കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍ വിജയകരം; 190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് ബോയിങ് വിമാനം സുരക്ഷിതമായി നിലം തൊട്ടു

കണ്ണൂര്‍: എയര്‍ക്രാഫ്റ്റ് പരീക്ഷണത്തിനായി വലിയ യാത്രാവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. 190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് ബോയിങ് വിമാനമാണ് അല്‍പ്പം മുമ്ബ് കണ്ണൂരിലിറങ്ങിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമപരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിബന്ധന പ്രകാരമുള്ള ഡി.വി.ആര്‍.ഒ പരീക്ഷണത്തിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനമിറങ്ങിയത്.

എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്ന് റൂട്ടുകളുടെ നിര്‍ണയം, എയര്‍പോര്‍ട്ടുകള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷന്‍ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയായിരുന്നു പരീക്ഷണ പറക്കലിന്റെ ലക്ഷ്യം. ഇതോടെ പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി കണ്ണൂര്‍ വിമാനത്താവളം സുസജ്ജമായി. ഇനി വ്യോമയാന മന്ത്രാലയത്തില്‍നിന്ന് അന്തിമ അനുമതി ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ തുളസീദാസ് പറഞ്ഞു.

വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായി എത്തിയ ഡി.ജി.സി.എയുടെ രണ്ടംഗസംഘം ബുധനാഴ്ച വൈകീട്ട് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചുപോയിരുന്നു. റണ്‍വേ, ടാക്‌സി ട്രാക്ക്, പ്രിസീഷന്‍ അപ്രോച്ച്‌ പാത്ത് ഇന്‍ഡിക്കേറ്റര്‍, ഗ്രൗണ്ട് ലൈറ്റിങ്, പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജസ് തുടങ്ങിയവ സംഘം പരിശോധിച്ചു. ഇന്ന് നടക്കുന്ന എയര്‍ട്രാഫിക് പരിശോധനയുടെ റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ ഡി.ജി.സി.എക്ക് നല്‍കുന്നമുറക്ക് ലൈസന്‍സ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കൂടുതല്‍ ഓഹരി മൂലധനം ശേഖരിക്കുന്നതുള്‍പ്പെടെ പരിഗണിക്കുന്നതിന് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഈ മാസം 29ന് തിരുവനന്തപുരത്ത് നടക്കും. 283.40 കോടി രൂപ കൂടി സമാഹരിക്കുകയാണ് ലക്ഷ്യം. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന തീയതി അതിനു മുൻമ്പ് നിശ്ചയിക്കുമെന്നാണ് സൂചന.

283.40 കോടി രൂപ കൂടി ഓഹരിയായി സ്വരൂപിക്കുക എന്നതാണ് യോഗത്തിന്റെ മുഖ്യപരിഗണന വിഷയം. വിമാനത്താവള കമ്ബനിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 38.94 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 42.44 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 17.28 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം ഇത്തവണ 24.12 ശതമാനമായി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഭാരത് പെട്രോളിയത്തിനാണ് കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളത്. സ്വകാര്യ വ്യക്തികള്‍ക്ക് 11.86ഉം പ്രവാസികള്‍ക്ക് 9.54ഉം ശതമാനമാണ് പങ്കാളിത്തം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.