ക്രൈസ്തവ പീഡനത്തെ പ്രതിപാദിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് പോളണ്ടും ഹംഗറിയും

ബ്രസല്‍സ്: സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണച്ചും ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും നേരെ നടക്കുന്ന മതപീഡനത്തെ പ്രതിപാദിക്കാതെയും മൗലീകാവകാശങ്ങളെ കുറിച്ചു യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് പോളണ്ടും ഹംഗറിയും രംഗത്ത്. വാര്‍ഷിക റിപ്പോര്‍ട്ട് ഔദ്യോഗികമായി അംഗീകരിക്കപ്പെടില്ലെന്നാണ് സൂചനകള്‍. പോളണ്ട്, ഹംഗറി എന്നീ അംഗരാഷ്ട്രങ്ങള്‍ ഈ റിപ്പോര്‍ട്ടിനെതിരെ തങ്ങളുടെ നിഷേധാധികാരം ഉപയോഗിക്കും എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോളണ്ടാണ് റിപ്പോര്‍ട്ടിനെതിരെ ആദ്യമായി രംഗത്ത് വന്നത്.

തന്റെ രാഷ്ട്രം ഈ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ലെന്ന് പോളണ്ടിലെ നീതിന്യായ വകുപ്പ് മന്ത്രിയായ സിബിഗ്നീവ് സിയോബ്രോ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. ഇതോടു കൂടി 2010-മുതല്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മൗലീകാവകാശങ്ങളെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ ചാര്‍ട്ടറിന്റെ പുതുക്കല്‍ അവതാളത്തിലായി. ചാര്‍ട്ടറിന്റെ 2017-ലെ പതിപ്പ് അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പായികഴിഞ്ഞു. ചെറിയ ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തികളാണ് പിന്നീട് വലിയ അക്രമങ്ങളായി മാറുന്നതെന്ന് സിയാബ്രോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

ബ്രസല്‍സിലെ ദേവാലയത്തില്‍ നിന്നും വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരികെ വരികയായിരുന്ന ക്രിസ്ത്യന്‍ യുവതിയെ മര്‍ദ്ദിച്ച കാര്യവും, കുരിശു മാല ധരിച്ചതിന് ബെര്‍ലിനില്‍ ക്രൈസ്തവ വിശ്വസിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന കാര്യവും സിയാബ്രോ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിലും, സ്വീഡനിലും ദേവാലയങ്ങളും സിനഗോഗുകളും ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പോളണ്ടിനു പിറകെ ഹംഗറിയും ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. ഹംഗറിയുടെ നിലപാടിനെ പോളിഷ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. യൂറോപ്പിലും, ആഗോളതലത്തിലും ക്രിസ്ത്യന്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കല്ല എന്നാണു ഹംഗറിയുടെ നിലപാടിനെ കുറിച്ച് പോളണ്ട് പറഞ്ഞത്. ക്രൈസ്തവര്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന രാജ്യങ്ങളാണ് പോളണ്ടും ഹംഗറിയും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.