ലേഖനം:മരണത്തിലൂടെ ക്രിസ്തുവിന്റെ സാക്ഷിയായി മാറിയ അപ്പോസ്തലൻ – ജോൺ ചോ | ബിബിൻ തങ്കച്ചൻ

ഒരുപക്ഷേ നമ്മളാരും ആസ്വധിക്കാത്ത രീതിയിൽ ജീവിതം ആസ്വദിച്ച ആളായിരിക്കണം അയാൾ! ഒരു 26 വയസുകാരന്റെ സ്വപ്നങ്ങൾ എന്തൊക്കെയായിരിക്കും? സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി പറന്നുയർന്ന ചെറുപ്പക്കാരനാണ് ഉച്ചസൂര്യന്റെ കൊടും ചൂടിൽ ചിറകറ്റ് വീണത്! അയാൾ അത് സ്വയം ഏറ്റു വാങ്ങിയ മരണം ആണോ? ആയിരിക്കാം.. വാഷിംഗ്‌ടൺ സ്വദേശിയാണ്. ഒക്കലോഹോമ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരി ആയിരുന്നു. സഹസികനായിരുന്നു അയാൾ! കുടുംബത്തിന്റെ ഭാഷയിൽ, “അവൻ ഒരു നല്ല സുഹൃത്ത് ആയിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു!” ഒരു ജോലിയും ഇല്ലാതെ, ജീവിക്കാൻ നിവൃത്തിയില്ലാതെ, സുവിശേഷം എന്ന് പറഞ്ഞിറങ്ങിയ ഒരു വിഡ്ഢിയല്ല രക്തസാക്ഷി ജോൺ ചോ! കുടുംബത്തിന്റെ വാക്കുകൾ കടമെടുത്താൽ, അയാൾ ഒരു അന്താരാഷ്ട്ര സോക്കർ പരിശീലകനായിരുന്നു, പർവ്വതാരോഹകൻ ആയിരുന്നു, ഒരു വൈൾഡർനെസ് എമേർജൻസി മെഡിക്കൽ ടേക്നിഷ്യനായിരുന്നു (WEMT), അഥവാ ഒറ്റപ്പെട്ട, അവഗണിക്കപ്പെട്ട സ്ഥലങ്ങളിൽ വൈദ്യസഹായം എത്തിക്കുന്ന വിദഗ്ധൻ. ഇതിനെല്ലാം മുൻപ്, അവർ ആദ്യം പറഞ്ഞത് അവൻ ഒരു സുവിശേഷകനാണെന്നായിരുന്നു!. ക്രിസ്തുവിനു കുടുംബം കൊടുക്കുന്ന ഒരു മുൻഗണന! സുവിശേഷം തലയ്ക്ക് പിടിച്ച ഒരു ഭ്രാന്തനായി ആ ചെറുപ്പക്കാരനെ ചിത്രീകരിക്കുന്നത് നിരാശാജനകമാണ്! 26 വയസിനുള്ളിൽ അയാൾ കീഴടിക്കിയത് മൗണ്ട് അൽപ്‌സും മൗണ്ട് ആഡംസും പോലുള്ള പർവത നിരകളായിരുന്നു..! മൗണ്ട് സസ്തയിലും സൗത്ത് ആഫ്രിക്കൻ പർവത നിരകളിലും അവൻ കാൽ ചവിട്ടിയിരുന്നു! ഗുഹകളിൽ അന്തി ഉറങ്ങിയിരുന്നു! ആകാശത്തെയും കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെയും നോക്കി കൺപോളകൾ താഴ്ത്തി വിശ്രമിക്കുന്നത് ഒരു ലഹരിയായി കണ്ട ചെറുപ്പക്കാരനായിരുന്നു ചോ! സുഹൃത്തുക്കളോടൊപ്പം വെള്ളപരവതാനി വിരിച്ച മഞ്ഞുലോകങ്ങൾ കീഴടക്കുന്നതിൽ ഊർജം കണ്ടെത്തിയിരുന്നു അയാൾ! പലതവണ പാമ്പ് കടി ഏറ്റിരുന്നു, ഇഷ്ട കായിക വിനോദമായ ഫുട്ബാൾ മത്സരത്തിനിടെ എല്ല് പൊട്ടി ആശുപത്രിയിൽ കിടന്നിരുന്നു, പൂർവാധികം ശക്തിയോടെ കളത്തിലിറങ്ങി കളിച്ചിരുന്നു ജോൺ ചോ! വാൻകോവർ സ്വദേശിയാണ്, വാഷിങ്ടണിലോ കാലിഫോണിയായിലോ ചോയുടെ കാൽ പതിയാത്ത സ്ഥലങ്ങൾ ഇല്ല! യാത്രയെ അത്രക്ക് സ്നേഹിക്കുന്ന സഞ്ചാരിയായിരുന്നു! ബൈക്ക് യാത്രകളും കയാക്കിങും സ്‌കൂബ ഡൈവിങ്ങും ഇഷ്ടപ്പെടുന്ന ആളായിരുന്നു! ഇഷ്ടഭക്ഷണം മൽസ്യമായിരുന്നു, അതും വേണ്ടുവോളം കഴിച്ച് ആസ്വദിക്കുന്നവനായിരുന്നു! അയാൾ ഇന്ത്യയെ സ്നേഹിച്ചവനായിരുന്നു! പുലർകാല കേരളത്തിന്റെ സൂര്യരശ്മികളെ ആർദ്രതയോടെ അനുഭവിച്ചിട്ടുണ്ട് ജോൺ ചോ! നമ്മുടെ കൊച്ചി-കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലിരുന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ആസ്വദിച്ചിട്ടുണ്ട് ജോൺ ചോ! ഇന്ത്യൻ റോഡുകളുടെ സുഖം നമ്മുടെ ഓട്ടോറിക്ഷയിൽ ഇരുന്ന് അനുഭവിച്ചിട്ടുണ്ട്! വാഗമണ്ണിലെ മുട്ടക്കുന്നുകളിലെ കാറ്റിനും പൈൻമരക്കടുകൾക്കും ജോണ് ചോയെപ്പറ്റി ഒരുപാട് പറയാനുണ്ടാകും! 26 വയസിനുള്ളിൽ ജീവിതം ഇത്രമേൽ ആസ്വദിച്ച ആരുണ്ടാകും ഈ ലോകത്തിൽ? ഇതൊക്കെ ദൈവം അവന് നൽകിയ ബോണസ് സമ്മാനങ്ങൾ ആയിരുന്നോ? അറിയില്ല

