ഫ്രാന്‍സിസ് മാർപ്പാപ്പ ആദ്യമായി യു‌.എ‌.ഇ സന്ദർശിക്കുന്നു

അബുദാബി: ഗള്‍ഫിലെ ക്രൈസ്തവ സമൂഹത്തിന് പുത്തന്‍ ഉണര്‍വേകാന്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി യു‌.എ‌.ഇയിലേക്ക്. 2019 ഫെബ്രുവരി മാസത്തില്‍ പാപ്പ സന്ദര്‍ശനം നടത്തുമെന്ന കാര്യം ഇന്നാണ് വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. യു‌.എ‌.ഇ വിദേശകാര്യ വകുപ്പ് മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദും സംഘവും നേരത്തെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ യു‌.എ‌.ഇയിലേക്ക് ക്ഷണിച്ചിരിന്നു. പാപ്പ യു‌.എ‌.ഇ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ അദ്ദേഹം സന്തോഷ പ്രകടനം നടത്തി. പാപ്പയുടെ സന്ദര്‍ശനം മതേതര സംവാദങ്ങള്‍ക്ക് സഹായിക്കുമെന്നും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി സംബന്ധമായി യു.എ.ഇയില്‍ വന്ന് വസിക്കുന്ന ലക്ഷക്കണക്കിനു ക്രൈസ്തവ വിശ്വാസികള്‍ക്ക് സന്തോഷവും, ഊര്‍ജവും പകരുന്നതാണ് മാര്‍പാപ്പ യു.എ.ഇ സന്ദര്‍ശനത്തിന്റെ വാര്‍ത്ത. പാപ്പയുടെ സന്ദര്‍ശനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണെന്ന്‍ മുസഫയിലെ സെന്‍റ് പോള്‍സ് ഇടവക വികാരി ഫാ. ആനി സേവ്യര്‍ പറഞ്ഞു.

ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വസിക്കുന്ന രാജ്യമാണ് യു.എ.ഇ. ക്രൈസ്തവ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി ഇവിടെ സര്‍ക്കാര്‍ തന്നെ പല സ്ഥലങ്ങളിലും ദേവാലയങ്ങള്‍ക്കുള്ള സ്ഥലം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 2007 മുതല്‍ വത്തിക്കാനും യു‌.എ‌.ഇയും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. 2010-ല്‍ യു‌.എ‌.ഇ ആദ്യത്തെ വനിതാ അംബാസിഡറെ വത്തിക്കാനില്‍ നിയമിച്ചിരിന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading