ലേഖനം:”ദൈവഭക്തനായ പടയാളി” | പാസ്റ്റർ ജോൺ കോന്നി

അപ്പൊസ്തല പ്രവര്‍ത്തി 10: 1- 8

post watermark60x60

അപ്പൊസ്തല പ്രവര്‍ത്തി പത്താം അദ്ധ്യായം അനേക വ്യക്തികളെക്കുറിച്ച് പരാമര്‍ശിക്കുണ്ടെങ്കിലും നമ്മുടെ ശ്രദ്ധയെ ഏറ്റവും ആകര്‍ഷിക്കുന്ന ഒരു വ്യക്തിയാണ് ‘ദൈവഭക്തനായ പടയാളി'(വാക്യം 7).

കൊര്‍ന്നേല്യൊസിനെയും അദ്ദേഹത്തിന്‍റെ ബന്ധുമിത്രാദികളെയും പറ്റിയുള്ള ദൈവീക രക്ഷാപദ്ധതിയെക്കുറിച്ചാണ് ഈ അദ്ധ്യായം പ്രധാനമായും വിവരിക്കുന്നത്. ആദ്യം കൊര്‍ന്നേല്യൊസിനും പിന്നെ പത്രൊസിനും ലഭിക്കുന്ന സമാന്തരങ്ങളായ ദൈവീകദര്‍ശനങ്ങള്‍ ദൈവത്തിന് മനുഷ്യരെക്കുറിച്ചുള്ള പ്രത്യേക ഉദ്ദേശ്യങ്ങളെ വെളിപ്പെടുത്തുന്നവയാണ്.

Download Our Android App | iOS App

പത്രൊസിനെ വിളിപ്പിക്കുവാന്‍ സ്വര്‍ഗ്ഗദൂതന്‍ അരുളിചെയ്തതിനുശേഷം കൊര്‍ന്നേല്യൊസ് അതിനുവേണ്ടി തന്‍റെ വേലക്കാരില്‍ രണ്ടു പേരെയും വിശേഷാല്‍ തന്‍റെ അകമ്പടി നില്‍ക്കുന്നവരില്‍ ‘ദൈവഭക്തനായോരു പടയാളിയേയും’ വിളിച്ച് നിയോഗിച്ച് അയയ്ക്കുന്നു. പേര് പ്രസ്താവിക്കുന്നില്ലെങ്കിലും വ്യക്തിയുടെ ഗുണവിശേഷമായ ദൈവഭക്തിയെ വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നത് ദൈവം ഒരു വ്യക്തിയെ എങ്ങനെ നോക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ്.

ദാവീദ് തന്റെ കാലഘട്ടത്തെ വീക്ഷിച്ചിട്ട് ” യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു” (സങ്കീർത്തനം 12:1) എന്നു കരയുന്നതിന്റെ ഉത്തരം തന്റെ മകനായ ശലോമോന് ദൈവം മനസിലാക്കി കൊടുത്തു; “യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” (സദൃശ്യവാക്യങ്ങൾ 1:7). ഈ ഭക്തിയെ ഉപേക്ഷിച്ചപ്പോൾ തന്റെ പതനം ആരംഭിച്ചു എന്നുള്ളതും ഒരു വസ്തുതയാണ്. സങ്കീർത്തനം 53 ൽ ദാവീദ് കാണുന്ന കാഴ്ച “ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് സ്വർഗത്തിൽ നിന്ന് ദൈവം നോക്കുന്നതാണ്. ഏതു കാലഘട്ടത്തിലും ദൈവം ഉപയോഗിക്കുവാൻ ആഗ്രഹത്തോടു കൂടി തന്റെ ‘ഭക്തന്മാരെയാണ് ‘ തിരയുന്നത്.

ഇവിടെയിതാ ദൈവം ഒരുവനെ നിയോഗിക്കുന്നു. അവന്റെ ജോലി കാവലാണ്, അകമ്പടി നില്‍ക്കലാണ്, യുദ്ധത്തിൽ പങ്കുചേരലാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ; സാമ്പത്തിക, സാമൂഹിക, കുടുംബ ഭദ്രതയുള്ളവൻ. അത്യാവശ്യം ശമ്പളത്തിൽ ജോലി ചെയ്തു ‘വല്യ തരക്കേടില്ലാതെ ഒരു പരുവത്തിൽ ‘ അങ്ങു മുമ്പോട്ട് പോകാനാഗ്രഹിക്കുകയും ചെയ്യുന്ന നമ്മിൽ പലർക്കും ഇവൻ ഒരു പ്രചോദനമാണ്. ദൈവഭക്തനായ മേലുദ്യോഗസ്ഥന്റെ വാക്കുകളെ ഉൾക്കൊണ്ട് തന്റെ ഓഫീസിലെ ജോലിക്കിടയിൽ നിന്നും ദൈവരാജ്യത്തിന്റെ ഒരു ചെറിയ ദൗത്യത്തെ അവൻ ഏറ്റെടുക്കുന്നു. “യഹൂദന്മാർ തള്ളിക്കളഞ്ഞ ക്രിസ്തുവിനേയും നിത്യജീവനേയും ജാതികൾക്കും കൊടുക്കുമെന്നും തന്മൂലം അപ്പൊസ്തല പ്രവർത്തി 1:8 ലെ കർത്താവിന്റെ വാക്കുകൾ തന്നിലൂടെ അക്ഷരീകമായി നിറവേറപ്പെടുകയാണെന്നുമുള്ള വസ്തുതയെ ഈ യാത്രയിൽ അവൻ അറിഞ്ഞിട്ടുണ്ടാവില്ല”.

