ലേഖനം:കാലിത്തൊഴുത്തിലല്ല ഹൃദയത്തിൽ പിറക്കട്ടെ യേശു | ബിജു പി. സാമുവൽ,ബംഗാൾ

ടെലിവിഷനിൽ വന്ന ഒരു പരസ്യ വാചകം ഇങ്ങനെ?.. “ക്രിസ്തുമസ് ട്രീ, കേക്ക്, കാർഡ്, നക്ഷത്രം, സമ്മാനങ്ങൾ എന്നിവയില്ലാതെ നിങ്ങൾക്ക് ക്രിസ്തുമസിനെപ്പറ്റി ചിന്തിക്കാനാവുമോ?”. പരസ്യക്കാർ പ്രതീക്ഷിക്കുന്ന ഉത്തരം ‘ഇല്ല’ എന്ന് തന്നെയാണ്. ക്രിസ്തുമസ് കാലത്തെ ഏറ്റവും വലിയ താരമായി സാന്റാക്ലോസിനെ ആളുകൾ ഏറ്റെടുക്കുന്നു. ചിലർക്ക് ക്രിസ്തുമസ് എന്നാൽ വയറുനിറയെ മദ്യം കഴിച്ച് ഉല്ലസിക്കാനും, ഉന്മാദിക്കാനുമുള്ള സമയമാണ് . ഏറ്റവും ദു:ഖകരമായ വസ്തുത ഇന്നത്തെ ക്രിസ്തുമസിൽ നിന്ന് യേശുക്രിസ്തു പുറത്താക്കപ്പെട്ടിരിക്കുന്ന എന്നതാണ് .

ഭീകരത, ആഗോളതാപനം, ജലദൗർലഭ്യം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ചിലതാണ്. എന്നാൽ മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം എന്താണ്? ദൈവം തന്റെ സ്വരൂപത്തിലും സാദ്യശ്യത്തിലും നിർമ്മിച്ച മനുഷ്യൻ സൃഷ്ടാവായ ദൈവത്തിൽ നിന്നും അകന്നു . ദൈവത്തിൽ നിന്നും മനഃപൂർവ്വം അകന്ന മനുഷ്യൻ തിന്മയുടെ കൂത്തരങ്ങായി മാറി. അക്രമം, അരാജകത്വം, ആത്മഹത്യ, ലൈംഗിക വൈകൃതങ്ങൾ, സ്ത്രീപീഡനം, വിവാഹമോചനം ഒക്കെ അനുദിനം പെരുകുന്നു. “ദൈവത്തിന്റെ സ്വന്തം നാട്” എന്ന പുകൾപെറ്റ കേരളം മദ്യപാനത്തിന്റെയും ലഹരിയുടെയും കേന്ദ്രമായി മാറി കഴിഞ്ഞു. വിദ്യാർത്ഥികൾ അഭ്യസ്തവിദ്യരായ കിരാതന്മാരായി അധ:പതിക്കുന്നു . എങ്ങും അസ്വസ്തകൾ. സമ്പത്തും സൗഭാഗ്യങ്ങളും പ്രശസ്തിയുമുണ്ടെങ്കിലും അശാന്തിയും പേറി ചിരിക്കാതെ ഭീതിയോടെ നടക്കുന്ന മനഷ്യർ . താല്ക്കാലിക ആശ്വാസത്തിനായി മദ്യത്തിലേക്ക് തിരിയുന്നവർ കൂടുതൽ നാശത്തിലേക്ക് നിപതിക്കുന്നു .

മതങ്ങൾ, ആചാരാനുഷ്ടാനങ്ങൾ, തീർത്ഥയാത്രകൾ, പുണ്യകർമ്മങ്ങൾ, തത്വചിന്തകൾ ഒക്കെ മനുഷ്യന് സമാധാനം നല്കുന്നതിൽ പരാജയപ്പെട്ടുകഴിഞ്ഞു.

അവിടെയാണു യേശുക്രിസ്തുവിന്റെ പ്രാധാന്യം. ക്രിസ്തുവിന്റെ ജനന സമയത്തു ആട്ടിടയന്മാർക്ക് ദൂതൻ നൽകിയ സന്ദേശം ഇതാണ്. ” ഭയപ്പെടേണ്ട, സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോട്‌ അറിയിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു ” . സ്വർഗ്ഗീയ സൈന്യത്തിന്റെ പാട്ട് ശ്രദ്ധിക്കുക: “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം”. യേശുക്രിസ്തു വന്നത് ലോകത്തിന് മഹാസന്തോഷവും സമാധാനവും നല്ക്കാനാണ് .

കേരളത്തിൽ മനുഷ്യദൈവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു . എന്നാൽ ഇവിടെയിതാ, ദൈവമായ യേശുക്രിസ്തു മനുഷ്യനായി പിറന്നു, ഇമ്മാനുവേൽ, ദൈവം നമ്മോടു കൂടെ.

ഏറ്റവും സാധാരണ ജനനം യേശു തിരഞ്ഞെടുത്തു . മുപ്പത്തിമൂന്നര വർഷം ജീവിച്ച് ആളുകൾക്ക് നന്മ ചെയ്തു, ദു:ഖിതരെ ആശ്വസിപ്പിച്ചു , രോഗികളെ സൗഖ്യമാക്കി, മരിച്ചവരെ ഉയർപ്പിച്ചു, പിന്നെ മാനവരാശിയുടെ പാപപരിഹാരത്തിനായി ക്രൂശുമരണം വരിച്ചു . എന്നാൽ അത് അവസാനമായിരുന്നില്ല . മരണത്തെ ജയിച്ച് യേശു ഉയർത്തെഴുന്നേറ്റു . മരണത്തിനപ്പുറമുള്ള ജീവിതത്തെപ്പറ്റി ആളുകൾക്ക് പ്രത്യാശ നല്കുന്നത് യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പാണ് .

നെപ്പോളിയനും അലക്സാണ്ടറും സൈന്യശക്തിയാൽ കീഴടക്കിയ അവരുടെ സാമാജ്യങ്ങളൊക്കെ തകർന്നു . എന്നാൽ യേശുക്രിസ്തു തന്റെ സ്നേഹ വിപ്ലവത്താൽ ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്നു. ജനകോടികളിൽ യേശുക്രിസ്തു ഇന്നും പരിവർത്തനം നടത്തുന്നു… യേശു ഇന്നും ജീവിക്കുന്നു…!!!

ശാന്തിക്കുവേണ്ടി ഓടുന്ന മനുഷ്യാ, താങ്കളെ രക്ഷിച്ച്, താങ്കളുടെ ഹൃദയത്തിൽ ദൈവ സമാധാനം നിറച്ച് നിത്യജീവനിലേക്കു നയിക്കുവാൻ യേശു ആഗ്രഹിക്കുന്നു. മദ്യം കൊണ്ട് വയറും അശാന്തി കൊണ്ടു വീടും നിറക്കാതെ യേശുക്രിസ്തുവിനെക്കൊണ്ടു നിങ്ങളുടെ ഹൃദയം നിറയ്ക്കുക . താങ്കളുടെ ഹൃദയം യേശുവിനായി തുറന്നു കൊടുക്കുമോ? സമാധാന ദാതാവായ യേശു ക്രിസ്തുവിനെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുക.

ഈ ക്രിസ്തുമസ് നിങ്ങൾക്ക് വ്യത്യസ്തം ആകട്ടെ….

-Advertisement-

You might also like
Comments
Loading...