ലേഖനം:പഠിച്ചതെല്ലാം ഓർത്തിരിക്കാൻ | ഡഗ്ളസ് ജോസഫ്

സന്തോഷ് കഠിനാധ്വാനിയായ വിദ്യാർഥിയാണ് . പാഠ്യ ഭാഗങ്ങൾ അന്നന്ന് തന്നെ പഠിക്കും. വീട്ടിൽ അവന്റെ പഠന കാര്യങ്ങൾ നോക്കുന്നത് അമ്മയാണ്. ദിവസവും പഠിക്കാനുള്ള കാര്യങ്ങൾ പഠിച്ചു കഴിഞ്ഞു ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവൻ മണിമണിയായി ഉത്തരം പറയും. എന്നാൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരുമ്പോൾ ശരാശരി മാർക്ക് മാത്രം. പരീക്ഷ എഴുതാൻ ഇരിക്കുമ്പോൾ പഠിച്ചതെല്ലാം മറന്നു പോകുന്നു എന്നാണ് സന്തോഷിന്റെ പരാതി. അവന്റെ മോശം അക്കാദമിക് പ്രകടനത്തെക്കുറിച്ച് മാതാപിതാക്കൾ വളരെ ആശങ്കാകുലരാണ്. ഇത് സന്തോഷിന്റെ മാത്രം പ്രശ്നമല്ല. ആയിരക്കണക്കിന് കുട്ടികൾ മറവിയെ പറ്റി ആകുലപ്പെടാറുണ്ട്. പി. റ്റി.എ മീറ്റിങ്ങുകളിൽ മറവിയെ പഴിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും മാതാപിതാക്കളെയും കണ്ടിട്ടുണ്ട്.

ഞാൻ പാഠഭാഗങ്ങൾ നന്നായി വായിക്കുന്നു. കണക്കിന്റെ ഫോർമുലകൾ, ഹിസ്റ്ററിയിലെ ഡേറ്റുകൾ, പേരുകൾ, സയൻസിലെ ചില സമവാക്യങ്ങൾ, ഇംഗ്ലീഷ് ഗ്രാമർ നിയമങ്ങൾ ഇവയെല്ലാം പരീക്ഷ സമയത്തു മറന്നു പോകുന്നു . മറവി മൂലം പ്രയാസപ്പെടുന്ന വിദ്യാർത്ഥികളുടെ പതിവ് വാക്കുകളാണിത് . എങ്ങനെ എന്റെ മെമ്മറി മെച്ചപ്പെടുത്താൻ കഴിയും? ഇങ്ങനെയുള്ളവർക്ക് ആശ്വാസകരമായ വാർത്തയാണ്, നമ്മുടെ ഓർമ ശക്തി ഒരു പരിധി വരെ മെച്ചപ്പെടുത്താൻ കഴിയുമെന്നത് . മറവിയുടെ പ്രശ്നം മറികടക്കാനുള്ള ചില പ്രായോഗിക പരിഹാരങ്ങൾ നമുക്ക് നോക്കാം.

അക്രോനിംസ് ( ചുരുക്കെഴുത്ത് ) വിവരങ്ങൾ ക്രമമായി ഓർമ്മിപ്പിക്കാൻ ഉപയോഗിക്കാനുള്ള ഒരു തന്ത്രമാണ് അക്രോനിംസ് അഥവാ ചുരുക്കെഴുത്ത് . ഓരോ വാക്യത്തിന്റെയും ആദ്യത്തെ അക്ഷരം ഉപയോഗിച്ച് തയാറാക്കുന്നതാണ് ചുരുക്കെഴുത്ത് . ഒരു ചുരുക്കെഴുത്ത് രൂപപ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം.നിങ്ങൾ ഓർത്തുവയ്ക്കേണ്ട വാചകങ്ങൾ എഴുതുക. അതിലെ ഓരോ വാക്യത്തിന്റെയും ആദ്യത്തെ അക്ഷരത്തിനു അടിവരയിടുക. അടിവരയിട്ട അക്ഷരങ്ങൾ ചേർത്ത് ഒരു കുറി വാക്യം ഉണ്ടാക്കുക .
അടുത്തിടെ ഞാൻ എന്റെ വിദ്യാർത്ഥികളിൽ നിന്ന് ഇത്തരം ഒരു ചുരുക്കെഴുത്ത് പഠിച്ചു. ‘My very energetic mother just served us noodles’ ഈ കുറി വാചകത്തിലെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ചുരുക്കെഴുത്തുണ്ടാക്കിയാൽ ഗ്രഹങ്ങളുടെ ( Planets) പേരുകൾ ക്രമമായി ഓർത്തു പറയാൻ സാധിക്കും. മഴവില്ലിലെ ( Rainbow ) നിറങ്ങൾ ഓർക്കാൻ വേണ്ടി VIBGYOR എന്ന കുറി വാക്യം മറ്റൊരുദാഹരണമാണ്.

പാഠഭാഗങ്ങളുടെ ദൃശ്യവൽക്കരണം:
എത്ര കഠിനമായ ആശയം ആണെങ്കിലും, അത് ദൃശ്യവൽക്കരിക്കുകയാണെങ്കിൽ ദിർഘകാലം ഓർത്തിരിക്കും. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചിത്രം വരയ്ക്കുകയോ അല്ലെങ്കിൽ ഭാവനയിൽ കാണുകയോ ചെയ്യുക, പുസ്തകത്തിലെ കാര്യങ്ങളെ നിത്യ ജീവിതത്തിലെ സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുക. എത്ര പ്രയാസമുള്ള പാഠ്യ ഭാഗവും ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി ലളിതമായി പഠിപ്പിക്കുന്ന അധ്യാപകരെ കുട്ടികൾക്ക് ഇഷ്ടമാണ്. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ ഓർമ ശക്തി മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ട്. ദൈനംദിന ജീവിത സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വീഡിയോ, ചിത്രങ്ങൾ, റഫറൻസ് തുടങ്ങിയവ ഉപയോഗപ്പെടുത്തി ക്ലാസുകൾ എടുക്കണം .