ഇവൻ തിരെഞ്ഞെടുക്കപ്പെടുവാൻ ദൈവവും ഭക്തനായ തന്റെ മുതിർന്ന ഉദ്യോഗസ്ഥനായ കൊർന്നേല്യൊസും ദർശിക്കുന്ന ഒരു വലിയ ഗുണം ഇവൻ ദൈവഭക്തൻ എന്നുള്ളതാണ്. ജോലിത്തിരക്കുകൾക്കിടയിലും കിട്ടുന്ന ഒരു അവധി ദിവസമായ ഞായർ, ഗൾഫ് രാജ്യങ്ങളിലെ വെള്ളി സമയങ്ങളിൽ വളരെ ദാഹത്തോടെ ദൈവത്തെ ആരാധിക്കുവാൻ പോകുന്നത് ദൈവത്തോടുള്ള ‘അതിയായ സ്നേഹം’ ഒന്നു കൊണ്ടു മാത്രമാണ്. “ഈ അകമഴിഞ്ഞ തീവ്രമായ സ്നേഹമാണ് ഭക്തി”.

ദൈവഭക്തിയുടെ പ്രതിഫലം

ദൈവം പത്രൊസിനോട് പറയുന്നത് ‘ ഞാന്‍ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക'(വാക്യം 20) എന്നായിരുന്നു.
വാസ്തവത്തില്‍ ഈ പടയാളി കൊര്‍ന്നേല്യൊസിനെ അനുസരിക്കുവാന്‍ തയ്യാറായതിനാൽ ദൈവത്താൽ അയയ്ക്കപ്പെടുന്നതിന് മുഖാന്തിരമായിത്തീരുന്നു (വാക്യം 7). വളരെ നാളുകളായി വിശ്വസ്തതയോടെ തന്റെ കര്‍ത്തവ്യങ്ങളില്‍ നിരതനായിരുന്ന ഈ പടയാളിയെതേടി ദൈവീക നിയോഗം വരുവാന്‍ കാരണമായത് അദ്ദേഹത്തിന്റെ ദൈവഭക്തിയായിരുന്നു എന്നതിന് ദ്വന്ദപക്ഷമില്ല. ശതാധിപനായ കൊര്‍ന്നേല്യൊസിന്റെയും അദ്ദേഹത്തിന്റെ കീഴിലുള്ള വെറും പടയാളിയുടേയും ‘ഭക്തിയെ ഒരുപോലെ വിലമതിക്കുകയും പ്രതിഫലം നല്കുകയും ചെയ്യുന്നു’ എന്നുള്ളത് നമ്മുടെ ദൈവത്തിന്‍റെ മാത്രം ഒരു പ്രത്യേകതയാണ്. പ്രിയരെ, യഥാര്‍ത്ഥ ദൈവഭക്തിക്ക് പ്രതിഫലം ഇല്ലാതെ വരികയില്ല.

പത്രോസിന്റെ ശുശ്രൂഷയില്‍ ദൈവഭക്തനായ പടയാളിയുടെ സ്ഥാനം

1.രണ്ട് വേലക്കാരെ(വാക്യം 7) മാത്രം അയച്ചിരുന്നെങ്കില്‍ പത്രൊസിനു ദൈവം നല്കിയ അടയാളം- ”മൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു”(വാക്യം 19)- കൃത്യമാകുമായിരുന്നോ? അങ്ങനെയെങ്കില്‍ അവരോടു കൂടെ പത്രൊസ് വരുവാന്‍ തയ്യാറാകുമായിരുന്നോ? സാദ്ധ്യതകളില്ല. ആയതിനാല്‍ ഈ പടയാളിയുടെ വരവ് പ്രാധാന്യം അര്‍ഹിക്കുന്നു.

2.ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്ന് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരുന്ന പത്രൊസിന്റെ സംശയങ്ങള്‍ ഇവരുടെ വരവിനാല്‍ മാറുവാനിടയായി.

