ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ ഇനി ഇന്ത്യയിൽ; സ്റ്റാച്ച്‌യു ഓഫ് യുണീറ്റി രാജ്യത്തിന് സമർപ്പിച്ചു

ദില്ലി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്‌യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. 182 മീറ്ററാണ് പട്ടേല്‍ പ്രതിമയുടെ ഉയരം. 177 അടി ഉയരമുള്ള ചൈനയിലെ സ്ര്പീംഗ് ടെമ്ബിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ രണ്ട് മടങ്ങ് ഉയരമാണ് പട്ടേല്‍ പ്രതിമയ്ക്ക്.

എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. പട്ടേല്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. ഇത്തരമൊരു പ്രതിമയെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ താന്‍ മുഖ്യമന്ത്രിമാത്രമായിരുന്നു, പ്രധാനമന്ത്രിയാകുമെന്നോ പട്ടേല്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിക്കുമെന്നോ കരുതിയില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നര്‍മദാ നദി തീരത്തുള്ള മാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തിലാണ് സ്റ്റാച്ചു ഓഫ് യുണിറ്റി അനാച്ഛാദനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. 2989 കോടി രൂപയാണ് പ്രതിമാ നിര്‍മാണത്തിനായി ചിലവഴിച്ചതെന്നാണ് കണക്കുകള്‍.

പത്മഭൂഷണ്‍ പുരസ്കാര ജേതാവായ ശില്‍പ്പി റാം വി സുതാറാണ് പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിര്‍മാണം എല്‍ ആന്‍ഡ് ടിയും. ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്ന് 3.32 കിലോമീറ്ററോളം അകലെയാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. പ്രതിമയോടൊപ്പം സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്.

അതേസമയം വലിയ പ്രതിഷേധങ്ങളാണ് അഹമ്മദാബാദിലെ കര്‍ഷകരും ഗോത്രസമൂഹവും ഉയര്‍ത്തുന്നത്. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥലം കൈയ്യേറിയാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധം അടിച്ചമര്‍ത്താനായി ട്രൈബല്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.