ദിവസേന പഠിക്കുക:
അന്നന്നുള്ള പാഠഭാഗങ്ങൾ അന്നന്ന് തന്നെ പഠിക്കണം. ചില ശാസ്ത്രിയ പഠനങ്ങൾ കാണിക്കുന്നത്, ക്ലാസ്സിൽ പഠിച്ച ഏതൊരു കാര്യവും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഒരു തവണയെങ്കിലും റിവൈസ് ചെയ്തില്ലെങ്കിൽ എൺപതു ശതമാനം കാര്യങ്ങളും മറന്നു പോകുന്നുവെന്നാണ്.

ഓർമ ശക്തിക്ക് സഹായിക്കുന്ന ഭക്ഷണങ്ങൾ :
കുട്ടികളുടെ ഓർമ ശക്തി ,ബുദ്ധി വളർച്ച ,ശരീര വളർച്ച എന്നിവയെ സഹായിക്കുന്ന ഭക്ഷണങ്ങൾ അവർക്ക് കൊടുക്കണം. പണ്ടൊക്കെ പരീക്ഷ കാലങ്ങളിൽ കുട്ടികൾക്കു പരിപ്പ്, പയർ ഇവ ചേർത്തുണ്ടാക്കിയ ചോറ് കൊടുക്കുമായിരുന്നു. അതൊക്കെ നമുക്കു നഷ്ടപ്പെട്ട നാട്ടറിവുകളുടെ ഭാഗമായിരുന്നു . ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഒലിവ് ഓയിലിൽ ആന്റിയോക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ്സ് കുറക്കുകയും ഓര്മശക്തി നല്കുകയും ചെയ്യും. അണ്ടിപ്പരിപ്പുകളായ വാല്നട്സ്,നിലക്കടല,കശുഅണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.മുട്ടയുടെ മഞ്ഞക്കുരുവില് അടങ്ങിയിട്ടുള്ള കോളിന് മെമ്മറി കൂട്ടാന് സഹായിക്കും.ബീന്സും പയർ വര്ഗങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മസ്തിഷ്ക്കത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാകും. ബ്രഹ്മി അടങ്ങിയിട്ടുള്ള ചില ലേഖ്യങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്.

ക്ലാസ്സിൽ ശ്രദ്ധിക്കുക:
ഓർമ്മ ശക്തി കൂട്ടാൻ പഠിതാക്കൾ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഏകാഗ്രതയോടെ ഇരിക്കണം. സംശയമുള്ള കാര്യങ്ങൾ അപ്പോൾ തന്നെ ചോദിച്ചു മനസിലാക്കണം. പാഠ്യഭാഗത്തെപ്പറ്റിയുള്ള ചർച്ചകൾ, ആക്ടിവിറ്റികൾ ഇവയിൽ പങ്കെടുക്കണം. ഇതെല്ലാം നന്നായി പാഠം മനസ്സിലാക്കാൻ സഹായിക്കുന്നു ഒപ്പം ഓർമയിൽ സൂക്ഷിക്കാനും കഴിയും.

ഫലപ്രദമായി വായിക്കാം:
വായിക്കുമ്പോൾ ധാരാളം വിദ്യാർഥികൾ ഏകാഗ്രത കിട്ടുന്നില്ലയെന്നു പരാതിപ്പെടാറുണ്ട്. വായിച്ച വിവരങ്ങൾ സജീവമായി ഓർമയിൽ നിലനിർത്തുന്നതിന് SQ3R രീതി ഫലപ്രദമാണ് – സർവേ, വായിച്ച ഭാഗത്തെപ്പറ്റി ചില ചോദ്യങ്ങൾ മനസിൽ കൊണ്ടുവരുക, വീണ്ടും വായിക്കുക, ഇത്തവണ ആദ്യ വായനയിൽ മനസിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക .
ഉച്ചത്തിൽ വായിക്കുക: ഈ അടുത്ത കാലത്തു ചില റീസേർച്ചുകൾ ഉറക്കെ വായിക്കുന്ന കുട്ടികൾക്ക് നല്ല ഓർമ ശക്തിയുള്ളതായി കണ്ടെത്തുകയുണ്ടായി.
കുറിപ്പുകൾ എടുക്കുക: ക്ലാസ്സിൽ അധ്യാപകൻ പഠിപ്പിക്കുന്ന വേളയിൽ ചെറിയ കുറിപ്പുകൾ എഴുതുന്ന ശീലം വളർത്തുക. പ്രധാന പോയിന്റുകൾ എഴുതുക. ഇത് ഓർമ ശക്തി കൂട്ടാൻ സഹായിക്കും.

ഫ്ലാഷ് കാർഡുകൾ:
എല്ലാ പാഠഭാഗങ്ങളുടെയും പ്രധാന തലക്കെട്ടുകൾ ( title ), ഉപ തലക്കെട്ടുകൾ ( sub titles ) പ്രധാന വസ്തുതകൾ ( main points ) ഇവ ഒരു ഫ്ലാഷ് കാർഡിൽ അല്ലെങ്കിൽ നോട്ട് പാടിൽ എഴുതി പരീക്ഷക്ക് മുൻപ് റിവൈസ് ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.