സുവിശേഷത്തിനായി സര്‍വ്വതും ത്യജിച്ചവരാണ് വിശുദ്ധര്‍: ഫ്രാന്‍സിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: യാതൊരു മടിയും കൂടാതെ ദൈവവചനം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും, സ്വജീവന്‍ പോലും പണയം വെച്ചു കൊണ്ട് സുവിശേഷം പ്രചരിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ചവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചനം ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയതാണെന്ന സുവിശേഷ വാക്യം (എബ്രാ: 4:12) ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്.

മര്‍ക്കോസിന്റെ സുവിശേഷം 10:17-ല്‍ “നിത്യജീവന്‍ പ്രാപിക്കുവാന്‍ ഞാനെന്തു ചെയ്യണം?” എന്ന് യേശുവിനോട് ചോദിച്ച മനുഷ്യനെപോലെയാണ് നാമെല്ലാവരും. നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്ക് നല്‍കിയ ശേഷം എന്നെ അനുഗമിക്കുവാനാണ് യേശു അവനോടു പറഞ്ഞത്. പണമോ സമ്പത്തോ അല്ല യേശു ഇതുകൊണ്ട് അര്‍ത്ഥമാക്കിയത്. നമ്മുടെ ഹൃദയത്തിന്റെ ഭാരം ഇറക്കിവെച്ച്, ദൈവത്തെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ തക്കവണ്ണം ഹൃദയത്തെ ശൂന്യമാക്കുവാനാണ് യേശു ഉദ്ദേശിച്ചത്. നമ്മുടെ ജീവന്റെ തന്നെ അര്‍ത്ഥമായ ദൈവത്തെ യേശുവിലൂടെ അന്വേഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

നമ്മുടെ ഹൃദയം കാന്തം പോലെയാണ്, സ്നേഹത്താല്‍ അത് ആകര്‍ഷിക്കപ്പെടുന്നു. എന്തിലാണ് ആകര്‍ഷിക്കേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കണം. ദൈവത്തെ സ്നേഹിക്കണോ? അതോ ഭൗതീക സുഖസമ്പത്തിനെ സ്നേഹിക്കണോ? എന്തിനെയാണ് സ്നേഹിക്കേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കണം. സുവിശേഷം പ്രഘോഷിക്കുന്നതിന് വിഘാതമായ എല്ലാത്തിനേയും നമുക്ക് ഉപേക്ഷിക്കാം. നമ്മുടെ പ്രേഷിത ദൗത്യത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ഭൗതീകതയുമായി നമ്മെ ബന്ധിപ്പിക്കുന്ന ആ ചരട് നമുക്ക് പൊട്ടിക്കാം. ഒരു ബന്ധനവുമില്ലാതെ സ്വതന്ത്രമായി ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയത്തിന് ഇന്ന് ഏറ്റവും അധികം ആവശ്യമായിട്ടുള്ള ‘ആനന്ദം’ പ്രചരിപ്പിക്കുവാന്‍ കഴിയും. എല്ലാത്തിന്റേയും ഉറവിടമായ ആ ആനന്ദത്തിലേക്കാണ് ഇന്ന് യേശു നമ്മെ വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.