു തുടങ്ങി …..

അതെ ഉപദേശി , നമ്മളെ പരിചയം ഉള്ളവരും , ഇല്ലാത്തവരും നമുക്ക് ഓരോ മെസേജ് അയച്ചു തന്നു കൊണ്ടിരിക്കും….കൂടുതലും പ്രസംഗങ്ങൾ ഒക്കെ ആയിരിക്കും..ഗ്രൂപ്പിൽ അംഗം ആയാൽ പിന്നെ പറയുകയും വേണ്ട …വല്ല സ്ഥലത്തും നടന്ന ഏതേലും കൺവെൻഷനുകളുടെ നൂറുകണക്കിന് ഫോട്ടോസ് ഇട്ടു കൊണ്ടേ ഇരിക്കും….ഒന്നോ രണ്ടോ ഫോട്ടോ ഒക്കെ ആണേൽ കുഴപ്പമില്ല…ഇതങ്ങനെ അല്ല..പിന്നെ ആർക്കും വിഷമം ഇല്ലാത്ത ഒരു പരിഹാരമാണ് നേരത്തെ ഞാൻ പറഞ്ഞ ക്ലിയർ ചാറ്റ് ….നമുക്ക് ഇതെല്ലാം ഡെലീറ്റ് ചെയ്യാം .. ഗ്രൂപ്പുകളിൽ ആണെങ്കിൽ ക്ലിയർ ചാറ്റ് ഓപ്ഷൻ “മോർ ” എന്ന ഐക്കൺ ടച്ച് ചെയ്യുമ്പോൾ വരുന്ന ഡ്രോപ്പ് ഡൌൺ മെനുവിൽ ആദ്യമാണ്…പേർസണൽ WhatsApp -ൽ ആണേൽ “മോർ ” ടച്ച് ചെയ്യുമ്പോൾ വരുന്ന മെനുവിൽ അല്പം താഴെ ആണ് ക്ലിയർ ചാറ്റ് ഓപ്ഷൻ.ഗ്രൂപ്പിൽ കൂടുതൽ മെസ്സേജസ് വരുന്നത് കൊണ്ട് ഡിലീറ്റ് ചെയ്യാൻ എളുപ്പത്തിനായിരിക്കാം ക്ലിയർ ചാറ്റ് ആദ്യ ഓപ്ഷൻ ആയി കൊടുത്തിരിക്കുന്നത് , ഹഹ .”

എല്ലാം കേട്ടിരുന്ന ഉപദേശിക്കു കാര്യമായി ഒന്നും മനസ്സിലായില്ല എന്ന് ജോസിന് തോന്നി..

“മോനെ , എനിക്കൊന്നും മനസ്സിലായില്ല , നീ പറഞ്ഞതൊക്കെ ഈ ഫോണിൽ ചെയ്തിട്ട് എന്നെ ഒന്ന് പഠിപ്പിച്ചു താ ”

“ഉപദേശി , നമുക്ക് ഈ വരുന്ന പ്രസംഗങ്ങളും, മറ്റു വീഡിയോസും ഒക്കെ നമ്മുടെ ഫോണിൽ നിന്ന് കളയാം …”

പലവട്ടം ചെയ്തു കാണിച്ചു അവസാനം ഉപദേശി തന്നെ ക്ലിയർ ചാറ്റ് ചെയ്തു ..

“എന്നാലും എൻറെ മോനെ , എത്ര പ്രസംഗം ആണ് ഒരാൾക്ക് രാവിലെ കേൾക്കാൻ പറ്റുക ?? എല്ലാരും കൂടി ഇങ്ങനെ അയച്ചു കഴിഞ്ഞാൽ പിന്നെ എന്താ ചെയ്ക ?

” ഉപദേശി, ഗ്രൂപ്പിൽ അംഗം ആയിട്ടു പുറത്തു പോകാൻ ഒരു മടി , എന്നാൽ ഫോൺ ഹാങ്ങ് ആകുന്ന നിലയിൽ മെസ്സേജോടെ മെസ്സേജ്..ആർക്കും വിഷമം ഇല്ലാതെ ചെയ്യാൻ പറ്റുന്ന കാര്യമാണ് ക്ലിയർ ചാറ്റ് ”

“അതെ മോനെ , അമിതമായാൽ അമൃതും വിഷമാണ് ..ഇതാണ് പഠിക്കേണ്ടത് ”

“ഉപദേശി, നമ്മൾ ഇങ്ങനെ പറയുന്നു , ഞാൻ ഭാവന ഒക്കെ എഴുതുന്ന ഒരാൾ ആണ്..ക്ലിയർ ചാറ്റ് എന്ന പേരിൽ ഒരു ഭാവന എഴുതണം എന്നുണ്ട് ..എഴുതി കഴിഞ്ഞു ഏതെങ്കിലും ഓൺലൈൻ പത്രത്തിന് കൊടുത്താൽ അവരും ഗ്രൂപ്പുകളിൽ ആയിരിക്കും ഷെയർ ചെയ്യുക …അതും മറ്റുള്ളവർ ക്ലിയർ ചാറ്റ് ചെയ്തേക്കാം ..:) 🙂 🙂 🙂 ”

ഒരു ചെറു ചിരി മാത്രമായിരുന്നു ഉപദേശിയുടെ മറുപടി…”ക്ലിയർ ചാറ്റ്” ഭാവന തൻറെ ഫോണിൽ വന്നു കഴിയുമ്പോൾ ജോസിൻറെ സഹായം ഇല്ലാതെ തന്നെ ജോസ് എഴുതിയ “ക്ലിയർ ചാറ്റ് “എന്ന ഭാവന തനിക്കു ഡെലീറ്റ് ചെയ്യമെല്ലോ എന്ന ചിന്തയിൽ നിന്നാണ് ആ ചിരി വന്നത് .

അതെ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുന്ന വിദ്യ ഉപദേശിയും പഠിച്ചെടുത്തിരിക്കുന്നു ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.