ഏറ്റവുമധികം വായിക്കപ്പെട്ട ബൈബിള്‍ വാക്യം ‘ഏശയ്യ 41:10’

ഒക്‌ലഹോമ: “ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യ 41:10). അമേരിക്കയിലും, ആഗോളതലത്തിലും ഏറ്റവുമധികം വായിക്കപ്പെടുകയും, പങ്കുവെക്കപ്പെടുകയും, ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്ത ബൈബിള്‍ വാക്യമിതാണെന്നാണ് ബൈബിള്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളായ യുവേര്‍ഷന്‍ പറയുന്നത്.

സമാധാനവും, ആത്മവിശ്വാസവും ആഗ്രഹിച്ച് ബൈബിളിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് യുവേര്‍ഷന്‍ ബൈബിള്‍ ആപ്പിന്റെ സ്ഥാപകനായ ബോബി ഗ്രൂയന്‍വാള്‍ഡ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. “ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പ്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും” (ജോഷ്വ 1:9) എന്ന ബൈബിള്‍ വാക്യമായിരുന്നു കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവുമധികം പ്രിയപ്പെട്ടത്.

ആഗോള സമൂഹത്തെ ബൈബിളുമായി കൂടുതല്‍ അടുപ്പിക്കുകയും, ബൈബിള്‍ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കപ്പെട്ട യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ്, 35 കോടിയോളം മൊബൈലുകളിലാണ് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം യുവേര്‍ഷന്‍ ബൈബിള്‍ ആപ്പിന്റെ ദിനംതോറുമുള്ള ഉപയോഗത്തില്‍ 27 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 2013-ല്‍ കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ബൈബിള്‍ ആപ്പിനും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like