ക്രൈസ്തവ സഭ പ്രവര്‍ത്തിച്ചത് ഇന്ത്യയുടെ നവോത്ഥാനത്തിന്: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പ്രേഷിത പ്രവര്‍ത്തനത്തെക്കാളേറെ സമൂഹത്തിന്റെ നന്മയ്ക്കും നവോത്ഥാനത്തിനുമാണ് ഭാരതത്തിലെ ക്രൈസ്തവ സഭ പ്രവര്‍ത്തിച്ചതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ രാത്രി നടത്തിയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് ഇന്ത്യയിലെത്തി താമസിച്ചതു മുതല്‍ രണ്ടായിരം വര്‍ഷത്തിലേറെയായി ഇന്ത്യയിലുള്ളതാണ് ക്രൈസ്തവ സഭയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ കിട്ടിയ സന്തോഷവും സമാധാനവുമാണ് രാജ്യത്തിന് ഏറ്റവും ആവശ്യം. മറ്റുള്ളവരോട് ക്ഷമിക്കാനാണ് യേശു ക്രിസ്തു പഠിപ്പിച്ചത്. ഇന്ത്യയിലെ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന്, പ്രാദേശികമായ രീതികളെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ച് ഇന്ത്യയുടെ സഭയായി മാറാന്‍ ക്രൈസ്തവര്‍ക്കു കഴിഞ്ഞു. ക്രൈസ്തവ സഭ സ്ഥാപിച്ച വിദ്യാലയങ്ങളിലൂടെ പഠിച്ചുവളര്‍ന്ന കോടിക്കണക്കിന് ആളുകളും ആശുപത്രികളിലൂടെ സൗഖ്യം പ്രാപിച്ച ജനലക്ഷങ്ങളിലൂടെയുമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെ രാജ്യം കാണുന്നത്. അച്ചടക്കം, ആത്മസമര്‍പ്പണം എന്നിവയുടെ പ്രതിരൂപങ്ങളാണ് കത്തോലിക്ക വൈദികരും കന്യാസ്ത്രീകളും. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും പ്രണാബ് പറഞ്ഞു.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, സി.ബി.സി.ഐ വൈസ് പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍സന്റ് കോണ്‍സസാവോ പ്രാര്‍ത്ഥന നടത്തി. സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രിനാസ് സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജര്‍വിസ് ഡിസൂസ നന്ദിയും പറഞ്ഞു. ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, വത്തിക്കാന്‍ പ്രതിനിധി മോണ്‍. മിജ ലെസ്‌കോവര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, പ്രഫ. കെ.വി. തോമസ്, യേശുദാസ് ശീലം, ഡെറിക് ഒബ്രിയന്‍ എന്നിവരും വിവിധ മതവിഭാഗങ്ങളുടെയും ക്രൈസ്തവ സഭകളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like