ലേഖനം: സ്ത്രീസമത്വം: ചില ദൈവശാസ്ത്ര നിലപാടുകൾ | ജോസ്ഫിൻ രാജ്‌ എസ്. ബി

ആമുഖം

സ്ത്രീശാക്തീകരണം ഒരുവശത്തും സ്ത്രീപീഡനങ്ങൾ മറുഭാഗത്തും ഒരുപോലെ ഉയർന്നുവരുന്ന പ്രശ്നസങ്കീർണ്ണമായ ഈ പശ്ചാത്തലത്തിൽ ക്രൈസ്തവസഭയ്ക്ക് തിരുവചന അടിസ്ഥാനത്തിൽ ഒരു ദൈവശാസ്ത്ര നിർമ്മാണത്തിന് മുതിരുകയാണ് ലേഖകൻ ഇവിടെ.

  1. പശ്ചാത്തലം

ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിച്ച കേരളക്കര, ചില സുപ്രധാന സുപ്രീം കോടതി വിധികളിലൂടെ പരസ്പരം അടരാടി വിഘടിച്ച് പോരാടുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്. നവമാധ്യമങ്ങൾ ഇവയെ കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്നു. # me too ക്യാമ്പയിനുകൾ ചെറുതല്ലാത്ത പ്രത്യാഘാതങ്ങളാണ് വ്യാവസായിക, രാഷ്ട്രീയ, സിനിമ, ലോകങ്ങളിൽ ഉണ്ടാക്കുന്നത്. താരാധിപത്യം ആൺ മേൽക്കോയ്മയും നിലനിന്നിരുന്ന സിനിമാമേഖലയിൽ നൂതനമായ ഒരു പെൺകൂട്ടായ്മ ഉടലെടുക്കുകയുണ്ടായി-  ‘ഇരയോടൊപ്പം’.  ഒരു ക്രൈസ്തവ പുരോഹിത പ്രമുഖന്റെ  പീഡനം തുറന്നുകാട്ടാനും എതിർക്കാനും കന്യാസ്ത്രീകൾ തന്നെ മുന്നോട്ടു വരികയുണ്ടായി.  പ്രത്യേക പ്രായപരിധിയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് ശബരിമല ക്ഷേത്രപ്രവേശന 1991 ലെ ഹൈക്കോടതി വിധി സുപ്രീംകോടതി എടുത്തുകളഞ്ഞതിലൂടെ ഭരണഘടന അനുശാസിക്കുന്ന ലിംഗ സമത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഒന്നുകൂടെ അരക്കിട്ടുറപ്പിക്കുകയായിരുന്നു. നിരോധനമോ നിർബന്ധമോ കൂടാതെ ക്ഷേത്രത്തിൽ (മത പരിപാടികളിൽ) പോകാൻ എന്നപോലെ പോകാതിരിക്കാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു!

  1. ദൈവശാസ്ത്ര നിലപാടുകൾ

ഈയൊരു പശ്ചാത്തലത്തിൽ ദൈവശാസ്ത്ര വെളിച്ചത്തിൽ സ്ത്രീ സമത്വത്തെയും ലിംഗ വിവേചനത്തിനെതിരെയും ശബ്ദിക്കാൻ ശ്രമിക്കുകയാണ് ഇവിടെ.

  1. സൃഷ്ടി സമത്വം

എബ്രായ ചിന്താധാര ആൺ മേൽക്കോയ്മ ഉള്ളതാണെങ്കിലും മനുഷ്യ സൃഷ്ടിയെ കുറിച്ചുള്ള പ്രഥമ പരാമർശം ദൈവസൃഷ്ടി സമത്വസുന്ദര എന്നുള്ളതാണ്.  ഉല്പത്തി 1: 27ല്‍‌ “ഇങ്ങനെ ദൈവം…ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.  ഈ പ്രസ്താവനക്ക് ശേഷമാണ് രണ്ടാമധ്യായത്തിൽ പുരുഷനിൽനിന്ന് സ്ത്രീയെ സൃഷ്ടിച്ചുവെന്ന് വിശദീകരണം നൽകുന്നത് (ഉല്പത്തി 2:7, 21-24). ഇതിൻറെ അർത്ഥം ദൈവ സൃഷ്ടിയിൽ ആൺ-പെൺ വ്യത്യാസമില്ലാതെ തുല്യ പ്രാധാന്യം നൽകുന്നതായി വിവക്ഷിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ സൃഷ്ടിയിൽ ഉണ്ടായിരുന്ന സമത്വം നഷ്ടമായത് എങ്ങനെയാണ്?

  1. നഷ്ട സമത്വം

ഈ സൃഷ്ടി സമത്വം പാപത്തിന്റെ വേലിയേറ്റത്തിൽ ഒലിച്ചുപോയി.  പരസ്പര കുറ്റപ്പെടുത്തലുകളും ദൈവാശ്രയം നഷ്ടപ്പെടുത്തലുകളും അസമത്വത്തിന് ആക്കംകൂട്ടി. പരസ്പരപൂരകം ആണെന്ന തിരിച്ചറിവ് നഷ്ടമാക്കി തൻറെ അധികാരം അവളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമായി പിന്നെ. ദൈവാരാധനയും അത്തരത്തിലുള്ള ലിംഗവിവേചനം മുഴച്ചുനിന്നു (ലേവ്യപുസ്തകം ശ്രദ്ധിക്കുക)  നിയമനിർമ്മാണങ്ങളും പൊളിച്ചെഴുത്തുകളും നടത്തിയെങ്കിലും ഇവയൊന്നും ഇതുവരെ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും ഒരു ശാശ്വതപരിഹാരം വരുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയായ്‌ നിലനിൽക്കുകയാണ്.

  1. ക്രിസ്തു സമത്വം

നഷ്ടമാക്കിയ സൃഷ്ടി സമത്വത്തെ അതിന് ഏറ്റവും ഉന്നത തലത്തിൽ തന്നെ ക്രിസ്തുവിലൂടെ നാം തിരിച്ചുപിടിക്കുകയാണ് ചെയ്തത്.     ഗലാത്യർ 3 :28  ക്രിസ്തുവിൽ യഹൂദരും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങളെല്ലാവരും  ക്രിസ്തുവിൽ ഒന്നത്രേ  എന്നെഴുതിയിരിക്കുന്നത് ക്രിസ്തുവിൽ യാതൊരു ഉച്ചനീചത്വങ്ങളോ അസമത്വങ്ങളും വച്ചുപൊറുപ്പിക്കില്ല എന്ന അർത്ഥത്തിലാണ്. എല്ലാവരും ക്രിസ്തുവിൽ ഒന്ന് എന്ന ദർശനം ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ വിലക്കുകയല്ല മറിച്ച് പുതിയ മാനങ്ങൾ നൽകുകയാണ് ചെയ്തിരിക്കുന്നത്. ക്രിസ്തുവിലൂടെ ലഭിച്ച സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവയ്ക്കാനാവില്ല അടിയറവ് വയ്ക്കേണ്ടതും അല്ല. ക്രിസ്തുവാകുന്ന പുരുഷന് മണവാട്ടിയായ സഭയക്കുമേൽ (സ്ത്രീലിംഗ പരാമർശം) പുരുഷ-സ്ത്രീ വ്യത്യാസം കൂടാതെ പിടിച്ച കൊടി സ്നേഹത്തിന്റേയും സമത്വത്തിന്റെയും ആണെങ്കിൽ നാം പരസ്പരം പൂരകങ്ങളാണ് എന്ന തിരിച്ചറിവ് ക്രിസ്തുദർശനം ലഭിച്ച സഭയെ പഠിപ്പിക്കുന്നു.

ഉപസംഹാരം

സ്ത്രീകൾക്കെതിരെ പീഡന പരമ്പരകൾ ഉയർന്ന പശ്ചാത്തലത്തിൽ ക്രൈസ്തവസഭ കൈക്കൊള്ളേണ്ട ദൈവശാസ്ത്രം സ്ത്രീ വിരുദ്ധമോ പുരുഷ വിരുദ്ധമോ ആകാതെ സമത്വതയ്ക്കും സ്നേഹത്തിനും മുൻതൂക്കം കൊടുത്തു കൊണ്ട് ക്രിസ്തു നൽകിയ സ്വാതന്ത്ര്യത്തിലേക്ക് ലിംഗ വ്യത്യാസമന്യേ ഏവർക്കും മുന്നേറാനുള്ള മാർഗ്ഗദർശിയായി മാറട്ടെ ഈ നിലപാടുകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.