3.ഇതിലെല്ലാമുപരി പത്രൊസിന് തന്‍റെ ശുശ്രൂഷയുടെ അടുത്ത പടികളിലേക്ക് കയറ്റുവാനുള്ള പദ്ധതികള്‍ ആ ദൈവഭക്തനായ പടയാളിയുടെമേല്‍ കൊടുത്ത നിയോഗത്തിനു പിന്നില്‍ ദൈവത്തിന് ഉണ്ടായിരുന്നു. ”എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യരുശലേമിലും യഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും”( 1:8) എന്നുള്ള ദൈവീക വാഗ്ദത്തം പത്രൊസിന്‍റെ ജീവിതത്തില്‍ നിവര്‍ത്തീപഥത്തിലേക്കു വരുത്തുവാനുള്ള ഉത്തരവാദിത്വം ഒരുപക്ഷേ താന്‍പോലും അറിയാതെ ഈ പടയാളി ചെയ്തുതീര്‍ത്തു.
വാഗ്ദത്തം പ്രാപിച്ച് നാളേറെയായിട്ടും യഹൂദന്മാരുടെ ഇടയില്‍ മാത്രം ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന പത്രൊസിനോട് ദര്‍ശനത്തില്‍ക്കൂടെ ഇടപെട്ടിട്ടും മനസ് സന്ദേഹപൂർണ്ണമായിരുന്ന വേളയിലാണ് ഈ അസാധാരണ നിയോഗവുമായി ദൈവഭക്തനായ പടയാളിയുടെ ആഗമനം. പത്രൊസ് സുവിശേഷവുമായി ജാതികളിലേക്ക് ഇറങ്ങി ചെല്ലുകയും ദൈവരാജ്യം വ്യാപിക്കുകയും ചെയ്യുന്നു. ദൈവീകദര്‍ശനപൂര്‍ത്തീകരണങ്ങള്‍ക്കു വേണ്ടി ഒരുവന്‍ നിയോഗങ്ങള്‍ക്ക് അനുസരിച്ച് ചുവടുകള്‍ വച്ചപ്പോള്‍ മറ്റൊരുവനിലുള്ള ദൈവീക വാഗ്ദത്തങ്ങളുടെ നിവൃത്തീകരണം സാദ്ധ്യമായിത്തീരുന്നു.

ക്രിസ്തുവില്‍ പ്രിയരെ, ഭൗതീക ഉത്തരവാദിത്വങ്ങളില്‍ നാം ആയിരിക്കുമ്പോഴും ദൈവരാജ്യസംബന്ധമായ നിയോഗങ്ങളെ നാം തള്ളിക്കളയരുത്. ചെറിയതെന്നു തോന്നുന്ന കാര്യങ്ങൾ പോലും ഒരു ദൈവദാസന്റെയോ സഹവിശ്വാസിയുടെയോ നിര്‍ബന്ധത്തില്‍ നിന്നാണെങ്കിലും നാം ക്രിയാത്മകമായി പ്രതികരിച്ചാല്‍ വലിയ ദൈവീക പദ്ധതികൾ നിറവേറപ്പെടുന്നത് കാണുവാന്‍ സര്‍വ്വശക്തന്‍ സഹായിക്കും. അനേകരോടും വ്യക്തിപരമായി സംസാരിക്കുമ്പോൾ ദൈവത്തിന്നു വേണ്ടി ‘എന്തെങ്കിലുമൊക്കെ’ ചെയ്യുവാൻ അതിയായ ആഗ്രഹം ഉള്ളിൽ കത്തുന്നത് കാണുവാൻ കഴിയുന്നു. എന്നാൽ പിന്നോട്ടു വലിക്കുന്ന പരിമിതികളെ പരാജയപ്പെടുത്തി ദൈവനിയോഗങ്ങളിൽ മുമ്പോട്ട് നടത്തുവാൻ നമ്മിലുള്ള ദൈവഭക്തി മുഖാന്തിരമായിത്തീരും എന്നുള്ളത് ഈ നൂറ്റാണ്ടിൽ ദൈവത്തിനു വേണ്ടി ഉപയോഗിക്കപ്പെടുവാൻ ആഗ്രഹമുള്ളവരോടുള്ള ദൈവത്തിന്റെ സന്ദേശമാണ്. ഈ തലമുറയിലെ പത്രൊസുമാരെ വാഗ്ദത്തങ്ങളിലേക്ക് കൈപിടിച്ചു പുറത്തിറക്കി കൊണ്ടു വരുവാന്‍ നിയോഗം ലഭിച്ച വിശ്വാസ, പ്രാര്‍ത്ഥനാ പടയാളികള്‍ അതിനനുസരിച്ചു ചുവടുകള്‍ വയ്ക്കുവാന്‍ ദൈവം സഹായിക്കട്ടെ. ഈ തലമുറയില്‍ ദൈവരാജ്യത്തിനു വേണ്ടി ദൈവഭക്തരായ പടയാളികളായി നമ്മുക്ക് നിലകൊള്ളാം.
കർത്താവ് ഏവരെയും ഉപയോഗിക്കട്ടെ.

-ADVERTISEMENT-

You might also like