ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ മുതല്‍ ന്യൂഡല്‍ഹി ശക്തമായ പുകമഞ്ഞിന്റെ പിടിയില്‍. ഇതോടെ അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയില്‍ ഉയര്‍ന്നു. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് ഉയര്‍ന്നു.

തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച് ശനിയാഴ്ച തന്നെ പ്രവചിച്ചിരുന്നു. എക്യുഐ തോതില്‍ 0 മുതല്‍ 50 വരെ നല്ലത്, 51-100 തൃപ്തികരം, 101-200 തീക്ഷ്ണത കുറഞ്ഞത്, 201-300 മോശം, 301-400 വളരെ മോശം, 401-500 അസഹനീയം എന്നിങ്ങനെയാണു കണക്ക്. അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി. പുറത്തേക്കു പോകുന്ന സമയങ്ങളില്‍ മാസ്‌കുകള്‍ ധരിക്കുന്നതിനു കര്‍ശന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്.

എന്‍സിആര്‍ മേഖലയിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു നെല്ലിക്ക വിതരണവും നടത്തുന്നുണ്ട്. മലിനീകരണം ശ്വാസകോശത്തെ ബാധിക്കുന്നത് ഇതിലൂടെ തടയാനാകുമെന്ന വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധന നവംബര്‍ പത്തുവരെ കര്‍ശനമാക്കാന്‍ ട്രാഫിക് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖനനം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.