 

ഇനി മറ്റൊരു ജോൺ ചോയെ പരിചയപ്പെടുത്താം! മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും ക്രിസ്തുവിനു നന്ദി പറയുന്ന ഒരു ജോൺ ചോ! സുവിശേഷത്തെ സ്നേഹിച്ച ഒരു ജോൺ ചോ! ഉള്ളിൽ കളങ്കമില്ലാത്ത ക്രിസ്തുവിന്റെ സ്നേഹം ആവാഹിച്ച ജോൺ ചോ! ഇതിൽ എല്ലാറ്റിനും മുകളിൽ “ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും” എന്ന് ഹൃദയത്തിന്റെ ഉള്ളറകളിലെ കൽഭിത്തികളിൽ സുവർണ തൂലികയിൽ കോറി വച്ചിരുന്ന ജോൺ ചോ!

ഈ നടത്തുന്നതും നയിക്കുന്നതിനും ക്രിസ്തുവിന്റെ സ്നേഹമാണെന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്ന ചോ.

ആൻഡമാൻ നിക്കോബാർ ദ്വീപ്കളെപ്പറ്റിയോ, സെന്റലീസ് എന്ന ഗോത്രവർഗ്ഗക്കാരെ പറ്റിയോ ഒട്ടും അറിവില്ലാത്തവൻ ആയിരുന്നില്ല ജോൺ അലൻ ചോ. ഇതിനു മുൻപ് മൂന്നോ നാലോ തവണ ചോ ആൻഡമാൻ സന്ദർശിച്ചിട്ടുണ്ട്! ആ സമയങ്ങളിൽ സെന്റലീസ് ദ്വീപും അവിടുത്തെ ഗോത്രവും ഗോത്രവർഗ്ഗക്കാരുമൊക്കെ അയാൾ പഠന വിധേയമാക്കിയിരുന്നിരിക്കണം. 60,000 വർഷമായി പുറം ലോകമായി ബന്ധമില്ലാത്ത പ്രീ-നിയോതാലിക് വംശമാണ് അവർ എന്ന് ചോയ്ക്ക് അറിയാമായിരുന്നു എന്ന് സാരം!. അവിടെ പോയിട്ടുള്ളവർ ജീവനോടെ മടങ്ങി വന്നിട്ടില്ല എന്നും ചോയ്ക്ക് അറിയാമായിരുന്നു. ആ ദ്വീപിൽ പോകുന്നതോ അവിടെയുള്ള ചിത്രങ്ങൾ പകർത്തുന്നതോ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ആണെന്നും ജോൺ ചോയ്ക്ക് അറിയാമായിരുന്നു. അവിടെയുള്ള ആളുകൾ എത്രത്തോളം പ്രാകൃതർ ആണെന്ന് ഉത്തമ ബോധ്യം ചോയ്ക്ക് ഉണ്ടായിരുന്നു. പച്ചമാംസം ഭക്ഷിക്കുന്ന, അമ്പും വില്ലുമായി ശത്രുക്കളെ നേരിടുന്ന, ദയയുടെ കണികപോലുമില്ലാത്ത, അവിടേക്ക് എത്തുന്നവരെല്ലാം തങ്ങളുടെ ശത്രുക്കൾ ആണെന്ന് വിശ്വസിക്കുന്ന, തങ്ങൾ മനുഷ്യരാണെന്ന്പോലും മനസിലാക്കാൻ സാധിക്കാത്ത ഒരു കൂട്ടം ആളുകളുടെ ആവാസ കേന്ദ്രമാണ് സെന്റലീസ് ദ്വീപ് എന്ന് ചോ മനസിലാക്കിയിരുന്നു. “ഗുരോ, അങ്ങയെ പറ്റി ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ആളുകളുള്ള, പിശാചിന്റെ ഏറ്റവും വലിയ സ്വാധീനസ്ഥലമാണോ ഈ ദ്വീപ്?” പുറപ്പെടുന്നതിനു മുൻപ് ചോ സ്വന്തം ഡയറിയിൽ കുറിച്ച വാക്കുകൾ!. ക്രിസ്തുവിന്റെ ആ വലിയ സ്നേഹം അയാളെ അവിടേക്ക്‌ പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല എന്നുവേണം മനസിലാക്കാൻ. ക്രിസ്തുവിനെപ്പറ്റി അവരോട് പറയുക, മനുഷ്യജീവിതം മനസിലാക്കികൊടുക്കുക എന്നതൊക്കെ ആയിരുന്നിരിക്കണം ആ ചെറുപ്പക്കാരന്റെ ലക്ഷ്യം. ദ്വീപിലെ ആളുകളോട് ചോ ആദ്യം പറഞ്ഞത് “എന്റെ പേര് ജോണെന്നാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, അതുപോലെ ക്രിസ്തുവും നിങ്ങളെ സ്നേഹിക്കുന്നു” എന്നാണ്. മരണത്തിലേക്ക് നടക്കുന്നതിന് മുൻപ് അവസാനം ചോ കുറിച്ചത് ഈ വാക്കുകളാണ് “നിങ്ങൾ കരുതുന്നുണ്ടാകും എനിക്ക് കിറുക്കാണെന്ന്, പക്ഷെ ഞാൻ കരുതുന്നത് ഇവരോട് സുവിശേഷം പറയുന്നത് എനിക്ക് ലാഭകരം എന്നാണ്”. മെലിത്ത ദ്വീപിലേക്ക് രക്ഷപെട്ട പൗലോസിനോട് അവിടുത്തെ ബർബരന്മാർ കാട്ടിയ ആ അസാധാരണ ദയ ജോൺ ചോയ്ക്ക് അവിടെ ലഭിച്ചില്ല! ആദ്യ അമ്പ് തറച്ചത് വേദപുസ്തകത്തിലും അടുത്ത തവണ അത് ശരീരത്തിലുമായി. എന്നിട്ടും എഴുന്നേറ്റ് നടന്ന ചോയുടെ മരണം ഉറപ്പാക്കാൻ അവർ കഴുത്തിൽ എന്തോ വള്ളികൾ കെട്ടി കടൽത്തീരത്ത്കൂടെ വലിച്ചിഴച്ചു!. പുഞ്ചിരിക്കുന്ന മുഖവും സന്തോഷിക്കുന്ന ഹൃദയവും ചോയ്ക്ക് ഉണ്ടായിരുന്നിരിക്കണം ആ സമയം! എതിരേൽക്കാൻ വരുന്ന ദൂതന്മാരുടെ കൈപിടിച്ച് പറക്കാൻ തുടങ്ങുന്നതിനു മുൻപും ചോയുടെ ഹൃദയം മന്ത്രിച്ചത് ദ്വീപ് നിവാസികൾ ക്രിസ്തുവിനെ അറിയണം എന്നുമാത്രമായിരിക്കും. ഒരുപക്ഷേ ഈ ദ്വീപിനെപ്പറ്റി ലോകം കൂടുതൽ അറിയാൻ ദൈവം ഉപയോഗിച്ച ഒരു മധ്യമമാകാം ജോൺ അലൻ ചോ! ഇപ്പോൾ ലോക ക്രിസ്തീയ സമൂഹം സെന്റലീസ് ദ്വീപിനെപ്പറ്റി കേട്ട് പ്രാർത്ഥിക്കാൻ തുടങ്ങിയിരിക്കുന്നു. അതു തന്നെയായിരുന്നു ജോൺ ചോയ്ക്കും വേണ്ടിയിരുന്നത്, അതുകൊണ്ടാണ് ചോ “എന്നെ വധിക്കാൻ ദ്വീപ് നിവാസികൾ ശ്രമിക്കുകയും അവർ അതിൽ വിജയിക്കുകയും ചെയ്താൽ അവരോട് ക്ഷമിക്കണം” എന്ന് പറഞ്ഞുവച്ചിട്ട് പോയത്.  മരിക്കുന്നത് ലാഭം എന്ന പൗലോസിന്റെ വാക്കുകളെ പൂർണ അർത്ഥത്തിൽ ഉൾക്കൊണ്ട ആളാണ് ചോ! ഒരുപക്ഷേ സുവിശേഷം അറിയിക്കുന്നതിൽ പൗലോസ് ആയിരുന്നിരിക്കണം ചോയുടെ ഹീറോ! കഷ്ടതയ്ക്കോ പട്ടിണിക്കോ ഉപദ്രവത്തിനോ സങ്കടത്തിനോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ വിഷം നിറച്ച അമ്പുകൾക്കോ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ചോയെ പിന്തിരിപ്പിക്കാൻ കഴിയുമായിരുന്നില്ല! മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ചോയെ ആ സ്നേഹത്തിന്റെ വലയത്തിന് പുറത്തെത്തിക്കാൻ കഴിയുമായിരുന്നില്ല!. അതേ, യഹൂദന്മാരാൽ ഒന്ന് കുറയെ നാല്പത് അടി അഞ്ചു തവണ കൊണ്ട, കല്ലേറ് കൊണ്ട, നദികളിലെ ആപത്തും കള്ളന്മാരാളുള്ള ആപത്തും ജാതികളാലുള്ള ആപത്തും, ഏറ്റവും ഒടുവിൽ ചോ തിരഞ്ഞെടുത്തത് പോലെയുള്ള കാട്ടിലെയും കടലിലെയും ആപത്തും പട്ടിണിയും നഗ്നതയും ദാഹവും ഉറക്കിളപ്പുമൊക്കെ ക്രിസ്തുവിന്റെ സ്നേഹത്തിന് മുൻപിൽ ഛേദം എന്ന് കരുതിയ പൗലോസ് തന്നെയായിരുന്നിരിക്കണം ജോൺ ചോയുടെ ഹീറോ! ക്രിസ്തുവിന്റെ അപ്പോസ്തലനായിരുന്നു ചോ എന്ന ആർഥശങ്കയ്ക്ക് വകയില്ലാതെ പറയാം!

“ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ അങ്ങേയ്ക്ക് വേണ്ടി ഒരുപാട് പ്രയോജനപ്പെടും എന്നെനിക്ക് നന്നായി അറിയാം, എങ്കിലും പിതാവേ എന്റെ ഇഷ്ടമല്ല, എനിക് എന്ത് സംഭവിക്കുകയാണെങ്കിലും അത് അങ്ങയുടെ നാമമഹത്വത്തിനായി മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു” – ജോൺ ചോയുടെ വാക്കുകൾ.

ജോണിനെ കൊന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നു എന്ന് കുടുംബം പറഞ്ഞെങ്കിൽ അത് ജോണിലൂടെ ഒഴുകിയ ക്രിസ്തുവിന്റെ സ്നേഹം കുടുംബത്തിലെ എല്ലാവരെയും വരിഞ്ഞ് മുറുക്കിയിട്ടായിരിക്കണം! അല്ലാതെ എങ്ങനെ സാധിക്കും!

 

ഇന്ത്യൻ കാടുകളിൽ ബർബരന്മാരായി ജീവിച്ചിരുന്ന വലിയ ഒരു ജനസമൂഹത്തെ ആധുനികതയുടെ വെള്ളി വെളിച്ചം കാട്ടി മനുഷ്യ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഷ്ടപ്പെട്ടു അംഗഭംഗമോ ജീവഹാനിയോ സംഭവിച്ച് ക്രിസ്തു സ്നേഹത്തിന് വേണ്ടി എരിഞ്ഞടങ്ങിയ ഒരു കൂട്ടം സുവിശേഷകരുടെ ഏറ്റവും ഒടുവിലെ പ്രതിനിധിയായി ജോൺ അലൻ ചോ ഇപ്പോൾ നിത്യതയിൽ വിശ്രമിയ്ക്കുന്നുണ്ടാകും!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.